ഫിലഡല്‍ഫിയ: ചരിത്രസ്മരണകളുറങ്ങുന്ന നഗരത്തിലെ സഹോദരസഭകളുടെ ഐക്യവേദിയായ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്തുമസ്് ആഘോഷം ഡിസംബര്‍ 3 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-മുതല്‍ ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍(10175 Bustleton Ave, Philadelphia, PA, 19116) വച്ച് നടത്തുന്നതാണ്.
സഹോദരീയ നഗരത്തിലെ മലയാളികളുടെ ഇടയിലെ ക്രിസ്തീയ സഭകളുടെ ഒത്തൊരുമയുടെയും സഹകരണത്തിന്റെയും പ്രതീകാത്മകമായി നിലകൊള്ളുന്ന എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന സംയുക്ത ക്രിസ്തുമസ് ആഘോഷം തലമുറകളുടെ ഐക്യത്തിലൂടെ പരസ്പരം സഹകരിച്ച് ക്രിസ്തുദേവന്റെ തിരുപിറവി ഒരുമിച്ചാഘോഷിക്കുവാനും കൊണ്ടാടുവാനും അതിലും ഉപരിയായി ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകളിലൂടെ ക്രിസ്തീയ മൂല്യങ്ങളെ ഉയര്‍ത്തി പിടിച്ചുകൊണ്ട് ആദ്യകാല കുടിയേറ്റക്കാര്‍ തുടങ്ങിവച്ച ക്രിസ്തുമസ്-പുതുവത്സരാഘോഷമാണ് നടത്തി വരുന്നത് തലമുറകളിലൂടെ കൈമാറുന്ന നമ്മുടെ പാരമ്പര്യങ്ങളും, പൈതൃകങ്ങളും ഉയര്‍ത്തിപിടിച്ച് കൊണ്ട് നടത്തുന്ന ഈ വര്‍ഷത്തെ വമ്പിച്ച ക്രിസ്തുമസ് ആഘോഷത്തിന്റെ മുഖ്യാനിധിയായി എത്തുന്നത് കാത്തലിക് സഭയുടെ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നവാഭിഷിക്തനായ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് ആണ് കൂടാതെ മലയാളി കമ്മ്യൂണിറ്റിയുടെ ഉത്തമ സുഹൃത്തുക്കളായ യു.എസ്. കോണ്‍ഗ്രസ്മാന്‍ ബ്രയന്‍ ഫിറ്റ്‌സ് പാട്രിക്, ജോസഫ് സിജിലാമോ(ബെന്‍സേലം, മേയര്‍) തുടങ്ങിയ നിരവധി സാമൂഹിക സാമുദായിക നേതാക്കളുടെ സാന്നിധ്യവും ചടങ്ങുകളില്‍ ഉണ്ടായിരിക്കുന്നതാണ്.
എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തിലുള്ള ക്രിസ്തുമസ്-പുതുവത്സരാഘോഷത്തിനോടനുബന്ധിച്ച് ഫിലഡല്‍ഫിയ സിറ്റിയില്‍ നിന്നും അന്നേ ദിവസം ‘എക്യൂമെനിക്കല്‍ ദിനം’ ആയി പ്രഖ്യാപിച്ചിട്ടുള്ള അറിയിപ്പും ഔദ്യോഗികമായിട്ട് ഉണ്ടായിരിക്കുന്നതാണ്.
എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മുത്തുകുടകള്‍ വ്ാദ്യമേളം കൊടികള്‍ രൂപങ്ങള്‍ തുടങ്ങിയ അകമ്പടികളോടെ കേളീയ ക്രിസ്തീയ പരമ്പരാഗതരീതിയില്‍ മുഖ്യാതിഥികളെ ആനയിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരവും വര്‍ണ്ണശബളവുമായ ഘോഷയാത്രക്കു ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ റവ.ഫാ.എം.കെ.കുറിയാക്കോസ്(ചെയര്‍മാന്‍, എക്യൂമെനിക്കല്‍ ഫെലോഷിപ്പ്) അദ്ധ്യക്ഷത വഹിക്കുന്നതും ആയിരിക്കും തദവസരത്തില്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പിലെ ഇതര സഭകളെ പ്രതിനിധീകരിച്ച് നടത്തുന്ന ആരാധനായോഗവും ക്രിസ്തുമസ് ട്രീയില്‍ പ്രകാശം പരത്തികൊണ്ട് മുഖ്യാതിഥി പൊതുസമ്മേളനം ഉത്ഘാടനം നിര്‍വ്വഹിക്കുന്നതും ക്രിസ്തുമസ് ദൂത് നല്‍കുന്നതുമാണ്.
ഗോപിനാഥ് മുതുക്കാടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മാജിക് പ്ലാനറ്റിലേ കുട്ടികള്‍ക്കായി ഈ വര്‍ഷത്തെ ചാരിറ്റി തുകയില്‍ നിന്നും മുഖ്യമായും നല്‍കുന്നതുമാണ്. എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ മുഖമുദ്രയായ ചാരിറ്റി റാഫിള്‍ ടിക്കറ്റിന്റെ വിജയികളെ വേദിയില്‍ വച്ചു തന്നെ തിരഞ്ഞെടുത്ത് പ്രഖ്യാപിക്കുന്നതും കൂടാതെ പതിവു പോലെ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കാറുള്ള സ്മരണികയുടെ പ്രകാശന കര്‍മ്മവും തദവസരത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നതായിരിക്കും. തുടര്‍ന്ന് ദേവാലയങ്ങളുടെ നേതൃത്വത്തിലുള്ള വൈവിധ്യമാര്‍ന്ന ക്രിസ്തീയ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറുന്നതും ക്രിസ്തുദേവന്റെ തിരുപിറവി നൃത്തരൂപത്തില്‍ മാതാ ഡാന്‍സ് അക്കാഡമി(ബേബി തടവനാല്‍, കോറിയോഗ്രാഫി), ലാസ്യ ഡാന്‍സ് അക്കാഡമി(ആഫാ ആഗസ്റ്റിന്‍, കോറിയോഗ്രാഫി) എന്നീ നൃത്തവിദ്യാലയങ്ങളുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്നതാണ് സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രത്യേക ആകര്‍ഷകമായ എക്യൂമെനിക്കല്‍ കരോള്‍ ഗായകസംഘങ്ങള്‍ ബിജു ഏബ്രഹാമിന്റെ നേതൃത്വത്തില്‍ തയ്യാറായി വരുന്നതായും അറിയിക്കുകയുണ്ടായി.
റവ.ഫാ.കെ.പി.എല്‍ദോസ്(കോ-ചെയര്‍ എക്യൂമെനിക്കല്‍), കെവിന്‍ വര്‍ഗീസ് സെക്രട്ടറി), എബിന്‍ സെബാസ്റ്റിയന്‍(ജോ.സെക്രട്ടറി), റോജീഷ് സാമുവേല്‍ (ട്രഷറാര്‍), തോമസ്‌കുട്ടി വര്‍ഗീസ്(ചാരിറ്റി), എബിന്‍ ബാബു(പ്രോഗ്രാം), ഷാജി മിറ്റത്താനി(സുവനീര്‍), ജീമോന്‍ ജോര്‍ജ്ജ്(പി.ആര്‍.ഓ.), റോഷന്‍ പ്ലാമൂട്ടില്‍, രാജു ഗീവറുഗീസ്(പ്രൊസിഷന്‍), സലിന്‍ ഓലിക്കല്‍(വിമന്‍സ് ഫോറം) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ സംയുക്ത ക്രിസ്തുമസ് ആഘോഷത്തിന്റെ വന്‍വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നതായി അറിയിക്കുകയുണ്ടായി.