ന്യൂജേഴ്സി: ആഗോളവല്‍ക്കരണത്തിന്റെ പരിണിതഫലമായി ഇന്ന് ലോകരാജ്യങ്ങള്‍ തമ്മിലുള്ള അതിരുകള്‍ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. സമ്പദ്വ്യവസ്ഥകളും സംസ്കാരങ്ങളും തമ്മിലുള്ള അതിര്‍വരമ്പുകളും അതിവേഗം അപ്രത്യക്ഷമാവുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫൊക്കാനാ യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക് ഷോപ്പില്‍ മുഖ്യാതിഥിയായി പങ്കെടുത്ത 23 വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇന്‍റര്‍നെറ്റ് യുഗത്തിലെ വിവര വിസ്‌ഫോടനകളും ശാസ്ത്ര-സാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളും ലോകരാജ്യങ്ങളിലും നമ്മുടെ ജീവിതങ്ങളിലും സമഗ്രമായ മാറ്റം വരുത്തിയെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ അവസ്ഥയില്‍, സമയവും സ്ഥലവും പോലുള്ള ആശയങ്ങളുടെ പ്രസക്തി ഇല്ലാതായി. ഏത് രാജ്യത്തുള്ളവര്‍ക്കും ഏത് സമയത്തും പരസ്പരം ബന്ധപ്പെടാനാകുന്നുണ്ട്. പരസ്പരം ബന്ധിതമായിരിക്കുന്നത് ഒരു കലയാണ്. അത് സായത്തമാക്കുന്നതിലും ഈ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തവരെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ആശയങ്ങള്‍ സമന്വയിപ്പിക്കുന്ന രീതിയും വര്‍ക്ക് ഷോപ്പിലൂടെ സായത്തമാക്കിയിട്ടുണ്ടെന്നും താന്‍ കരുതുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലീഡര്‍ഷിപ്പ് അഥവാ നേതൃപാടവം ഒരാളെ പഠിപ്പിച്ചെടുക്കാവുന്ന ഒന്നല്ല; ഉള്ളില്‍ നിന്നും വികസിപ്പിക്കേണ്ട ഒന്നാണത്. നിങ്ങളുടെ ആത്മവിശ്വാസം വളര്‍ത്തുക, തുറന്നു സംസാരിക്കുക, പ്രതിബന്ധങ്ങളെ മറികടന്ന് നിങ്ങളുടെ ആശയങ്ങള്‍ സ്വധൈര്യം പ്രകടിപ്പിക്കുക. മറ്റുള്ളവരുടെ വികാരങ്ങളോട് സംവേദനക്ഷമതയുള്ളതും വിവേകമുള്ളതുമായ വ്യക്തിത്വത്തിന് ഉടമയായെങ്കില്‍ മാത്രമേ ഒരാള്‍ക്ക് നല്ല നേതാവാകാന്‍ സാധിക്കൂ.
യഥാര്‍ത്ഥ നേതാവ് മറ്റുള്ളവരുടെ സന്തോഷങ്ങളും സങ്കടങ്ങളും സ്വന്തം അതിരുകളും മറ്റുള്ളവരുടെ കഴിവുകളും പോരായ്മകളും ഒരുപോലെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കും. ഞാന്‍ എന്ന ചിന്തയില്‍ നിന്ന് നമ്മള്‍ എന്ന ചിന്തയ്ക്ക് മാത്രമേ അവിടെ പ്രസക്തി കാണൂ.
കേരളത്തിന്റെ പ്രതിസന്ധിയില്‍ പ്രവാസികള്‍ക്കും ആശങ്കയുണ്ടെന്ന് താന്‍ മനസ്സിലാക്കുന്നതായും മന്ത്രി പറഞ്ഞു. പലപ്പോഴും ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ ജന്മനാടും മാതൃഭാഷയും അമേരിക്കയിലോ കാനഡയിലോ എവിടെ താമസമാക്കിയാലും, മലയാളികളുടെ ഹൃദയത്തില്‍ എന്നും ആഴത്തില്‍ വേരൂന്നിയവ തന്നെയാണെന്നതില്‍ സംശയമില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തെ ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയായി മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഈ ദൗത്യം ഏറ്റെടുക്കുന്നതിനും മലയാണ്മയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഭാഗഭാക്കാക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുകയാണ്.
കേരളത്തില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പറക്കുകയും അജ്ഞാതമായ ഭൂമികയില്‍ തങ്ങളുടെ സൃഷ്ടിപരമായ കഴിവ് പ്രയോജനപ്പെടുത്തുന്നതുമായ അനേകരുണ്ട്. എല്ലാ മേഖലകളിലും ഏറ്റവും മികച്ചുനില്‍ക്കുന്നവര്‍ മറ്റു രാജ്യങ്ങളില്‍ ചേക്കേറുന്നതും സ്ഥിരതാമസമാക്കുന്നതും അവരുടെ പ്രതിഭയ്ക്ക് അവിടെ അംഗീകാരം ലഭിക്കുന്നതും മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുങ്ങുന്നതും കൊണ്ടാണെന്നും താന്‍ മനസിലാക്കുന്നതായും മന്ത്രി പറഞ്ഞു.
വരും കാലങ്ങളില്‍,കേരളത്തിലെ ആളുകളുടെ മികവ് സ്വന്തം മണ്ണിന് പ്രയോജനപ്പെടുന്ന രീതിയില്‍ മാറുന്നത് കാണാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കോവിഡിന്റെ ഈ വിറങ്ങലിക്കുന്ന സാഹചര്യത്തിലും മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് കേരളത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. ലോകരാജ്യങ്ങളില്‍ കഴിയുന്ന മലയാളികള്‍ അതിനായി സംസ്ഥാന സര്‍ക്കാരിന്റെ പ്രയത്‌നങ്ങള്‍ക്ക് ഫൊക്കാനയുടെ പിന്തുണ മുന്‍പെന്നപോലെ തുടര്‍ന്നും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടറായ ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റര്‍നാഷണല്‍ ഗവര്‍ണറും ജില്ലാ ഡയറക്ടറുമായ ഡോ. വിജയന്‍ നായരുടെ സഹായത്തോടെയും മാര്‍ഗനിര്‍ദേശത്തോടെയും തയ്യാറാക്കിയ പ്രസംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചു. മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിജയികള്‍ക്ക് ഫൊക്കാന പ്രസിഡന്റ് ജോജി വര്‍ഗ്ഗീസ് സര്‍ട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്യുമെന്ന് ഫൊക്കാനാ യൂത്ത് ക്ലബ്ബ് ചെയര്‍ പേഴ്സണ്‍ രേഷ്മാ സുനില്‍ അറിയിച്ചു. ചടങ്ങില്‍ മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുകയും സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.