Monday, March 31, 2025

HomeUS Malayaleeപൊള്ളുന്ന ജീവിതഥാര്‍ത്ഥ്യങ്ങളെ തോല്‍പിച്ച ദസ്തയേവ്സ്‌കി (ചിന്താജാലകം-5, ജോയ്‌സ് തോന്ന്യാമല)

പൊള്ളുന്ന ജീവിതഥാര്‍ത്ഥ്യങ്ങളെ തോല്‍പിച്ച ദസ്തയേവ്സ്‌കി (ചിന്താജാലകം-5, ജോയ്‌സ് തോന്ന്യാമല)

spot_img
spot_img

പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്ന ചാണക്യന്റെ ആറ് നിരീക്ഷണങ്ങള്‍ ജീവിത വിജയത്തിന്റെ, ഉള്‍കാഴ്ചയുടെ, ബിസിനസ് വിജയങ്ങളുടെ, ആത്മവിശ്വാസത്തിന്റെ അടിസ്ഥാന ശിലകളാണെന്ന വിഷയമാണ് ‘നേര്‍കാഴ്ച’ ന്യൂസിന്റെ ലക്കങ്ങളില്‍ നാമിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. അതില്‍ മൂന്നാമത്തേതാണ് ‘തീയില്‍ എരിയുന്ന ഈയല്‍ ആവാതിരിക്കുക. ചുറ്റുമുള്ളവരുടെ അനുഭവം ആണ് നമ്മുടെ വിജയ പുസ്തകം….’ എന്ന പ്രമാണം.

മഹത്തായ വ്യക്തികള്‍ വാല്‍സല്യം പരത്തുന്ന തണല്‍ മരങ്ങളെപ്പോലെയാണ്. കൊച്ചുകുഞ്ഞുങ്ങളിലും അപരിചിതരായ മനുഷ്യരില്‍പ്പോലും അവര്‍ സാധ്യതയുടെ നീലാകാശങ്ങള്‍ കാണുന്നു. തിരിച്ചടികളില്‍ തളരാതെ മുന്നോട്ട് പോകാന്‍ സ്വജീവിതത്തിലൂടെ, വാക്കുകളിലൂടെ, പ്രവര്‍ത്തികളിലൂടെ അവര്‍ നമ്മെ സദാ പ്രചോദിപ്പിക്കുന്നു നിത്യം വഴികാട്ടിത്തരുന്നു…

മനുഷ്യബന്ധങ്ങളുടെ തീവ്രത തന്റെ രചനകളിലേക്ക് ആവാഹിച്ച് എഴുത്തിന്റെ ലോകത്തെ പ്രകാശഗോപുരമെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രശസ്ത റഷ്യന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഫ്യോദര്‍ മിഖായലോവിച്ച് ദസ്തയേവ്സ്‌കി യുടെ ജീവിതം നമുക്ക് പ്രചോദനമാണ്. മനുഷ്യ മനസിനെയും അതിന്റെ വിഭ്രാന്തികളെയും കുറ്റവാസനകളെയും കുറ്റബോധത്തേയുമെല്ലാം തന്റെ ജീവരക്തത്തില്‍ ചാലിച്ചെഴുതിയ മഹാനാണ് ദസ്തയേവ്സ്‌കി. മനുഷ്യനും ഭാഷയും ഈ ഭൂമുഖത്ത് നിലനില്‍ക്കുന്ന കാലത്തോളം ദസ്തയേവ്സ്‌കിയുടെ കൃതികളും വായിക്കപ്പെടും. കൊലക്കയറില്‍നിന്ന് ആയുസിന്റെ ബലംകൊണ്ട് മാത്രം രക്ഷപ്പെട്ട ദസ്തയേവ്സ്‌കി കാലാതിവര്‍ത്തിയായ ഒരു പാഠപുസ്തകമാണ്.

കേള്‍ക്കുന്നില്ലേ നിങ്ങള്‍ ഭ്രാന്താശുപത്രിയിലെ നിലതെറ്റിയ ആ നിലവിളി…അനാഥാലയത്തിലേയ്ക്ക് വലിച്ചെറിയപ്പെട്ട പിഞ്ചു കുഞ്ഞിന്റെ അമ്മിഞ്ഞപ്പാലിനായുള്ള നെഞ്ചില്‍ കൊളുത്തുന്ന വിതുമ്പല്‍…തടവറയുടെ ഇരുളിനെ തുളയ്ക്കുന്ന ഞരക്കം…മദ്യപാനിയായ അച്ഛന്റെ ലഹരി പേക്കൂത്തുകള്‍…പേടിച്ചരണ്ട് മേശയ്ക്കടിയില്‍ ഒളിച്ച നിഷ്‌കളങ്ക ബാല്യം…അപസ്മാരം ബാധിച്ച് വിറയ്ക്കുന്ന ശരീരം…ഇതെല്ലാം പക്വത വരാത്ത ഒരു കുട്ടിക്ക് എങ്ങനെ പരുവപ്പെടുത്താനാവും..? ദസ്തയേവ്സ്‌കിക്ക് മറുപടിയുണ്ട്. കാരണം ആ ശപിക്കപ്പെട്ട കുട്ടി ഫ്യോദര്‍ ദസ്തയേവ്സ്‌കി തന്നെയായിരുന്നു.

നിരന്തര പീഡനങ്ങളിലൂടെയും ആളിപ്പടരുന്ന തീയിലൂടെയും കടന്നുവന്ന പൊള്ളുന്ന ജീവിതമായിരുന്നു ദസ്തയേവ്സ്‌കിയുടേത്. എന്നാല്‍ അദ്ദേഹം തീയില്‍ എരിയുന്ന ഈയല്‍ ആയില്ല. മനുഷ്യ മനസിന്റെ പ്രഹേളികകളില്‍ വിരാജിച്ച് ലോകസാഹിത്യത്തിലെ മഹാ എഴുത്തുകാരനായി ദസ്തയേവ്സ്‌കി പതുക്കെ മാറുകയായിരുന്നു.

മോസ്‌കോയിലെ ഇടത്തരം കുടുംബത്തില്‍ 1821 ഒക്‌ടോബര്‍ 30ന് ജനിച്ച ദസ്തയേവ്‌സ്‌കി അമ്മ മറിയയുടെയും അച്ഛന്‍ മിഖായേലിന്റെയും ആറു മക്കളില്‍ രണ്ടാമത്തവനായിരുന്നു. മര്‍ക്കടമുഷ്ടിയുള്ളവനും സ്വേച്ഛാധിപത്യ സ്വഭാവക്കാരനുമായിരുന്നു അച്ഛന്‍. എന്നാല്‍ അമ്മ മറിയ ധര്‍മിഷ്ഠയും സ്‌നേഹശീലയുമായിരുന്നു. ദസ്തയേവ്‌സ്‌കിക്ക് 16 വയസ് തികയുന്നതിന് മുമ്പുതന്നെ അമ്മ മരിച്ചു. അച്ഛന്റെ കഠിനമായ ശാസനകള്‍ തിങ്ങിനിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് രക്ഷയ്ക്കായി അദ്ദേഹം വായനയെ കൂട്ടുപിടിച്ചു. അച്ഛന്റെ നിര്‍ബന്ധം കാരണം സെന്റ് പീറ്റേഴ്‌സില്‍ നിന്ന് ദസ്തയേവ്‌സ്‌കി എഞ്ചിനീയറിങ്ങില്‍ പരിശീലനം നേടി.

ഇതിനിടയില്‍ സ്വന്തം എസ്റ്റേറ്റിലെ തൊഴിലാളിയുടെ കൈകളാല്‍ അച്ഛന്‍ മിഖായേല്‍ കൊല്ലപ്പെട്ടു. എന്നാല്‍ അച്ഛന്റെ മരണം മനസ്സിനുള്ളില്‍ ആഗ്രഹിച്ചുനടന്ന മകന്റെ അടക്കിവെച്ച വികാരത്തിന്റെ പ്രത്യക്ഷ പ്രകടനമാണ് അദ്ദേഹത്തിന് ഇടയ്ക്കിടെയുണ്ടാവാറുള്ള അപസ്മാര രോഗമെന്ന് സിഗ്മണ്ട് ഫ്രോയ്ഡ് ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു.

എഞ്ചിനീയറിങ് ബിരുദധാരിയായിരുന്നിട്ടുകൂടി അദ്ദേഹം തിരഞ്ഞെടുത്തത് സാഹിത്യത്തിന്റെ പാതയാണ്. ഫ്രഞ്ച് നോവലിസ്റ്റും, നാടകകൃത്തും ആയിരുന്നു ഹോണോറെ ഡി ബല്‍സാക്കിന്റെ നോവലിന്റെ തര്‍ജമയായിരുന്നു ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം. 1844-ല്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ജേണലിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം Bednye lyudi (Poor Folk) എന്ന ആദ്യനോവല്‍ പുറത്തിറക്കി. നിലനില്പിനായുള്ള മനുഷ്യന്റെ ശ്രമത്തിനിടയില്‍ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളുടെ സൂക്ഷ്മമായ വിശകലനമാണ് ഈ നോവലില്‍ അദ്ദേഹം നടത്തിയത്. പ്രശസ്തനായ വിമര്‍ശകന്‍ വിസാരിയോണ്‍ ബെലിന്‍സ്‌കി ഗൊഗൊളിന്റെ പിന്‍ഗാമിയെന്ന വിശേഷണം ദസ്തയേവ്‌സ്‌കിക്ക് നല്‍കിയതോടെ ഒറ്റരാത്രികൊണ്ട് 24 കാരനായ ആ എഴുത്തുകാരന്‍ പ്രശസ്തനായി.

1848ല്‍ മിഖായേല്‍ പെട്രഷെവിസ്‌കി നേതൃത്വം നല്‍കുന്ന ചെറുപ്പക്കാരനായ പ്രതിഭാശാലികളുടെ ഒരു സംഘത്തില്‍ ദസ്തയേവ്‌സ്‌കി അംഗമായി. രാഷ്ട്രീയവും സാഹിത്യപരവുമായ ആശയങ്ങള്‍ ഈ സംഘം ചര്‍ച്ച ചെയ്യുമായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ റഷ്യയില്‍ നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനംനിരോധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 1849 ഏപ്രില്‍ 23ന് ദസ്തയേവ്‌സ്‌കിയും സംഘാംഗങ്ങളും അറസ്റ്റിലാവുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. ഇതേ വര്‍ഷം നവംബര്‍ 16ന് ഇവരെ വെടിവെച്ചു കൊല്ലാന്‍ വിധിവന്നെങ്കിലും പിന്നീടത് തടവുശിക്ഷയായി ഇളവു ചെയ്തു.

സൈബീരിയയിലെ ഒമ്‌സ്‌ക് ജയിലിലായിരുന്നു അദ്ദേഹം ശിക്ഷ അനുഭവിച്ചിരുന്നത്. തടവുജീവിതം ആസ്പദമാക്കി 1862-ല്‍ അദ്ദേഹമെഴുതിയ നോവലാണ് ‘ദി ഹൗസ് ഓഫ് ദി ഡെഡ്.’ ഒരു കുറ്റവാളിയുടെ മനസ്സിലേക്കും അതേസമയം റഷ്യയിലെ താഴെത്തട്ടിലുള്ള ജനജീവിതത്തിലേക്കും ഈ നോവല്‍ വെളിച്ചം വീശുന്നു. ”ഒരു ശവക്കല്ലറയില്‍ നിശ്ശബ്ദനായിരുന്നതു പോലെ…” എന്നാണ് അക്കാലത്തെക്കുറിച്ച് അദ്ദേഹം തന്റെ സഹോദരനോട് പറഞ്ഞത്. ഇതെക്കുറിച്ച് അദ്ദേഹം എഴുതിയതിങ്ങനെ…

”ഉഷ്ണകാലത്ത് സഹിക്കാനാവാത്ത നിബിഡത. ശൈത്യകാലത്ത് അസഹനീയമായ തണുപ്പ്. തറമുഴുവന്‍ പഴുത്ത അവസ്ഥ. നിലം മുഴുവന്‍ കെട്ടിക്കിടക്കുന്ന വിസര്‍ജ്യങ്ങളും മാലിന്യങ്ങളും. ഒരാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇതില്‍ തെന്നിവീഴാമായിരുന്നു. ഒരു പെട്ടിയില്‍ പെറുക്കിയടുക്കിയ മത്തിപോലെയായിരുന്നു ഞങ്ങള്‍. കറങ്ങിത്തിരിയാന്‍ ഒരു മുറിയില്ല. പ്രദോഷം മുതല്‍ പ്രഭാതം വരെ പന്നികളെപ്പോലെയല്ലാതെ ജീവിക്കാന്‍ സാധിക്കില്ലായിരുന്നു. ചെള്ള്, പേന്‍, വണ്ടുകള്‍ തുടങ്ങിയവ നാഴിക്കണക്കിന് വേറെയും…”

ദസ്തയേവ്‌സ്‌കി 1854-ല്‍ ജയില്‍ മോചിതനായി. തുടര്‍ന്ന് സൈബീരിയന്‍ സൈന്യത്തില്‍ അഞ്ച് വര്‍ഷത്തെ നിര്‍ബന്ധിത സൈനിക സേവനം നടത്തി. ജയിലിലും തുടര്‍ന്ന് സൈന്യത്തിലും കഴിഞ്ഞ കാലഘട്ടങ്ങള്‍ എഴുത്തിലും രാഷ്ട്രീയപരവും മതപരവുമായ കാര്യങ്ങളിലും അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു. പിന്നീട് ജീവിതത്തിലെ പല ദുരന്തങ്ങളും അദ്ദേഹത്തിന് നേരിടേണ്ടിവന്നു. 1864-ല്‍ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. അധികം താമസിയാതെ തന്നെ അനിയനെയും നഷ്ടപ്പെട്ടു. കുമിഞ്ഞുകൂടിയ കടങ്ങള്‍ സാമ്പത്തികമായും അദ്ദേഹത്തെ തളര്‍ത്തി.

ഇതുകൂടാതെ രോഗിയായിരുന്ന സഹോദരന്റെ കടക്കെണികളും അദ്ദേഹത്തിന്റെ വിധവയുടെയും മക്കളുടെയും കാര്യവും ഭാര്യയുടെ ആദ്യബന്ധത്തിലുള്ള മകന്റെ ചുമതലയും എല്ലാം അദ്ദേഹം ഏറ്റെടുത്തു. ഇതോടെ നിരാശനായ ദസ്തയേവ്‌സ്‌കി ചൂതാട്ടത്തിലേക്കു കൂടി തിരിഞ്ഞതോടെ നിലയില്ലാക്കയത്തിലായി. അദ്ദേഹത്തിന്റെ പ്രശസ്ത നോവലായ ‘കുറ്റവും ശിക്ഷയും’ ഈ കാലയളവില്‍ എഴുതിയതാണ്. പണത്തിന്റെ ആവശ്യമായിരുന്നു ഈ നോവലിന്റെ പ്രചോദനം.

എഴുത്തില്‍ ഉറച്ചുനിന്ന ദസ്തയേവ്‌സ്‌കി ശ്വാസകോശ രക്തസ്രാവം, അപസ്മാരം തുടങ്ങിയ രോഗങ്ങള്‍ മൂലം 1881 ഫെബ്രുവരി 9ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ വച്ച് അന്തരിച്ചു. നാല്‍പ്പതിനായിരത്തോളം ജനങ്ങളാണ് അദ്ദേഹത്തിന് അന്ത്യോപരാചമര്‍പ്പിക്കാന്‍ എത്തിയത്. അദ്ദേഹത്തിന്റെ കല്ലറയില്‍ ഇങ്ങനെ കോറിയിട്ടിരിക്കുന്നു.

”സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. ഗോതമ്പ് മണി നിലത്ത് വീണ് നശിക്കുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. നശിക്കുന്നെങ്കിലോ അത് ഒരുപാട് ഫലം പുറപ്പെടുവിക്കും…” (യോഹന്നാന്‍: അധ്യായം 12: 24-ാം വാക്യം)

ദസ്തയേവ്‌സ്‌കി ഒരിക്കലും നശിക്കാത്ത ഒരു ഗോതമ്പുമണിയാണ്. അത് പ്രചോദനാത്മകമായ ചിന്തയുടെ ഫലങ്ങള്‍ എക്കാലവും പുറപ്പെടുവിച്ചുകൊണ്ടിരിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments