അനിലാൽ ശ്രീനിവാസൻ, ലാന പ്രസിഡണ്ട്
ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) – യുടെ 12-മത് പ്രാദേശിക സാഹിത്യ സമ്മേളനം ഇക്കഴിഞ്ഞ സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിൻ സർവ്വകലാശാലയിൽ വച്ച് നടത്തപ്പെട്ടു. ഡിപ്പാർട്ടമെന്റ് ഓഫ് ഏഷ്യൻ സ്റ്റഡീസും സൗത്ത് ഏഷ്യ ഇൻസ്റ്റിട്യൂട്ടുമായി ചേർന്നായിരുന്നു ലാനയുടെ ഇത്തവണത്തെ സാഹിത്യസമ്മേളനം അരങ്ങേറിയത്. ‘തുഞ്ചൻ കളരി’ എന്നായിരുന്നു സമ്മേളനനഗറിന് നാമകരണം നൽകിയിരുന്നത്. ഡോ. ജയകുമാർ IAS ആയിരുന്നു സമ്മേളനത്തിന്റെ മുഖ്യാതിഥി.
സെപ്തംബർ 30 ന് സമ്മേളനത്തിന്റെ ഉൽഘാടന ചടങ്ങുകൾക്ക് തിരശീല ഉയർന്നത് ഭാരതത്തിന്റെയും അമേരിക്കയുടെയും ദേശീയ ഗാനത്തോടെയാണ്. മൂന്നാംവർഷ മലയാളത്തിലെ മറിയ കോശി ആയിരുന്നു അവ രണ്ടും ആലപിച്ചത്. സ്വാഗതപ്രസംഗത്തിനു ശേഷം, ലാനയുടെ പ്രസിഡന്റ് ശ്രീ അനിലാൽ ശ്രീനിവാസന്റെ അധ്യക്ഷ പ്രസംഗത്തിൽ, അമേരിക്കയിലെ മലയാള സാഹിത്യ കൃതികളുടെ പ്രാധാന്യവും, അമ്പതു വർഷത്തോടടുക്കുന്ന മലയാള ഭാഷാ-സാഹിത്യ പഠനങ്ങൾ ഓസ്റ്റിൻ സർവകലാശാലയിൽ തലയുയർത്തി നിൽക്കുന്നതിന്റെ മൂല്യവും ലാനയും സർവ്വകലാശാലയും ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുപറയുകയുണ്ടായി. തുടർന്ന്, ശ്രീ ജയകുമാർ IAS ഉൽഘാടന പ്രസംഗം നിർവഹിച്ചു. അദ്ദേഹം ലാനയുടെ കൂട്ടായ്മയെ അഭിനന്ദിക്കുകയും മലയാള ഭാഷക്കും മറ്റും സർവകലാശാല നൽകുന്ന പ്രാധാന്യം പ്രധാനമായി പരാമർശിക്കുകയും മാത്രമല്ല, ലാനക്ക് വരും കാലങ്ങളിൽ സാഹിത്യ മേഖലക്ക് നൽകുവാൻ കഴിയുന്ന സംഭാവനകൾ സൂചിപ്പിക്കുകയും ചെയ്തു. കൂടാതെ, ഭാഷയിലെ ആംഗലേയ പദങ്ങളുടെ കടന്നുകയറ്റത്തെപ്പറ്റി സൂചിപ്പിക്കുന്നതോടൊപ്പം തന്നെ കവിതാവിശകലനം നടത്തുകയുമുണ്ടായി. തുടർന്ന് ഡോ. ഡൊണാൾഡ് ഡേവിസിന്റെ പ്രഭാഷണമായിരുന്നു. കേരളത്തിലെ മലയാള സാഹിത്യ കൃതികൾ മാത്രമല്ല മലയാളവും കേരളവുമായി ബന്ധപ്പെട്ട വിദേശ കൃതികളും, പ്രത്യേകിച്ചും അമേരിക്കയിലെ കൃതികളും നിരൂപണം നടത്തപ്പെടേണ്ടതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. തുടർന്ന്, അദ്ദേഹം ‘കാലാവസ്ഥ’ എന്ന തന്റെ കവിത സദസ്യർക്ക് നൽകി. ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷന്റെ (GAMA) ട്രഷറർ റോഷിൻ രാജനും PSC ഗ്രൂപ് ഓഫ് കമ്പനീസിന്റെ CEO ജിബി പാറക്കലും ആശംസകൾ അർപ്പിച്ചു. അതിനുശേഷം, സമ്മേളനത്തിന്റെ മെഗാ സ്പോൺസർ ശ്രീ ശബരീഷ് നായർ, ഗ്രാന്റ് സ്പോൺസർ ശ്രീ മാത്യൂസ് ചാക്കോ എന്നിവരെ ആദരിച്ചു. ഡോ. ഡേവിസ് മലയാളപഠനത്തിനായി യൂണിവേഴ്സിറ്റി നടത്തിയ 40for40 എന്ന ധനസമാഹരണ യജ്ഞത്തിൽ സമഗ്രസംഭാവന നൽകിയ വ്യക്തിത്വങ്ങളെ ഉത്ഘാടന വേദിയിൽ ആദരിക്കുകയുണ്ടായി.
തുടർന്നുള്ള ചടങ്ങിൽ അമേരിക്കൻ മലയാളി എഴുത്തുകാരായ അമ്പഴയ്ക്കാട്ട് ശങ്കരന്റെ ‘വഴിയമ്പലം’ എന്ന നോവലും ‘കൊടുക്കാക്കടം’ എന്ന ചെറുകഥാ സമാഹാരവും (പുലിറ്റ്സർ പബ്ലിക്കേഷൻസ്), ഷാജു ജോണിന്റെ ‘മോറിസ് മൈനർ’ എന്ന ചെറുകഥാ സമാഹാരവും (ഗ്രീൻ ബുക്സ് പബ്ലിക്കേഷൻ) പ്രകാശനം ചെയ്തു. അമേരിക്കൻ മലയാള സാഹിത്യ ലോകത്തെ കുലപതികളായ ശ്രീ രാഘുനാഥൻ, ഡോ. എം. എൻ. നമ്പൂതിരി, ശ്രീ തമ്പി ആന്റണി എന്നിവരെ ലാനയുടെ പ്രസ്തുത സമ്മേളനവേദിയിൽ പൊന്നാടയണിയിച്ചുകൊണ്ട് ആദരിക്കുകയുണ്ടായി. തുടർന്ന്, ലാനയുടെ പ്രസിഡന്റ് ശ്രീ അനിലാൽ ശ്രീനിവാസൻ ഈ വർഷത്തെ ‘അക്ഷര നക്ഷത്രം’ അവാർഡ്, മലയാള ഭാഷയും സാഹിത്യവും അമേരിക്കയിലെ പ്രസ്തുത യൂണിവേഴ്സിറ്റിയിൽ നിലയുറപ്പിച്ചു നിർത്തിക്കൊണ്ട് അക്കാദമിക് മേഖലയിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്ത്, ഡോ. റോഡ്‌നി മോഗിനും ഡോ. ഡൊണാൾഡ് ഡേവിസിനും നൽകി ആദരിച്ചു. പിന്നീട്, വളരെ മനോഹരമായി ശ്രീമതി ദിവ്യ വാര്യർ അവതരിപ്പിച്ച ‘ഗാന്ധാരി വിലാപം’ മോഹിനിയാട്ടം അരങ്ങത്ത് അവതരിപ്പിക്കപ്പെട്ടു. മോഹിനിയാട്ടത്തെ തുടർന്ന്, യൂണിവേഴ്സിറ്റിയിലെ മലയാളം വിദ്യാർത്ഥികളുടെ അസോസിയേഷൻ ആയ ലോങ്ഹോൺ മലയാളി സ്റ്റുഡന്റസ് അസോസിയേഷന്റെ (LMSA) ഓണാഘോഷപരിപാടികളായിരുന്നു. തിരുവാതിരയും സംഗീതവും ചെണ്ടമേളവും മേളത്തിന്റെ അകമ്പടിയോടെ എത്തിയ മാവേലിയുടെ വിദ്യാർഥികൾ മനോഹരമായ ഒരു കാഴ്ചയായിരുന്നു കാണികൾക്ക് സമർപ്പിച്ചത്. ആ വെള്ളിയാഴ്ച രാത്രിയോടെ സദ്യയുടെ അകമ്പടിയോടെ ഉൽഘാടന ചടങ്ങുകൾക്ക് സമാപ്തിയായി.
ഒക്ടോബർ 1, ശനിയാഴ്ച, രാവിലെ ഒമ്പതരയോടെ ശ്രീ അനിലാൽ ശ്രീനിവാസന്റെ മോഡറേറ്ററായി “കഥകളും ഞാനും” എന്ന വിഷയത്തിന്മേൽ സാഹിത്യചർച്ച നടന്നു. കഥാകാരായ തമ്പി ആന്റണി, സാമുവൽ യോഹന്നാൻ, ഉമ സജി, സന്തോഷ് പിള്ള, ജോൺ കൊടിയൻ, ഷാജു ജോൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന്, പ്രൊഫസർ ടയ്ലർ റിഷാർഡിന്റെ മേൽനോട്ടത്തിൽ ‘Exploring South Asian Languages & Literatures at UT’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചർച്ചയിൽ ഡോ. ദൽപത് രാജ്‌പുരോഹിത്, മേരി റേഡർ, മറിയ കോശി, ശ്രുതി രാമചന്ദ്രൻ, മിഷേൽ കെന്നഡി എന്നിവർ പങ്കെടുത്തു. ചർച്ചക്ക് ശേഷം ലാന കുടുംബത്തിലെ സാഹിത്യകൃതികളുടെ പുസ്തകങ്ങൾ എഴുത്തുകാർ തന്നെ യൂണിവേഴ്സിറ്റി ലൈബ്രറിയിലേക്ക് കൈമാറുന്ന ചടങ്ങായിരുന്നു. ഡോ. സുകുമാറിന്റെ നേതൃത്വത്തിൽ തുടർന്നു നടന്ന ‘വിവർത്തനം’ എന്ന വിഷയത്തെ ആധാരമാക്കിയുള്ള ചർച്ചയിൽ ഡോ. എം. എൻ. നമ്പൂതിരി, ഡോ. ഡൊണാൾഡ് ഡേവിസ്, ഡോ. ദർശന മനയത്ത് എന്നിവർ പങ്കെടുത്തു. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ‘സിനിമ സാഹിത്യം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ച നയിച്ചത് ശ്രീ ഹരിദാസ് തങ്കപ്പൻ ആയിരുന്നു. പ്രസ്തുത വിഷയത്തിൽ ഡോ. കെ. ജയകുമാർ,ലാന മുൻ പ്രസിഡണ്ട് മനോഹർ തോമസ്, സിനിമ താരം തമ്പി ആന്റണി, സിനിമ നിർമ്മാതാവ് ഷിജു എബ്രഹാം എന്നിവർ സജീവമായി പങ്കെടുത്തു. അതിനുശേഷമുള്ള ‘നോവൽ’ ചർച്ച ശ്രീ സാമുവൽ യോഹന്നാന്റെ മേൽനോട്ടത്തിൽ ആയിരുന്നു. തമ്പി ആന്റണി, അമ്പഴക്കാട്ട് ശങ്കരൻ, എം. പി. ഷീല, ജോൺ കൊടിയൻ എന്നിവർ ചർച്ചയിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
ലാന ജോയിന്റ് സെക്രട്ടറി ഷിബു പിള്ള മോഡറേറ്ററായി നടന്ന പുസ്ത്കപരിചയത്തിൽ ഡോ. എം എൻ നമ്പൂതിരി, ഡോ: സുകുമാർ കാനഡ, അമ്പഴക്കാട്ട് ശങ്കരൻ, ഡോ: ദർശന മനയത്ത് ശശി, ഷാജു ജോൺ, ഉമ സജി, എൽസ നീലിമ മാത്യു എന്നിവരുടെ കൃതികൾ ഡോ:സുകുമാർ കാനഡ, സാമുവൽ യോഹന്നാൻ, അനുപ സാം, എം പി ഷീല എന്നിവർ പരിചയപ്പെടുത്തി. ഡോ. സുകുമാർ കാനഡ മോഡറേറ്ററായി നടന്ന കവിതാചർച്ചയിലും കവിയരങ്ങിലും ഡോ: എം എൻ നമ്പൂതിരി, ഗീത രാജൻ, എം. പി ഷീല, എൽസ നീലിമ മാത്യു, ഉമ സജി എന്നിവർ പങ്കെടുത്തു. കവിതാചർച്ചയിൽ ഉളനീടം ശ്രീ കെ ജയകുമാർ പങ്കെടുക്കുകയും അവതരിപ്പിച്ച കവിതകളെക്കൂറിച്ച് അവലോകനം നടത്തുകയും ചെയ്തു.
മലയാളം വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. ദർശന മനയത്ത് ചടങ്ങുകളുടെ മുഖ്യസംഘാടകയായിരുന്നു. ലാന എക്സിക്യൂട്ടീവ് അംഗങ്ങളായ ശങ്കർ മന (സെക്രട്ടറി), ഗീതാ രാജൻ (ട്രഷറർ), ഷിബു പിള്ള (ജോയിന്റ് സെക്രട്ടറി), ഹരിദാസ് തങ്കപ്പൻ (ജോയിന്റ് ട്രഷറർ), സാമുവേൽ യോഹന്നാൻ ലാന പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മൂന്നുദിവസം നീണ്ട പരിപാടികൾ ആസൂത്രണം ചെയ്യുന്നതിൽ ജെയിൻ ജോസഫ്, ജോസൻ ജോർജ്ജ് എന്നിവർ മുഖ്യപങ്കുവഹിച്ചു. ഉത്ഘാടന ചടങ്ങിന് ഹിമ രവീന്ദ്രൻ എം സി ആയിരുന്നു.