ജീമോൻ റാന്നി
ഹൂസ്റ്റൺ: ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളായ “ഭരതനാട്യത്തോടും” “മോഹിനിയാട്ടത്തോടും” അടങ്ങാത്ത അഭിനിവേശം; 5 – മത്തെ വയസ് മുതൽ തുടങ്ങിയ നൃത്ത പഠനവും കഠിന പരിശീലനവും; ഇന്ത്യൻ ക്ലാസിക്കൽ നൃത്തവേദിയിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത പ്രശസ്തയായ ഗുരു കലാശ്രീ ഡോ.സുനന്ദ നായരിന്റെ കീഴിൽ 8 വർഷത്തെ പരിശീലനം; ഈ ഗുരുവിന്റെ ശിഷ്യയായ നിഖിത മേനോന്റെ അരങ്ങേറ്റം കാണികളായ നൂറു കണക്കിന് അതിഥികൾക്ക് ആനന്ദത്തിന്റെ വിസ്മയാനുഭവങ്ങൾ പകർന്നു നൽകി.
പെയർലാൻഡിൽ ശ്രീ മീനാക്ഷി ദേവസ്ഥാനം കല്യാണ മണ്ഡപത്തിൽ ജൂൺ 12 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച് ഏകദേശം 3 മണിക്കൂറോളം നീണ്ടു നിന്ന നടന വിസ്മയം. സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും സദസ്സിനെയും വണങ്ങി പുഷ്പങ്ങൾ അർപ്പിയ്ക്കുന്ന “അമൃത വർഷിണി പുഷ്പാഞ്ജലി” യോടുകൂടിയായിരുന്നു അരങ്ങേറ്റം തുടക്കം കുറിച്ചത്. ‘അമൃതവർഷിണി’ രാഗത്തിൽ ‘ആദി’ താളത്തിൽ ജി. ശ്രീകാന്ത് ചിട്ടപെടുത്തിയ ചെയ്ത നൃത്തം നല്ല തുടക്കമായിരുന്നു.
ദേവസ്ത്രോത്ര സമർപ്പണമായി ‘രാഗമാലിക’ രാഗത്തിൽ ‘ആദി’ താളത്തിൽ ‘കൗതവം’ ആയിരുന്നു അടുത്ത നൃത്ത ഇനം. ഭഗവാൻ ശിവന്റെ നൃത്തത്തിൽ ആകൃഷ്ടയായി ഭഗവാനോടുള്ള അടങ്ങാത്ത ഭക്തിയുടെ പ്രകടനം കാഴ്ച വയ്ക്കുന്ന ഒരു ദാസിയുടെ ശബ്ദമായിരുന്നു തുടർന്നവതരിപ്പിച്ച “തില്ലയമ്പലം” നൃത്തത്തിലുണ്ടായിരുന്നത്. ശ്രീരഞ്ജിനി, രാഗമാലിക, കല്യാണി,സിംഹേദ്ര മധ്യമം തുടങ്ങി വിവിധ രാഗങ്ങളിൽ “ശ്രീരഞ്ജിനീ വർണം – സ്വാമി നീ” , “പഞ്ച ശക്തി”, “ശ്രീ രാമ ചന്ദ്ര”, “തില്ലാന” തുടങ്ങിയ നൃത്തങ്ങൾ ഒന്നിന് പുറകെ ഒന്നായി ഭക്തിനിർഭരമായ മനസ്സോടെ നിഖിത അവതരിപ്പിച്ചപ്പോൾ തിങ്ങി നിറഞ്ഞു നിന്ന സദസ്സ് നിഖിതയുടെ മികച്ച പ്രകടനത്തിന് മുമ്പിൽ കൈയ്യടിച്ചു കൊണ്ടിരുന്നു.
ഏറ്റവും ഒടുവിൽ ഈശ്വരനും ഗുരുവിനും സദസ്സിനും നമസ്കാരം അർപ്പിച്ചുകൊണ്ട് നടത്തിയ “മംഗളം” നൃത്തത്തോടു കൂടി രംഗപ്രവേശത്തിനു തിരശീല വീണു.
യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ്. ബിസിനസ് അട്മിന്സിട്രേഷൻ മൈനറായും എടുത്തു പഠിക്കുന്നു. പ്രസ്തുത യൂണിവേസിറ്റിയിലെ സൊസൈറ്റി ഫോർ വിമൻ എഞ്ചിനീയേഴ്സിലെ ഓഫീസറായും പ്രവർത്തിക്കുന്ന നിഖിത യൂണിവേഴ്സിറ്റി ഓൺലൈൻ മാഗസിൻ ആയ “ദി കൂഗർ” ലെ സ്ഥിരം എഴുത്തുകാരിയാണ്.
സ്കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ നിരവധി പ്രസംഗങ്ങളും നടത്തിയിട്ടുള്ള നിഖിത ഡിബേറ്റുകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ‘സെവെൻ ലേക്‌സ് ഹൈ സ്കൂൾ സ്റ്റുഡൻറ് കൌൺസിൽ സെക്രട്ടറിയായിരുന്ന ഈ അനുഗ്രഹീത കലാകാരി സിറ്റി ഓഫ് ഹൂസ്റ്റൺ ടീൻ കോർട്ട് പ്രോഗ്രാമിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തിട്ടുണ്ട്.
അനുഗ്രഹീത കലാകാരിയായ കലാശ്രീ ഡോ. സുനന്ദയുടെ ശിഷ്യയാകാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നുവെന്നു നിഖിത മേനോനും നിഖിതയുടെ മാതാവ് സിന്ധു മേനോനും പറഞ്ഞു
സുനന്ദയുടെ നേതൃത്വത്തിലുള്ള സുനന്ദ പെർഫോമിംഗ് ആർട്സ് സെന്ററിന്റെ (സ്പാർക്ക്) കീഴിൽ വിവിധ ഗ്രൂപ്പ് ഡാൻസ് പെർഫോർമൻസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്നും നിഖിത പറഞ്ഞു.
അമ്പാട്ട് രാമൻ മേനോന്റെയും കുന്നത്ത് വിജയലക്ഷ്മി മേനോന്റെയും കൊച്ചുമകളും, സിന്ധു മേനോന്റെയും മകളാണ് നിഖിത.
അമേരിക്കയിലെ പ്രശസ്ത സംഗീതജ്ഞനും ലോസ് ആഞ്ചലസ് കീർത്തനാ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് ഡയറക്ടർ ബാബു പരമേശ്വരൻ, പ്രശസ്ത ഫ്ലൂട്ടിസ്റ്റ് എ.പി. കൃഷ്ണപ്രസാദ്, പ്രമുഖ ഭരതനാട്യം അധ്യാപകൻ ശ്രീ സരൻ മോഹൻ, മൃദംഗ വായനയിൽ പ്രശസ്തനായ സതീഷ് കൃഷ്ണമൂർത്തി, പ്രശസ്ത കർണാടക സംഗീതജ്ഞൻ വിജയകൃഷ്ണ ഇന്ദ്ര പരമേശ്വരൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ അടങ്ങിയ ഓർക്കസ്ട്ര ടീം നിഖിതയുടെ അരങ്ങേറ്റത്തെ മികവുറ്റതാക്കി.
അരങ്ങേറ്റ പരിപാടികളുടെ തുടക്കത്തിൽ ക്ഷേത്ര ബോർഡ് അംഗമായ വത്സകുമാർ ആശംസകൾ അറിയിച്ചു സംസാരിച്ചു. നിഖിതയുടെ സഹോദരൻ ഭരത്ത് മേനോൻ സ്വാഗതം ആശംസിച്ചു. അഞ്ജു രജിത്ത് എംസിയായി പരിപാടികൾ നിയന്ത്രിച്ചു.