കീവ്: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആചാരപ്രകാരമുള്ള ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ജനുവരി ഏഴ് മുതല്‍ 36 മണിക്കൂര്‍ നേരത്തേക്ക് റഷ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഫലവത്തായില്ല.
വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്ന പ്രഖ്യാപിച്ച സമയത്തും ലുഹാന്‍സ്ക്, ഡൊണെറ്റ്സ്ക്, ബാഖ്മുത് എന്നീ നഗരങ്ങളില്‍ റഷ്യ മിസൈലുകള്‍ വര്‍ഷിച്ചു. വെടിനിര്‍ത്തല്‍ വാഗ്ദാനം തങ്ങള്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നും റഷ്യയുടെ വാഗ്ദാനങ്ങള്‍ സത്യമാണെന്ന ചിന്ത പണ്ടേ ഉപേക്ഷിച്ചെന്നും യുക്രെയ്ന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഖേഴ്സണ്‍ അടക്കമുള്ള നഗരങ്ങളിലെ ജനവാസകേന്ദ്രങ്ങളിലേക്ക് മിസൈലുകള്‍ പതിച്ചതോടെ യുക്രെയ്നും പ്രത്യാക്രമണം ശക്തമാക്കി.
ഇതിനിടെ, ജനുവരി ഏഴിന് ക്രിസ്മസ് ആചരിക്കുന്ന പതിവ് ഉപേക്ഷിച്ചതായും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വം അംഗീകരിക്കില്ലെന്നും അറിയിച്ചുകൊണ്ട് നിരവധി യുക്രെയ്ന്‍ പൗരന്മാര്‍ രംഗത്തെത്തി.