ഹൂസ്റ്റൺ: കേരള ഹിന്ദു സൊസൈറ്റിയുടെ (കെ.എച്ച്.എസ്) ഇക്കൊല്ലത്തെ ഓണാഘോഷം സെപ്റ്റംബർ 12-ന് ഞായറാഴ്ച ഹൂസ്റ്റൺ ക്‌നാനായ കാത്തലിക് സൊസൈറ്റി ഹാളിൽ വർണാഭമായി നടത്തി.
കോൺസുലാർ ജനറൽ ഓഫ് ഇന്ത്യ അസീം മഹാജൻ, ഫോർട്ട് ബെന്റ് കൗണ്ടി ജഡ്ജ് കെ.പി ജോർജ്, ജഡ്ജ് ജൂലി മാത്യു, ഡിസ്ട്രിക്ട് അറ്റോർണി ബ്രിയാൻ മിഡിൽടൺ, സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു തുടങ്ങിയവരുടെ മഹനീയ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിത്തീർന്നു പരിപാടികൾ.
താലപ്പൊലിയുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയിൽ മഹാബലിയുടെ പ്രൗഢഗംഭീരമായ തിരു എഴുന്നള്ളിപ്പോടു കൂടി ആരംഭിച്ച ആഘോഷം 50ഓളം സ്ത്രീജനങ്ങൾ അണിനിരന്ന മഹാതിരുവാതിരയോടെ നയനാനന്ദകരമായി.
കെ.എച്ച്.എസ് പ്രസിഡന്റ് പൊന്നു പിള്ള അദ്ധ്യക്ഷ പ്രസംഗവും, ശശിധരൻ നായർ ഓണ സന്ദേശവും നൽകിയ ചടങ്ങിൽ വിവിധ കലാപരിപാടികൾ അരങ്ങേറുകയുണ്ടായി. ആയിരത്തോളം വരുന്ന അതിഥികൾ പങ്കെടുത്ത പരിപാടി തനി കേരളീയ സദ്യയുടെ നിറവിൽ പരിസമാപിച്ചു.
‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ആപ്തവാക്യത്തോടെ 1983ൽ ഹൂസ്റ്റണിൽ ശുഭാരംഭം കുറിച്ച രജിസ്റ്റേർഡ് നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് കേരള ഹിന്ദു സൊസൈറ്റി.
ഹൈന്ദവ സമൂഹത്തിന്റെ പൈതൃകവും മൂല്യങ്ങളും വരും തലമുറകളിലേക്ക് പകർന്നു കൊടുക്കുവാൻ പ്രതിജ്ഞാബദ്ധമായ സംഘാടകരിലൂടെ ജൈത്രയാത്ര തുടരുകയാണ് കേരള ഹിന്ദു സൊസൈറ്റിയും ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രവും.