സാൻ ഫ്രാൻസിസ്‌കോ: മലയാളീ അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയയുടെ (മങ്ക) ഇലക്ഷന്‍ പ്രചാരണം തകൃതിയായി നടക്കുമ്പോള്‍ പഴയ സഹപ്രവര്‍ത്തകരുമായുള്ള സൗഹൃദം പുതുക്കുകയും പുതുതായി എത്തുന്നവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന തിരക്കിലാണ് റെനി പൗലോസ്.
പ്രസിഡന്റ് സ്ഥാനാര്‍ഥിയാണെങ്കിലും അത് കൂടുതല്‍ പേരുമായുള്ള സൗഹൃദത്തിലേക്കുള്ള ഒരു ചവിട്ടു പടി മാത്രമാണ് റെനിക്ക്. വിജയപരാജയങ്ങള്‍ വോട്ടര്‍മാര്‍ക്ക് വിട്ടിരിക്കുന്നു. ഫലം എന്തായാലും അതംഗീകരിക്കാനും സംഘടനയിലെ പ്രവര്‍ത്തനം തുടരാനും പ്രതിജ്ഞാബദ്ധയാണ്. അതിനാല്‍ ആരോടും വാശിയോ വൈരാഗ്യമോ ഒന്നും മനസിലില്ല. പലരില്‍ നിന്നും റെനിയെ വ്യത്യസ്ഥയാക്കുന്നതും ഈ നിര്‍മ്മലത്വം തന്നെ.
അമേരിക്കൻ മലയാളികളുടെ നാഷണൽ സംഘടനയായ ഫോമായുടെ നാഷണല്‍ കമ്മറ്റിയില്‍ ആദ്യം വനിതാ പ്രതിനിധിയായി. പിന്നീട് എക്‌സിക്ക്യുട്ടിവ് കമ്മറ്റിമെമ്പറായി. ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിച്ചത് റെനിയാണ്.
സംഘടന സ്ഥിതിഗതികളെ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതാണ് ഉചിതമെന്ന് റെനി പൗലോസ് ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ സംസ്‌കാരം ഭാവി തലമുറയ്ക്കു നല്‍കുന്ന റോള്‍ മോഡല്‍ ആയിരിക്കണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍. മങ്ക വളരെയേറെ നല്ല കാര്യങ്ങള്‍ സമൂഹത്തിനു വേണ്ടി ചെയ്യുന്നുണ്ട്. തന്റെ ആത്മവിശ്വാസവും, പ്രവര്‍ത്തന ശൈലിയും, സൗഹൃദ ബന്ധങ്ങളുമാണ് മങ്കയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നില്‍ക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് റെനി പറഞ്ഞു.
മങ്കയുടെ ഇലക്ഷനില്‍ പാനല്‍ സിസ്സ്റ്റത്തോടു താല്‍പര്യമില്ല. പാനലായി നിന്നാലേ വിജയിക്കുവാൻ കഴിയുകയുള്ളു എന്ന ധാരണ തെറ്റാണ് എന്നാണ് റെനിയുടെ വ്യക്തിപരമായ അഭിപ്രായം. നേതൃസ്ഥാനത്തേക്കു വരുവാന്‍ പറ്റിയ അംഗങ്ങളെ തിരഞ്ഞെടുക്കുവാനുള്ള വിവേകം മങ്കയുടെ അംഗങ്ങള്‍ക്കുണ്ട്. മങ്കയുടെ വളര്‍ച്ചയ്ക്കു പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ളവരെ അംഗങ്ങള്‍ തിരഞ്ഞെടുക്കണം. അതിന് പാനലോ, പാര്‍ട്ടിയോ, മതമോ ഒന്നും തടസമാകരുത്.
താന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു വന്നാല്‍, എല്ലാവരോടും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് റെനി ഉറപ്പിച്ചു പറയുന്നു.
റെനി പൗലോസ് ബി.എസ്.സി പാസ്സായതിനു ശേഷം കാനഡയിലെത്തി. അവിടെ ആര്‍.എന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കാലിഫോര്‍ണിയായിലേക്കു താമസം മാറ്റി. ഇവിടെ കൈസറിലും അലമേദ ഹെല്‍ത്ത് സിസ്റ്റം മെഡിക്കല്‍ സെന്ററിലും ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷനിസ്റ്റ് ആയി ജോലി ചെയ്ത ശേഷം ഇപ്പോൾ ജോൺ മ്യൂർ ഹെൽത്ത് സെന്ററിൽ ഇൻഫെക്ഷൻ കൺട്രോൾ പ്രാക്ടീഷണർ ആയി സേവനം അനുഷ്ഠിക്കുന്നു.
റെനി വളരെ ചെറുപ്പത്തില്‍ തന്നെ പല സംസ്‌ക്കാരിക സംഘടനകളിലും നേതൃസ്ഥാനം വഹിച്ചു. ഒരു ചെറു പുഞ്ചിരി കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് റെനി. ഒരിക്കല്‍ പരിചയപ്പെടുന്നവര്‍ റെനിയെ ഒരിക്കലും മറക്കാറില്ല.
കാലിഫോര്‍ണിയായിലുള്ള മലയാളികള്‍ റെനിയെ ആള്‍ റൗണ്ടര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. കാലിഫോർണിയയിലെ ഏറ്റവും വലിയ സംഘടനയായ മങ്കയുടെ മുന്നിൽ നിന്ന് നയിക്കുവാൻ എന്നെ പ്രെസിഡന്റായി വിജയിപ്പിക്കണമേ എന്ന് മങ്കയിലെ എല്ലാ അംഗങ്ങളോടും റെനി പൗലോസ് വിനീതമായി അഭ്യർത്ഥിച്ചു.