അജു വാരിക്കാട്
ന്യൂയോര്‍ക്ക്: യുണൈറ്റഡ് എയര്‍ലൈന്‍സ് ഹോള്‍ഡിങ് ഇന്‍ കോര്‍പ്പറേഷന്‍ സൂപ്പര്‍സോണിക് യാത്രയ്ക്കുള്ള സാധ്യതാവിപണിയിലേക്ക് കൊതിച്ചു ചാടുകയാണ്. ബൂം ടെക്‌നോളജി ഇന്‍ കോര്‍പ്പറേഷന്‍ ഓവര്‍ച്ചര്‍ എയര്‍ക്രാഫ്റ്റിനായുള്ള ആദ്യത്തെ ഓര്‍ഡര്‍ യുണൈറ്റഡ് എയര്‍ലൈന്‍സിന് നല്കിക്കൊണ്ട് ധാരണാപത്രം ഒപ്പുവച്ചു. 2029 ഓടെ യാത്രക്കാര്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
കോണ്‍കോഡ് നിര്‍ത്തലാക്കി 18 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു സൂപ്പര്‍ സോണിക് വിമാനം പുറത്തിറക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. പകര്‍ച്ചവ്യാധികളുടെ ഇടയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായ വിമാനക്കമ്പനികള്‍ അടുത്തയിടെ പുനരുജ്ജീവിപ്പിച്ചതോടെയാണ് ഇത്തരമൊരു കരാര്‍ പ്രാബല്യത്തില്‍ വരുന്നത്.
യുണൈറ്റഡ് എയര്‍ലൈന്‍സ് സാമ്പത്തിക നിബന്ധനകള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഓവര്‍ച്ചര്‍ വിമാനത്തിന്‍റെ വില 200 മില്യന്‍ ഡോളര്‍ ആണെന്നും ഇത് 3 ബില്ല്യന്‍ ഡോളറിന്റെ ഇടപാടായി മാറുമെന്നും ബൂം അധികൃതര്‍ അറിയിച്ചു. 27 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അവസാനത്തെ വാണിജ്യ സൂപ്പര്‍സോണിക് ജെറ്റ് ആയ കോണ്‍കോഡ് 2003 ല്‍ പറക്കുന്നത് നിര്‍ത്തിയിരുന്നു. ഓവര്‍ച്ചര്‍ ജെറ്റിന് 1.7മാക് സ്പീഡ് കൈവരിക്കാന്‍ കഴിയും.
ഇന്നത്തെ ഏറ്റവും വേഗതയേറിയ വാണിജ്യ ജെറ്റ് ലൈനറുകളുടെ ഇരട്ടി വേഗത. ഇപ്പോള്‍ ആറര മണിക്കൂര്‍ വേണ്ടിവരുന്ന ലണ്ടന്‍ ന്യൂയോര്‍ക്ക് യാത്ര മൂന്നര മണിക്കൂര്‍ മാത്രമെ എടുക്കൂ എന്ന് കമ്പനി അവകാശപ്പെടുന്നു.65 മുതല്‍ 88 വരെ യാത്രക്കാര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. എല്ലാം ബിസിനസ് ക്ലാസ് സീറ്റുകള്‍ ആയിരിക്കുമെന്ന് അറിയിച്ചു.