ബീജിംഗ്: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ചൈനയിലെ ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനി പുറത്തുവിട്ട വീഡിയോ വൈറലായിരിക്കുകയാണ്. വെറും 28 മണിക്കൂറും 45 മിനിറ്റുംകൊണ്ട് പത്ത് നില കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.
ചൈനയിലെ ചാങ്ഷാ നഗരത്തിലാണ് ബ്രോഡ് ഗ്രൂപ്പ് മുന്‍കൂടി നിര്‍മ്മിച്ച നിര്‍മ്മാണ സംവിധാനങ്ങള്‍ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ടത്. കെട്ടിടത്തിന് ആവശ്യമായ മുറികളും മറ്റു മൊഡ്യൂളുകളും നേരത്തെ തന്നെ ഒരു ഫാക്ടറിയില്‍ തയാറാക്കിയിരുന്നു.
ഈ ഭാഗങ്ങളെല്ലാം ട്രക്കുകളില്‍ സൈറ്റിലേക്ക് കൊണ്ടുപോയി യോജിപ്പിക്കുകയാണ് ചെയ്തത്. ഓരോ കെട്ടിടമൊഡ്യൂളിനും ഷിപ്പിങ് കണ്ടെയ്‌നറിന് സമാനമായ അളവുകളാണുള്ളത്. അതിനാല്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും കഴിഞ്ഞു.
ആവശ്യമായ ഭാഗങ്ങള്‍ നേരത്തെ നിര്‍മ്മാണസ്ഥലത്ത് എത്തിച്ചും യൂണിറ്റുകള്‍ പരസ്പരം ബന്ധിപ്പിച്ചും ക്രെയിനിന്റെയും മറ്റു സാങ്കേതിക സംവിധാനങ്ങളുടെയും സഹായം ഉപയോഗപ്പെടുത്തിയുമാണ് നിര്‍മ്മാണം വളരെ വേഗത്തില്‍ സാധ്യമാക്കിയത്.
സ്റ്റാന്‍ഡേര്‍ഡ് കണ്ടെയ്‌നര്‍ വലുപ്പം, ലോകമെമ്പാടുമുള്ള കുറഞ്ഞ ചെലവില്‍ ഗതാഗതം. വളരെ ലളിതമായ ഓണ്‍സൈറ്റ് ഇന്‍സ്റ്റാളേഷന്‍ എന്നിങ്ങനെയാണ് കമ്പനി വിഡിയോയില്‍ അവകാശപ്പെടുന്നത്.
കെട്ടിടം ഭൂകമ്പ പ്രതിരോധശേഷിയുള്ളതാണെന്നും ഡിസ്അസംബ്ലിങ് ചെയ്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാമെന്നും ബ്രോഡ് ഗ്രൂപ്പ് അറിയിച്ചു. 200 നിലകളുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഈ സംവിധാനം ഉപയോഗിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.