Sunday, May 19, 2024

HomeNewsKeralaഎസ്.ബി കോളേജിന്റെ 100-ാം പിറന്നളില്‍ ഒരു നൊസ്റ്റാല്‍ജിക് ഓര്‍മക്കുറിപ്പ്‌

എസ്.ബി കോളേജിന്റെ 100-ാം പിറന്നളില്‍ ഒരു നൊസ്റ്റാല്‍ജിക് ഓര്‍മക്കുറിപ്പ്‌

spot_img
spot_img

ചങ്ങനാശേരി: കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഇടം നേടിയ പ്രമുഖ കലാലയങ്ങളില്‍ ഒന്നാണ് ചങ്ങനാശേരി സെന്റ് ബെര്‍സക്ക്മാന്‍സ് കോളേജ്. എസ്.ബി കോളേജ് എന്ന് പരക്കെ അറിയപ്പെടുന്ന ഈ കോളേജ് ഇന്ന് (ജൂണ്‍ 21) നൂറാം ജന്മ വാര്‍ഷികത്തിലേക്ക് കടന്നിരിക്കുകയാണ്.

1922ലാണ് എസ്.ബി കോളേജ് സ്ഥാപിച്ചത്. പിറന്ന നാളു തൊട്ടേ പേരും പെരുമയും കൊണ്ട് കോളേജ് കേരളത്തിന്റെ വിദ്യാഭ്യാസ സൂചികയില്‍ മുന്നേറി. നിരവധി പ്രഗല്ഭരും പ്രശസ്തരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ജന്മം നല്‍കാനും എസ്.ബി കോളേജിന് കഴിഞ്ഞു.

പ്രാരംഭ ഘട്ടത്തില്‍ 50 വിദ്യാര്‍ത്ഥികളില്‍ തുടങ്ങിയ കോളേജില്‍ ഇന്ന് രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. സമസ്ത മേഖലകളിലും ശോഭിക്കാന്‍ കഴിയുന്ന നിരവധി വ്യക്തി പ്രഭാവങ്ങള്‍ എസ്.ബി കോളേജിന്റെ നേട്ടങ്ങളില്‍ പ്രധാനമാണ്. മതമൈത്രിയുടെ നാട് എന്ന് വിശേഷിപ്പിക്കുന്ന ചങ്ങനാശേരിയുടെ സംസ്‌ക്കാരത്തിന് മറ്റു കൂട്ടാന്‍ ഏറിയ പങ്ക് വഹിക്കാനും ഈ കലാലയത്തിന് കഴിഞ്ഞു.

നൂറിന്റെ നിറവില്‍ നില്‍ക്കുന്ന എസ്.ബി കോളേജിനെ സ്മരിക്കുകയാണ് പൂര്‍വ വിദ്യാര്‍ത്ഥിയും എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും സംവിധായകനും കൂടിയായ ടോണി ചിറ്റേട്ടുകളം.

ടോണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കുന്തിരിക്ക മരങ്ങള്‍ കാറ്റിനോടു പറഞ്ഞത്……
കേരളത്തിലെ കലാലയങ്ങള്‍ക്ക് മാതൃകയായ ഒരു കാമ്പസ്…
പ്രഗത്ഭരുടെ പാദസ്പര്‍ശമേറ്റ അക്ഷരകലാലയം……
വിജയത്തിന്റെ കൊടുമുടികളില്‍ നൂറാം വയസിലേയ്ക്ക് പ്രവേശിക്കുന്ന എസ്.ബി കോളജിന് ഒരു കാവ്യഗീതിക……
എസ്.ബി ഒരു അനുഭവമാണ്. നിലാവു പോലെ നനുത്തൊരു അനുഭവം. ഉച്ചവെയില്‍ പോലെ ചുട്ടുപൊള്ളുന്നൊരു അനുഭവം.

എസ്.ബി ഒരു സാന്നിധ്യമാണ്. അമ്മയുടേതുപോലെ ഊഷ്മളമായ സാന്നിധ്യം; പ്രണയിനിയുടേതു പോലെ മാടി വിളിക്കുന്ന സാന്നിധ്യം.

ആ കാമ്പസില്‍ നിന്നും ഇറങ്ങിപ്പോകുന്നവരെല്ലാം കാലില്‍ ദര്‍ഭമുനകൊണ്ട ശകുന്തളമാരാണ്. ഒരിക്കല്‍ക്കൂടി കണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു തിരിഞ്ഞുനോട്ടം… ആ നോട്ടം പിന്നീട് അവരെ ആ കാമ്പസില്‍ എത്തിക്കാറുമുണ്ട്, ഒരുപക്ഷേ രക്തബന്ധത്തിന്റെ തുടര്‍ച്ചയായെങ്കിലും. കൈവിരലിലിട്ട മുദ്രമോതിരം കളഞ്ഞപോയെങ്കിലും മറവിയുടെ ലാഞ്ഛന പോലുമില്ലാതെ അവള്‍; എസ്.ബി.

അവിടെ ഒരു തവണയെങ്കിലും പ്രവേശിച്ചിട്ടുള്ളവര്‍ ആ കാമ്പസ് മറക്കില്ല. കുന്തിരിക്കത്തിന്റെ നനുത്ത ഗന്ധം പകരുന്ന കുന്തിരിക്കമരച്ചുവടും ഒരിക്കലും പൂക്കില്ലെന്നു കരുതിയിട്ടും ഇടയ്ക്കിടെ അമ്പരപ്പിക്കുന്ന കുടംപുളിമരവും സ്‌നേഹഗോപുരവുമൊക്കെ…

ഓര്‍മകളില്‍ എസ്.ബി അതീവസുന്ദരി. കേള്‍ക്കുന്തോറും കൂടുതല്‍ കൂടുതല്‍ കേള്‍ക്കണമെന്നു തോന്നും; കാണുന്തോറും ഇനിയും കാണണമെന്നു തോന്നും. വാസ്തുശില്‍പ്പകലയില്‍ വിസ്മയം വാരിവിതച്ച്, വിക്ടോറിയന്‍ പ്രതാപത്തെ അനുസസ്മരിപ്പിക്കുന്ന കെട്ടിടങ്ങള്‍… മറ്റെങ്ങുമില്ലാത്തവിധം സുന്ദരമായ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍… കേരളത്തിലെ കോളജുകളിലേയ്ക്കും വലിയ ബഹുനില ലൈബ്രറി… പിന്നെ, കെമിസ്ട്രി ലാബില്‍ നിന്നും ഉയര്‍ന്നുവരുന്ന ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ ചീമുട്ട ഗന്ധം എങ്ങിനെയാണ് ഈ ഗന്ധര്‍വതീരം മറക്കാനാവുക..?

ആരാണ് അവിടേയ്ക്ക് ആദ്യം വലംകാല്‍ച്ചവുട്ടി കയറിയതെന്ന് അറിയില്ല. എങ്കിലും ഒന്നുറപ്പാണ്. പഴയ വെടിക്കുന്നില്‍ ഇപ്പോള്‍ നിറയുന്നത് ചെറുമൃഗങ്ങളുടെ മുരളലല്ല; (പണ്ട് എസ്.ബിയുടെ സ്ഥാനത്ത് കാടായിരുന്നു. കുറ്റിച്ചെടികള്‍ ഇടതൂര്‍ന്നു വളര്‍ന്ന അവിടം കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്നു) പകരം, സൗഹൃദത്തിന്റെ പദനിസ്വനങ്ങളാണ്… ചങ്ങനാശേരിക്കാരന്റെ ദേശപ്പെരുമയുടെ പുരാണങ്ങളാണ്. ദക്ഷിണേന്ത്യയുടെ ഈ ഓക്‌സ്‌ഫോര്‍ഡ് തേടിയെത്തുന്നതും നേപ്പാളില്‍ നിന്നും വരെയുള്ള വിദ്യാര്‍ഥികളാണല്ലോ.

എസ്.ബിയില്‍ കയറുന്നതുപോലെ തന്നെ ദുഷ്‌കരമാവുന്നു, അവിടെനിന്ന് ഇറങ്ങിപ്പോകുന്നതും. പ്രത്യേകിച്ചും, ഹോസ്റ്റലുകളുടെ ഗൃഹാതുരത്വം നിറച്ച്, കാമ്പസിലെ തുടിപ്പും കിതപ്പുമറിഞ്ഞ് ഒരുവന്‍ പടിയിറങ്ങുമ്പോള്‍ തപ്തസ്മരണകള്‍ ശേഷിക്കുന്നതുകൊണ്ടുതന്നെ.

ഹോസ്റ്റലിന്റെ മച്ചില്‍ പേരു കുറിച്ചുവച്ച് അവിസ്മരണീയനാവാന്‍ ശ്രമിച്ചത്… കോളജ് ഡേയ്ക്ക് സുഹൃത്തുക്കള്‍ക്കായെഴുതിയ യാത്രാമൊഴിക്കവിത ചൊല്ലി കണ്ണീര്‍ വാര്‍ത്തത്… കാമ്പസിലെ അന്തേവാസി ഫ്രെഞ്ചി മനോരോഗിയാണോ എന്നറിയാന്‍ നിരീക്ഷണങ്ങള്‍ നടത്തിയത്… ടൂറുപോയപ്പോള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ കോമാളി വേഷം കെട്ടിയത്… മനസിലെ കൊളാഷില്‍ ചിത്രങ്ങള്‍ക്ക് അന്തമില്ലല്ലോ. മൂന്നോ അഞ്ചോ കൊല്ലം ആ നിശ്വാസങ്ങള്‍ കൈമാറി വിടപറയുമ്പോള്‍ കണ്‍കോണുകളില്‍ക്കൂടി ഉപ്പുനീര്‍ കിനിഞ്ഞിറങ്ങും.

ഏക്കറുകള്‍ പരന്നുകിടക്കുന്ന കലാലയത്തിന്റെ തുടിപ്പുകള്‍ ഒരു ദീര്‍ഘനിശ്വാസമായി മനസില്‍ നിറയും. യാതൊരു കടലിനും അടക്കാനാവാത്ത തിരകള്‍ അപ്പോള്‍ ആ മനസില്‍ ആര്‍ത്തലയ്ക്കുകയാവും. വര്‍ഷങ്ങളോളം തന്നെ ഉള്‍ക്കൊണ്ട കലാലയത്തിന്റെ നിശ്വാസവുമായി ആ നിശ്വാസങ്ങള്‍ സംഗമിക്കുമ്പോഴാണ് ഗൃഹാതുരത്വത്തിന്റെ ഉള്‍വിളി ഒരുവന് ഏറ്റവും തീവ്രതരമായി അനുഭവപ്പെടുന്നത്.

1919ല്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് തുടങ്ങിയെങ്കിലും തിരുവനന്തപുരത്തിനു വടക്ക്, തൃശൂരിനു തെക്ക് ഒരു കത്തോലിക്കാ കോളജോ സി.എം.എസ് കോട്ടയം എന്ന രണ്ടാം ഗ്രേഡു കോളജോ ഒഴികെ മറ്റേതെങ്കിലും കോളജ് ഇല്ലാത്തതിനാല്‍ ചങ്ങനാശേരിയില്‍ത്തന്നെ ഒരു കോളജ് തുടങ്ങണമെന്ന അഭിപ്രായം ബിഷപ്പുമാരുടെ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞത് എത്ര നന്നായി.

തീരുമാനത്തിന്റെ പ്ലാറ്റിനം ജൂബിലിയും കഴിയുമ്പോള്‍ 1922 മുതലിങ്ങോട്ട് എത്രയെത്ര പ്രതിഭകളാണ് ആ കാമ്പസിന്റെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിയത്? എത്രയെത്ര അധ്യാപകരാണ് പണത്തിനും പ്രശസ്തിക്കുമുപരി അധ്യാപനം മഹാതപസ്യയാക്കി അവിടെനിന്നും വിടവാങ്ങിയത്..? അന്‍പതിനടുത്ത് വിദ്യാര്‍ഥികളില്‍ നിന്നും രണ്ടായിരത്തിനു മുകളിലേയ്ക്കുള്ള ഇന്നത്തെ ദൂരം എം.പി പോളും ഉലഹന്നാന്‍ മാപ്പിളയും സി.എ ഷെപ്പേര്‍ഡുമടക്കമുള്ള അധ്യാപനകുലപതികള്‍ ശേഷിപ്പിച്ചുപോയ സംസ്‌കാരം കൂടിയാണെന്ന് ആര്‍ക്കാണ് സമ്മതിക്കാനാവാത്തത്..?

എസ്.ബി ഒരു സംസ്‌കാരമാണ്. അധ്യാപനമഹിമയും സഹൃദയത്വവും സമ്മേളിക്കുന്ന ഒരു പാരമ്പര്യമാണ്. ആ പാരമ്പര്യത്തിന്റെ കണ്ണികളില്‍ എസ്.ബിയുടെ മാത്രം സ്വന്തമായുള്ള ഷേക്‌സ്പിയര്‍ തിയേറ്ററും ഉള്‍പ്പെടും. അധ്യാപകരും വിദ്യാര്‍ഥികളും ഒന്നിച്ച് മത്സരിച്ചഭിനയിച്ച ആ ക്ലാസിക് നാടകങ്ങള്‍ ആര്‍ക്കാണ് മറക്കാനാവുക..?

എം.പി പോള്‍ സാറിന് നന്ദി. എസ്.ബിക്കു മാത്രം അവകാശപ്പെടാനാവുന്ന ഈ പുതുമ തുടങ്ങിവച്ചത് അദ്ദേഹമായിരുന്നുവല്ലോ.

ഷേക്‌സ്പിയറിന്റെ പ്രധാനപ്പെട്ട എല്ലാ കൃതികളും എസ്.ബി ഷേക്‌സ്പിയര്‍ നാടകവേദിയില്‍ അരങ്ങേറിക്കഴിഞ്ഞു. 1937, 47, 69, 71, 87 വര്‍ഷങ്ങളില്‍ മാക്ബത്തും 51, 52, 83 വര്‍ഷങ്ങളില്‍ മര്‍ച്ചന്റ് ഓഫ് വെനീസുമടക്കം എത്രയെത്ര നാടകങ്ങള്‍… മര്‍ച്ചന്റ് ഓഫ് വെനീസില്‍ ആദ്യകാലത്ത് ഷൈലോക്കിനെ അവതരിപ്പിച്ച കഥാപാത്രം പിന്നീടു കുടിയേറിയത് ലോകമെങ്ങുമുള്ള മലയാളികളുടെ മനസിലേയ്ക്കാണ്.

ചിറയിന്‍കീഴുകാരന്‍ അബ്ദുള്‍ഖാദര്‍ എന്ന പ്രേംനസീര്‍ എസ്.ബിയുടെ സുവര്‍ണസ്മൃതികളുടെ നിറഞ്ഞ സാന്നിധ്യമാവുന്നു. ആ സ്മരണയുടെ ചുവടുപിടിച്ച് നടത്തുന്ന പ്രേംനസീര്‍ ട്രോഫി നാടകമത്സരവും ഷേക്‌സ്പിയര്‍ നാടകം പോലെതന്നെ എസ്.ബിയുടെ നിത്യശീലങ്ങളിലുണ്ട്.

പ്രേംനസീര്‍, എം.ജി സോമന്‍, കുഞ്ചാക്കോ എസ്.ബിയുടെ രോമാഞ്ചമെന്ന് എന്നും വാഴ്ത്തപ്പെടുന്നവര്‍. മതത്തിന്റെ പരിഗണനകള്‍ക്കപ്പുറമാണ് ഇവിടെ വാഴുന്ന സംസ്‌കാരം. അതുകൊണ്ടുതന്നെ പ്രതിഭകളെ കാണുവാനും എസ്.ബിക്ക് ഒരേ കണ്ണടമാത്രം. മതമൈത്രിയുടെ നാടായ ചങ്ങനാശേരിയില്‍ കലാലയത്തിലും അതേ സഹവര്‍ത്തിത്തം തന്നെയുണ്ട്. ചങ്ങനാശേരി മുന്‍ മെത്രാപ്പോലീത്താ മാര്‍ ജോസഫ് പവ്വത്തിലും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കരും ഒരേ ഇക്കണോമിക്‌സ് ക്ലാസില്‍ ഒരേ ബഞ്ചിലിരുന്ന് പഠിച്ചവരെന്നും അറിയുക.

തീര്‍ന്നില്ല. മാര്‍ മാത്യു കാവുകാട്ട്, മാര്‍ സെബാസ്റ്റ്യന്‍ വയലില്‍, മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജോര്‍ജ് ആലഞ്ചേരി, ഗീവര്‍ഗീസ് മാര്‍ ഒറ്റത്തെങ്ങില്‍, തോമസ് മാര്‍ കൂറിലോസ്… ഒരുപക്ഷേ ഏറ്റവും കൂടുതല്‍ മെത്രാന്മാരെ ദാനം ചെയ്ത മറ്റൊരു കലാലയമുണ്ടാവില്ല.

എസ്.ബിയുടെ ലൈബ്രറി എന്നും അനന്യമായ വിസ്മയം. കല്ലച്ചിലടിച്ച ബൈബിളടക്കം വിശ്രുതമായ ഗ്രന്ഥങ്ങള്‍ കണ്ടുതീര്‍ക്കണമെങ്കില്‍ അഞ്ചുനിലകള്‍ കയറണം. എത്രയോ മഹാരഥന്മാര്‍ ആ അക്ഷരഖനിയുടെ പിരിയന്‍ ഗോവണി നടന്നുകയറിയിരിക്കുന്നു.

പൊടിപിടിച്ച പുസ്തകങ്ങള്‍ പരതുമ്പോള്‍ ആ മഹാരഥന്മാര്‍ വീണ്ടും വിരുന്നിനെത്തുന്നുണ്ട്. എഴുത്തുകാരില്‍ മുട്ടത്തുവര്‍ക്കി, ഷെവലിയര്‍ ഐ.സി ചാക്കോ, പ്രഫസര്‍ ഉലഹന്നാന്‍ മാപ്പിള, പ്രഫസര്‍ ജി കുമാരപിള്ള, വിഷ്ണുനാരായണന്‍ നമ്പൂതിരി, ഡോ.ജോര്‍ജ് ഓണക്കൂര്‍, ഡോ.സ്‌കറിയ സക്കറിയ, ഡോ. സി.ജെ റോയി എസ്.ബി മഹാരഥന്മാരുടെ അക്ഷയഖനി.

ഇനി സിവില്‍ സര്‍വീസിലേയ്ക്കു കടന്നാലോ..? രാജു നാരായണസ്വാമി ഐ.എ.എസ്, സി.വി ആനന്ദബോസ് ഐ.എ.എസ്, സിബി മാത്യു ഐ.പി.എസ്… ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് കെ ജോസഫ്… ബാസ്‌കറ്റ്‌ബോള്‍ താരം അന്‍വിന്‍ ജെ ആന്റണി, സുഭാഷ് ഷേണായ്… ഏതു മണ്ഡലത്തിലും ഇവിടുത്തെ ഊര്‍ജം ഏറ്റുവാങ്ങിയ പ്രതിഭാനിരയുണ്ട്.

വേനല്‍… പരീക്ഷകള്‍ക്കൊപ്പം ചുണ്ടുകളില്‍ യാത്രാമൊഴിക്കവിതകളും ഉതിര്‍ന്നുവീഴുന്ന കാലം. പിന്നെ, പരിഭവം… ആസൂത്രണം… പടിയിറക്കത്തിനു മുന്‍പ് ഒരു കുമ്പസാരം. ഒടുവില്‍, ടി.സി വാങ്ങി മടങ്ങുന്ന ആ കാല്‍പ്പനിക യാഥാര്‍ഥ്യന്‍ ഓഫീസ് കവാടത്തില്‍ എഴുതിത്തൂക്കിയിരിക്കുന്ന പ്ലാസ്റ്റിക് ഫലകം കാണുന്നു.

ഇറ്റ് ഈസ് മൈ കോളജ്. ഐ ആം പ്രൗഡ് ഓഫ് ഇറ്റ്. ഇറ്റ് ഈസ് പ്രൗഡ് ഓഫ് മീ. പഠിച്ചിറങ്ങുന്ന ഓരോ കുമാരനും കുമാരിയും മനസില്‍ ആ ഫലകം ഏറ്റുവാങ്ങുമ്പോള്‍ സമരമുഖങ്ങളില്‍ നിന്നും ബഹുദൂരം മാറിനില്‍ക്കുന്ന കലാലയത്തിന് ചാരിതാര്‍ഥ്യം. പ്രതിഭകളുടെ ചരിത്രലിപികളില്‍ ഒരു പേരുകൂടി രേഖപ്പെടുത്തപ്പെടുന്നിടത്ത് എസ്.ബിയുടെ അരുമസന്താനങ്ങളെ ഗൃഹാതുരത്വം വീണ്ടും മാടിവിളിക്കുന്നു.

രാഷ്ട്രീയം ഒഴിഞ്ഞ കാമ്പസ്

രാഷ്ട്രീയത്തെക്കുറിച്ചു ചോദിക്കരുതേ എന്നു പറയും മട്ടില്‍ എസ്.ബി മാറിയിരിക്കുന്നു. അത്ര പെട്ടെന്ന് മറക്കാവതല്ലല്ലോ എസ്.ബിക്ക് ആ പഴയദുര്‍ദിനങ്ങള്‍. യുവജനോത്സവവേദിയില്‍ നിന്ന് രാഷ്ട്രീയവൈരത്തിന്റെ പേരില്‍ ആട്ടിപ്പായിച്ചതും… ഒന്നും…

എസ്.ബിയില്‍ ഇപ്പോള്‍ ഒരു രക്തസാക്ഷിമണ്ഡപം സ്ഥാപിച്ച് അതില്‍ ഇവിടെ രാഷ്ട്രീയം ജീവിച്ചിരുന്നു എന്ന് എഴുതിവയ്‌ക്കേണ്ടിവരും. തെരഞ്ഞെടുപ്പു കാലങ്ങളില്‍ ഹര്‍ഷോന്മാദത്തിലും രാഷ്ട്രീയച്ചൂടിലും എരിഞ്ഞുനിന്ന കാമ്പസ് ഇപ്പോള്‍ പലരുടെയും വിദൂരസ്മൃതികളില്‍.

നൂറ്റാണ്ട് സംക്രമിച്ച രണ്ടായിരാമാണ്ടില്‍ ചരിത്രത്തിലാദ്യമായി എസ്.ബിയില്‍ പാര്‍ലമെന്റ് മോഡല്‍ ഇലക്ഷന്‍ നടന്നതില്‍പ്പിന്നെ രാഷ്ട്രീയം ഇവിടെ വിദ്യാര്‍ഥിമനസുകളില്‍ മാത്രം. കലാലയരാഷ്ട്രീയം കലാപരാഷ്ട്രീയമാവുമ്പോള്‍ തങ്ങള്‍ക്കും ജീവിക്കാനാവുമെന്നു കാട്ടുവാന്‍ എസ്.ബിയില്‍ ഇന്നും ആര്‍ജവമുള്ള കുമാരന്മാരുണ്ട്.

കാര്യം ഇങ്ങിനെയൊക്കെയെങ്കിലും കേരളത്തിന്റെ രാഷ്ട്രീയം രൂപപ്പെട്ടത് ഈ കാമ്പസിലെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇന്നത്തെ കേരളരാഷ്ട്രീയത്തിന്റെ വീരനായകര്‍ പഠിച്ചിറങ്ങിയ കാമ്പസ്, രാഷ്ട്രീയം വേണ്ടെന്നുവച്ചത് അനുഭവങ്ങളുടെ തീവ്രതകൊണ്ടുതന്നെയായിരിക്കണം.

എന്തായാലും സി.എഫ് തോമസ് അടക്കം ഏറെ രാഷ്ട്രീയനായകര്‍ ഇവിടെനിന്നും പഠിച്ചിറങ്ങി; മുദ്രാവാക്യങ്ങള്‍ക്ക് മുഷ്ടിയെറിഞ്ഞു എന്നു പറയിക്കുന്ന നാളുകള്‍ ചരിത്രലിപികളില്‍ വീഴ്ത്തിക്കൊണ്ട്. അവരില്‍ ടി.വി തോമസ്, എ.എ റഹിം, കെ.എം ചാണ്ടി, പി.ജെ ജോസഫ്, ഉമ്മന്‍ ചാണ്ടി, പി.സി തോമസ്, ഇ.ചന്ദ്രശേഖരന്‍ നായര്‍, സി.വി പത്മരാജന്‍, കെ.നാരായണക്കുറുപ്പ്, കെ.സി ജോസഫ് തുടങ്ങി എത്രയോ പേര്‍…

എന്നാല്‍, ഇനി ചരിത്രം ആവര്‍ത്തിക്കുമോ..? ചിലര്‍ക്ക് സംശയം. രാഷ്ട്രീയം മാറിയ കാലാവസ്ഥയോട് അവര്‍ നന്നേ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

പ്രണയം വാഴുന്ന പഞ്ചാരമുക്ക്

എസ്.ബിയില്‍ പ്രണയമുണ്ടോ..? ഇല്ലെന്നേ ആരും പറയൂ. പ്രണയം എസ്.ബിയില്‍ സൗഹൃദമെന്നതാണ് സത്യം. ഏറ്റവും വലിയ കാല്‍പ്പനികന്‍ ഇവിടെ ഏറ്റവും വലിയ സുഹൃത്തായിരിക്കും. പ്രണയത്തിന്റെ ലാവണ്യം വഴിഞ്ഞൊഴുകുന്ന സൗഹൃദങ്ങള്‍ ഇവിടെ ഒരിക്കലും മരീചികയാവുന്നില്ലെന്നു തന്നെ പറയണം.

പിന്നെ, പറയാന്‍ ശേഷിക്കുന്ന പ്രണയസ്മൃതികള്‍ക്ക് എസ്.ബി കുമാരന്മാര്‍ നല്‍കിയ പേര് പഞ്ചാരമുക്ക്. സഹോദരസ്ഥാപനമായ അസംപ്ഷനിലേയ്ക്കു തിരിയുന്ന, എസ്.ബിയുടെ പിന്‍വാതിലിനു സമീപമുള്ള പോസ്റ്റ് ഓഫീസ് പരിസരത്തിന് പഞ്ചാരമുക്ക് എന്നു പേരിടുമ്പോള്‍ ഇരുകലാലയങ്ങളും അവിടെ സംഗമിക്കാറുമുണ്ട്.

പ്രതിരോധങ്ങള്‍ മറക്കുന്ന സ്‌നേഹത്തെക്കുറിച്ചു പാടിയ ഷേക്‌സ്പിയറിന്റെ നാടകങ്ങളുടെ കലാലയത്തില്‍ പല നായകന്മാരും നായികമാരും ഷേക്‌സ്പിയര്‍ പ്രണയം അതേപടി ജീവിതത്തിലേയ്ക്കു പകര്‍ത്തിയെന്നതും പലര്‍ക്കും അറിയാത്ത സത്യം.

എസ്.ബിയിലെ സൗഹൃദം പുഷ്‌കലമാവുന്നത് ഡിസംബറോടുകൂടിയാണ്. ആ സമയങ്ങളില്‍ കുന്തുരുക്കമരം പൂവിട്ടു തുടങ്ങും. നാഗലിംഗമരത്തില്‍ ചെമ്പൂവുകള്‍ തലയുയര്‍ത്തിനില്‍ക്കും. വസന്തം തളിരിടുന്നത് ശിശിരത്തിനു വേണ്ടിയെന്നറിയുന്ന സുഹൃത്തുക്കള്‍ അപ്പോള്‍ ഏറ്റവും കൂടുതല്‍ മരങ്ങളുള്ള കാമ്പസില്‍ അവയുടെ ചുവട്ടില്‍ അഭയം തേടും.

തേക്ക്, മഹാഗണി മരങ്ങളുടെ ചുവട്ടിലും ചേക്കേറുന്ന സൗഹൃദക്കൂടാരങ്ങള്‍ കോളജ് വിട്ടാലും നീണ്ടുനീണ്ടങ്ങു പോവും. കുന്തുരുക്കമരച്ചുവട്ടിലെ സ്‌റ്റോണ്‍ബഞ്ചില്‍ വെടിവട്ടങ്ങള്‍ പുഷ്‌കലമാവുന്നതും ഇക്കാലത്താണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments