കണ്ണൂര്‍: പ്രകൃതിസൗന്ദര്യം നിറഞ്ഞൊഴുകുന്ന പ്രദേശമാണ് വാഴമല. സമുദ്രനിരപ്പില്‍ നിന്ന് 2600 അടി ഉയരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന വാഴമല ഒട്ടേറെ വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമാണ്. അപൂര്‍വ ഇനം സസ്യങ്ങളെയും ചിത്രശലഭങ്ങളെയും കാണാന്‍ പ്രകൃതി സ്‌നേഹികള്‍ കണ്ണവം വനത്തോട് ചേര്‍ന്നുകിടക്കുന്ന മലമുകളിലെത്താറുണ്ട്.
ആകാശദൃശ്യവും വിമാനപ്പാറയും ആയിരം തണ്ണിയുമെല്ലാം വാഴമലയുടെ സവിശേഷതകളാണ്. പാനൂര്‍ ടൗണില്‍ നിന്ന് വാഴമല വരെ നല്ല റോഡുമുണ്ട്.
വാഴമല ഇക്കോ ടൂറിസം സ്വപ്ന പദ്ധതിയായി നില്‍ക്കുന്നുണ്ടെങ്കിലും യാഥാര്‍ഥ്യമാകാന്‍ ഇനിയും കടമ്പകള്‍ ഏറെയാണ്. മഞ്ഞുവീഴ്ചയും വെള്ളച്ചാട്ടവും ഉള്‍പ്പെടെ വയനാടിനോട് സാദൃശ്യമുള്ള പ്രദേശം ടൂറിസ്റ്റ് ഹബ്ബാകുന്ന കാലം വിദൂരമല്ല.
അതിന് ദീര്‍ഘവീക്ഷണമുള്ള പദ്ധതിയും ആസൂത്രണവുമാണ് വേണ്ടത്. വിമാനപ്പാറ കൗതുകക്കാഴ്ച കാണാനെത്തുന്നവര്‍ വരുത്തിവയ്ക്കുന്ന വിന ചെറുതൊന്നുമല്ലെന്ന് ദേശവാസികളായ കര്‍ഷകര്‍ പറയുന്നു.
അതിനാല്‍ ഇവിടം സംരക്ഷിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. വിമാനപ്പാറയ്ക്കു ചുറ്റും മദ്യക്കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും നിറഞ്ഞിരിക്കുകയാണ്. പകല്‍ സമയത്ത് പൊലീസ് മിന്നല്‍ പരിശോധന വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.