ബരാമതി: താടി നീട്ടി വളര്‍ത്തിയ മോഡിയെയാണ് നാമിപ്പോള്‍ കാണുന്നത്. ഒരു സന്യാസി ലുക്ക്. എന്തുകൊണ്ട് താടി വളര്‍ത്തുന്നതെന്ന് മോദിയോട് ചോദിക്കാന്‍ സാധാരണക്കാര്‍ക്ക് ധൈര്യമില്ല. അതൊക്കെ വ്യക്തിപരം.
എന്നാല്‍ മഹാരാഷ്ട്രയിലുള്ള ബരാമതി പ്രദേശത്തെ ചായക്കടക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താടി വടിക്കാന്‍ 100 രൂപ മണി ഓര്‍ഡര്‍ അയച്ചു. ബരാമതിക്ക് സമീപം ഇന്ദാപൂര്‍ റോഡിലെ സ്വകാര്യ ആശുപത്രിക്ക് എതിര്‍വശത്ത് ചായക്കട നടത്തുന്ന അനില്‍ മോറെയാണ് 100 രൂപ പ്രധാനമന്ത്രിക്ക് അയച്ചത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം രാജ്യത്തെ അസംഘടിത മേഖല തകിടം മറിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധമെന്നോണം 100 രൂപ ഇദ്ദേഹം അയച്ചത്. ഇതോടൊപ്പമുള്ള കുറിപ്പില്‍ അദ്ദേഹം എഴുതിയത് ഇങ്ങിനെ:
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ താടി വളര്‍ത്തിയിരിക്കുന്നു. എന്തെങ്കിലും വളര്‍ത്തണമെങ്കില്‍ അത് രാജ്യത്തിന്റെ തൊഴിലവസരങ്ങളായിരിക്കണം. നിലവിലുള്ള മെഡിക്കല്‍ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതാവണം. ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള ശ്രമങ്ങളായിരിക്കണം. അവസാന രണ്ട് ലോക്ഡൗണില്‍ നിന്ന് ജനങ്ങള്‍ മുക്തരായെന്ന് പ്രധാനമന്ത്രി ഉറപ്പാക്കണം.
കോവിഡ് കാരണം മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ലോക്ഡൗണില്‍ പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് 30,000 രൂപ വീതം ധനസഹായം നല്‍കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.
ഈ രാജ്യത്തെ ഏറ്റവും ഉന്നത പദവിയാണ് പ്രധാനമന്ത്രിയുടേത്. അദ്ദേഹത്തോട് എനിക്ക് ബഹുമാനവുമുണ്ട്. അതിനാല്‍ എന്റെ സമ്പാദ്യത്തില്‍നിന്ന് അദ്ദേഹത്തിന്റെ താടി വടിക്കാന്‍ ഞാന്‍ 100 രൂപ അയച്ചുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.