തിരുവനന്തപുരം: ചരിത്രം തിരുത്തി ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തില്‍ തുടര്‍ഭണം നേടിയെങ്കിലും ചില അപ്രതീക്ഷിത തിരിച്ചടികള്‍ ഉണ്ടായെന്ന വിലയിരുത്തലില്‍ സി.പി.എം. വിജയം ഉറപ്പിക്കാതിരുന്ന സീറ്റുകള്‍ കൂടെ പോന്നപ്പോള്‍ വിജയം പ്രതീക്ഷിച്ചിരുന്ന അഞ്ച് സീറ്റുകളില്‍ പരാജയം നേരിടേണ്ടി വന്നു.
ഇതു കൂടി സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ നൂറിലേറെ സീറ്റുകളുമായി തുടര്‍ഭരണത്തിലിരിക്കാമായിരുന്നെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ ഭരണം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും 80 ല്‍ കുറയാത്ത സീറ്റെന്നായിരുന്നു എ വിജയരാഘവന്‍ അടക്കമുള്ള നേതാക്കള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഫലം വന്നപ്പോഴാവട്ടെ 99 സീറ്റുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. ചരിത്ര വിജയം ഉണ്ടായെങ്കിലും ജയിച്ച മണ്ഡലങ്ങളിലേത് ഉള്‍പ്പടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്തുണ്ടായ വീഴ്ചകള്‍ പരിശോധിക്കുകയാണ് സി.പി.എം.
വിജയിക്കാന്‍ കഴിഞ്ഞെങ്കിലും ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായ മണ്ഡലമാണ് അമ്പലപ്പുഴ. ഇവിടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വലിയ വീഴ്ചയുണ്ടായെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജി സുധാകരനെതിരെ നേരത്തെ തന്നെ ഇവിടെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും റിപ്പോര്‍ട്ടില്‍ സുധാകരന് പേരെടുത്ത് പരാമര്‍ശിച്ചില്ല. ജയിക്കാന്‍ കഴിയുമായിരുന്ന അഞ്ച് മണ്ഡലങ്ങളില്‍ എന്തുകൊണ്ട് പരാജയപ്പെട്ടെന്ന വിലയിരുത്തലും സെക്രട്ടറിയേറ്റിലുണ്ടാണ്.
ഇതില്‍ ഏറ്റവും സാധ്യതയുണ്ടായിരുന്ന ഒരു മണ്ഡലം എം സ്വരാജ് മത്സരിച്ച തൃപ്പൂണിത്തുറയാണ്. കോണ്‍ഗ്രസിലെ കെ ബാബുവിനോട് ആയിരത്തോളം വോട്ടുകള്‍ക്കാണ് എം സ്വരാജ് ഇവിടെ തോറ്റത്. ബി.ജെ.പി വോട്ടുകള്‍ വന്‍തോതില്‍ യു.ഡി.എഫിലേക്ക് മറിഞ്ഞതാണ് തോല്‍വിയിലേക്ക് നയിച്ച പ്രധാന കാരണം.
മുന്‍ മന്ത്രിയും പാര്‍ട്ടി സംസ്ഥാന സമിതി അംഗവുമായ കെ മെഴ്‌സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറയും വിജയം ഉറപ്പിച്ച മണ്ഡലങ്ങളുടെ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഇവിടെ പല തരത്തിലുള്ള ഘടകങ്ങള്‍ തോല്‍വിയിലേക്ക് നയിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് ഗുരുതരമായ വീഴ്ച ഇവിടേയും സംഭവിച്ചെന്നാണ് വിലയിരുത്തല്‍.
കൊല്ലം ജില്ലയില്‍ തന്നെ വിജയം ഉറപ്പിച്ച മറ്റൊരു മണ്ഡലം കരുനാഗപ്പള്ളിയായിരുന്നു. ജില്ലയിലെ സി.പി.ഐയുടെ സിറ്റിങ് സീറ്റുമായിരുന്നു കരുനാഗപ്പള്ളി. എന്നാല്‍ പാര്‍ട്ടി വോട്ടില്‍ ഇവിടേയും വോട്ട് ചോര്‍ച്ചയുണ്ടായി. കുണ്ടറയിലും കരുനാഗപ്പള്ളിയിലും ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിലേക്ക് മറിഞ്ഞതായും വിലയിരുത്തലുണ്ട്.
ജോസ് കെ മാണി മത്സരിച്ച പാലായിലും വിജയം ഉറപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ശേഖരിച്ച കണക്കുകള്‍ പ്രകാരം ഏറ്റവും കുറഞ്ഞത് അയ്യായിരം വോട്ടിനെങ്കിലും വിജയിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഫലം പുറത്ത് വന്നപോള്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച മാണി സി കാപ്പന്‍ പതിനയയ്യാരത്തിലേറെ വോട്ടിന് വിജയിച്ചു.
കേരള കോണ്‍ഗ്രസ് എം-സി.പി.എം വോട്ടുകള്‍ ചേരുമ്പോള്‍ പാലായില്‍ വിജയിച്ച് വരാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലും മുന്നണിക്ക് മണ്ഡലത്തില്‍ ലീഡുണ്ടായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി.
പാലാ നഗരസഭയിലടക്കമുണ്ടായ തര്‍ക്കങ്ങളും തിരിച്ചടിയായി. പാലായിലെ പരാജയത്തിന് കാരണം സി.പി.എം വോട്ടുകളിലെ ചോര്‍ച്ചയാണെന്ന പരാതി കേരള കോണ്‍ഗ്രസും സി.പി.എമ്മിന് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവിടെ പ്രത്യേക പരിശോധനയുണ്ടാവും.
സിറ്റിങ് എം.എല്‍.എയായ സി.കെ ശശീന്ദ്രനെ മാറ്റിയാണ് കല്‍പ്പറ്റ സീറ്റ് എല്‍.ജെ.ഡി നേതാവ് ശ്രേയാംസ് കുമാറിന് നല്‍കുന്നത്. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ ശ്രേയാംസ് കുമാര്‍ ദയനീയമായി പരാജയപ്പെട്ടു. ഇവിടെ പാര്‍ട്ടി വോട്ടുകള്‍ മുന്നണി സ്ഥാനാര്‍ത്ഥിക്ക് വരാത്ത സ്ഥിതിയുണ്ടായി. 2016 ല്‍ ലഭിച്ച ന്യൂനപക്ഷ വോട്ടുകളിലും വീഴ്ചയുണ്ടായി.