സിഖുകാര്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രം സൃഷ്ടിക്കുക എന്ന ആശയത്തോടെയാണ് ഖലിസ്താന്‍ വാദം ആരംഭിച്ചത്. ഇന്ത്യയിലേയും പാകിസ്താനിലേയും പഞ്ചാബുകള്‍ ചേര്‍ത്ത് സ്വതന്ത്ര്യ പരമാധികാര രാഷ്ട്രം, അതായിരുന്നു ഖലിസ്താനികളുടെ പരമമായ ലക്ഷ്യം. ഹരിയാണ, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഡ് എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളും ഉള്‍പ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. ഒരേ സമയം ഷിംലയും ലാഹോറും ഖലിസ്താന്റെ ഭാഗമാകണമെന്നും അവര്‍ ആഗ്രഹിക്കുന്നു. 1940-കളില്‍ ഖലിസ്താന്‍ എന്ന ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചതോടെയാണ് ഇത് ആദ്യമായി ഉയര്‍ന്നുകേട്ടത്. 1984-ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ സമയത്ത് ഖലിസ്താനി പ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. എന്നാല്‍, അതിനും എത്രയോ മുമ്പേ ഖലിസ്താന്‍ പ്രസ്ഥാനത്തിന്റെ വിത്തുകള്‍ വിതയ്ക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിനും വിഭജനത്തിനും തൊട്ടുമുമ്പുള്ള കാലത്തെ സിഖുകാര്‍ക്ക് വേറിട്ട ഒരു നാട് എന്ന സങ്കല്പം നിലവില്‍ വന്നിരുന്നു. ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയെന്ന മതപ്രാസംഗികന്‍ ഇതിനെ ഊതിക്കത്തിച്ചു. ‘നിര്‍മലമായ ഭൂമി’ എന്നതാണ് ഖലിസ്താന്‍ എന്ന പഞ്ചാബി വാക്കിന്റെ അര്‍ത്ഥം. ഖലിസ്താന്‍ പ്രസ്ഥാനത്തിന് യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടെയും പിന്തുണ ലഭിച്ചു.ഖലിസ്താന്‍ വാദം ശക്തിപ്രാപിച്ചതോടെ 1984-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് ഉത്തരവിട്ടു. സായുധ പോരാട്ടത്തിന് നീക്കം നടത്തിയ ഭിന്ദ്രന്‍വാലയേയും അനുയായികളേയും അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ കടന്നുകയറി വധിച്ചത് ഈ സൈനിക നടപടിയിലൂടെയായിരുന്നു. സിഖ് വിഭാഗക്കാരില്‍ കടുത്ത പ്രതിഷേധത്തിന് സൈനിക നടപടി ഇടയാക്കി. 1984 ഒക്ടോബര്‍ 31-ന് ഇന്ദിര ഗാന്ധി സിഖ് വിഭാഗക്കാരായ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെടുന്നത് ഇതേത്തുടര്‍ന്നാണ്. ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് പിന്നാലെ കാനഡയിലുള്ള ഖലിസ്താന്‍ വാദികളും പ്രതികാര നീക്കങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തി. ഇത് ചെന്നവസാനിച്ചത് കനിഷ്‌ക വിമാന ദുരന്തത്തിലും.സിഖ് ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സയാണ് സ്‌ഫോടനം നടത്തിയതെന്ന് കാനഡയിലെയും ഇന്ത്യയിലെയും അന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷനും സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കനേഡിയന്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി കണ്ടെത്തിയിരുന്നു. കനേഡിയന്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണവും വിചാരണയും 20 വര്‍ഷം നീണ്ടു. ബോംബ് നിര്‍മ്മിച്ച ഇന്ദ്രജിത്ത് സിങ് റയാത്ത് എന്നയാള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചുവെങ്കിലും ഗൂഢാലോചന നടത്തിയവര്‍ അടക്കമുള്ളവര്‍ ശിക്ഷിക്കപ്പെട്ടില്ല. കാനഡ പോലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കുമുണ്ടായ ഗുരുതരമായ വീഴ്ചകളാണ് സ്ഫോടനത്തിന് വഴിതെളിച്ചതെന്ന് കാനഡ പിന്നീട് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.