Thursday, December 26, 2024

HomeWorldയുദ്ധഭൂമിയിലെ കഴുകന്മാർ

യുദ്ധഭൂമിയിലെ കഴുകന്മാർ

spot_img
spot_img

ലേഖനം, അമ്പഴയ്ക്കാട്ട് ശങ്കരൻ

ക്രയിനിലേക്കുള്ള റഷ്യൻ അധിനിവേശം അടുത്ത് കാലത്ത് നടന്ന ഏറ്റവും ദു:ഖകരവും പ്രതിഷേധാർഹവുമായ മനുഷ്യവകാശ ലംഘനത്തിന്റെ തലത്തിലേക്ക് കടന്നിരിക്കുകയാണ്‌. മുപ്പത് ലക്ഷത്തിലേറെ അഭയാർത്ഥികൾ ഇതിനകം അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തിരിക്കുന്നു. പശ്ചാത്യ രാജ്യങ്ങളിലെ മാദ്ധ്യമറിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ റഷ്യ സൈന്യം ആശുപത്രികൾ, സാധാരണക്കാർ (civilians) ജീവിക്കുന്ന ഇടങ്ങൾ (residential areas) എന്നിവ ആക്രമിച്ച് തുടങ്ങിയിരിക്കുന്നു.

വിവിധ നഗരങ്ങൾ റഷ്യൻ സൈന്യം വളഞ്ഞതിന്റെ ഫലമായി വെള്ളം, വെളിച്ചം, ഭക്ഷണം എന്നിവയുടെ ലഭ്യത കുറയുന്നതോടെ ഇനിയുള്ള നാളുകൾ പട്ടിണിയുടെ രോഗത്തിന്റെ ദു:രിതങ്ങളുടേതായിർക്കും എന്നുള്ളതിന്‌ സംശയമില്ല. ഇപ്പോൾ തന്നെ റെഡ് ക്രോസ് നല്കുന്ന വിവരങ്ങൾ കരളിയിക്കുന്നതാണ്‌.

കഴിഞ്ഞ ഒരു ദശാബ്ദകാലമായിഅമേരിക്കയടക്കമുള്ള പശ്ചാത്യരാജ്യങ്ങൾ ഉക്രയിനിൽ നടത്തിയ ഇടപെടലുകൾ എന്തിനായിരുന്നു. മദ്ധ്യ-വലുതുപക്ഷ-തീവ്രവലതുപക്ഷ സ്വഭാവമുള്ള ജനങ്ങളുടെ ദേശാഭിമാനത്തെ ഉദ്ദീപിപ്പിച്ച് അധികാരത്തിലേറിയ പുട്ടിന്റെ ലക്ഷ്യമെന്താണ്‌.

ലെനിൽ മുതലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണകാലത്തേയും പശ്ചാത്യരാജ്യങ്ങളേയും ഒരുപോലെ പുട്ടിൻ പഴിക്കുന്നതിന്റെ കാരണമെന്തായിരിക്കും. റഷ്യൻ ജനതയുടെ ഉന്നമനത്തിനോ, അവരുടെ സ്വൈരജീവിതത്തിനോ വേണ്ടി ആയിരിക്കുമെന്ന് വിശ്വസിക്കുക പ്രയാസമാണ്‌. മാത്രമല്ല തന്റെ വ്യക്തിപരമായ അധികാരം നിലനിർത്തുന്നതിനുവേണ്ടി ഏതറ്റം വരെ പോകുമെന്ന് തെളിയിച്ച വ്യക്തിത്വമാണ്‌ പുട്ടിന്റേത്.

അധിനിവേശത്തിന്‌ ആസ്പദമായി പുട്ടിൻ പറയുന്ന ന്യായീകരണങ്ങൾ നിലവിലുള്ള രാജ്യാന്തര ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ മുഖവിലക്കെടുക്കേണ്ടത് തന്നെയാണ്‌. അതിന്‌ ഒരു യുദ്ധം ആവശ്യമാണോ എന്നതിനെക്കൂറിച്ച് മാത്രമെ തർക്കമുള്ളു റഷ്യയുടെ അയൽ രാജ്യങ്ങളെ നിരായുധീകരണ മേഖലയാക്കുക, പഴയ സോവിയറ്റ് പ്രവിശ്യകളെ നാറ്റോ അംഗമാക്കാതിരിക്കുക എന്ന രണ്ട് പ്രധാന ആവശ്യങ്ങളാണ്‌ റഷ്യക്ക് വേണ്ടി പുട്ടിൽ ഉന്നയിച്ചിട്ടുള്ളത്. മുൻ അമേരിക്കൻ പ്രസിഡണ്ട് ക്ലിന്റന്റെ കാലത്ത് അത്തരം ഒരു ഉറപ്പ്, കരാറായി ഇല്ലെങ്കിലും, കൊടുത്തിരുന്നു എന്നാണ്‌ പുട്ടിനെ വാദം.

സാമ്രാജ്യതാല്പര്യങ്ങളുടെ അടിയൊഴുക്കുകൾ

കഴിഞ്ഞ നൂറ്റാണ്ടിലെ അമേരിക്കൻ സമ്രാജത്വ താത്പര്യങ്ങളുടെ പ്രയോഗത്തിന്റെ ഒരു പരിണിത ഫലമാണ്‌ ഉക്രയിനിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതോടെ പശ്ചാത്യലോകത്ത് പൂർണാമായും മറ്റിടങ്ങളിൽ ഭാഗികമായും അമേരിക്കയുടെ സാമ്പത്തിക-സൈനിക ശക്തിയുടെ ഇടപെടലുകൾ അപ്രതിരോധ്യമാംവിധം വളർന്ന് വന്നു. അവരുടെ താല്പര്യങ്ങൾക്ക് വിഘാതം നില്ക്കുന്നവരെ നിലക്ക് നിർത്തുന്നതിന്‌ ഏതറ്റം വരെ പോകുന്നതിൻ ധാർമ്മികതക്കും, ജനാധിപത്യത്തിനും, മനുഷ്യാവകാശത്തിനും വേണ്ടി നിലനില്ക്കുന്നു എന്ന് അവകാശപ്പെടുന്നവർക്ക് ഒരു മടിയുമുണ്ടായില്ല.

അതിനുവേണ്ടി രക്ത ചീന്തുന്നതിനും, മരിക്കുന്നതിനും, സമ്പത്ത് ചിലവിടുന്നതിനും ദേശഭിമാനത്തിന്റെ പേരിൽ നിശ്ചയിച്ചു. അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കും വടക്കും അമേരിക്കൻ ഐക്യനാടിന്റെ കളിത്തൊട്ടിലായി സ്വയം പ്രഖ്യാപിച്ചു. അവരുടെ വിദേശനയത്തിന്റെ പ്രഖ്യാപിത നയമായ മൺറോ അനുശാസനം (Monroe Doctrine) ഒരു ഉളുപ്പുമില്ലാതെ അവർ പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ പ്രവർത്തികമാക്കി. ഈ പ്രദേശത്തെ ഏത് വിദേശ ഇടപെടലും അമേരിക്കൻ ഐക്യനാടിനുമേലുള്ള കടന്ന് കയറ്റമാണെന്ന് സ്വയം പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ് കെന്നഡിയുടെ കാലത്ത് ഉണ്ടായ ക്യൂബൻ മിസൈൽ പ്രതിസന്ധി ഘട്ടത്തിൽ അമേരിക്ക എടുത്ത നിലപാട് മൺറോ അനുശാസനത്തിന്റെ ഭാഗമായി ഓർക്കാവുന്നതാണ്‌.

അമേരിക്കയുടെ മറ്റ് തന്ത്രപരമായ താത്പര്യമുള്ള പ്രദേശങ്ങൾ യൂറോപ്പും, ഗൾഫ് മേഖലയും, ചൈനയും ജപ്പാനും കൊറിയയും മറ്റും അടങ്ങുന്ന കിഴക്കനേഷ്യയുമാണ്‌. അതിൽ യൂറോപ്പ്യൻ മേഖലക്ക് പ്രത്യേക പ്രാധാന്യവുമുണ്ട്. ലോകത്തിലെ പ്രധാന ഊർജ്ജസ്രോതസ്സായ എണ്ണയുടെ പ്രധാന ഭാഗം ഗൾഫ് മേഖലയായതുകൊണ്ട് അതിന്‌ അമേരിക്കയുടെ കണ്ണിൽ രണ്ടാമത്തെ പ്രാധാന്യം ഉണ്ടെന്ന് പറയാം. രണ്ടാം ലോക മഹയുദ്ധത്തിൽ വൈകിയാണെങ്കിലും അമേരിക്കയുടെ ചേരലും, കൊറിയയിലും വിയറ്റ്നാമിലും നടന്ന യുദ്ധങ്ങളിൽ അമേരിക്ക നടത്തിയ ഇടപെടലും പങ്കാളിത്തവും ഈ ഭൂപ്രദേശങ്ങളിലെ സാമ്രാജത്വവികസന മോഹങ്ങളുടെ ചരിത്ര അടയാളങ്ങളാണ്‌. കൂടാതെ, തങ്ങളുടെ രക്തം ചീന്തി സംരക്ഷിക്കാൻ താത്പര്യമില്ലെങ്കിലും, 70-ഓളം രാജ്യങ്ങളിലായി 800-പരം സൈനീക താവളങ്ങളുണ്ട് (military base). പുരോഗമന-ഇടതുപക്ഷ ചിന്തകർ ഇത്തരം കാര്യങ്ങൾ കണക്കുകൾ സഹിതം ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചാലും കേരളത്തിലെ (ഇന്ത്യയിലേയും ലോകത്തിലേയും) വലതുപക്ഷ-ചില മദ്ധ്യവർഗ്ഗ ചിന്തകർ പലപ്പോഴും അവഗണിക്കുക, അതല്ലെങ്കിൽ “സമ്രാജ്യത്വം”മെന്ന സംജ്ഞയെപ്പോലും പുച്ഛിച്ച് തള്ളുകയാണ്‌ പതിവ്.

എന്തുകൊണ്ട് യുദ്ധം – ആഴത്തിലുള്ള കാരണങ്ങൾ

പശ്ചാത്യ രാജ്യങ്ങളിലെ ഭരണ വർഗ്ഗം യൂറോപ്പിൽ നടത്തിക്കൊണ്ടിരിക്കുന്ന നടപടികൾക്ക് പ്രധാനമായും മുന്ന് ലക്ഷ്യങ്ങളുണ്ട്. നാറ്റോ (NATO) എന്ന സൈനീക ശക്തിയെ ശക്തിപ്പെടുത്തുക, യൂറോപ്യൻ യൂണീയൻ (EU) എന്ന സാമ്പത്തിക കൂട്ടായ്മയെ വിപുലീകരിക്കുക, മൂൻ സോവിയറ്റ് യൂണീയൻ സാമന്ത രാജ്യങ്ങളെ “ജനാധിപത്യവത്ക്കരിക്കുക” എന്നിവയാണവ.

മൂന്നാമത്തെ ലക്ഷ്യം പ്രത്യേക ഉദ്ധരണിയായി പറഞ്ഞതിന്‌ കാരണം, ജനാധിപത്യവത്ക്കരിക്കുക എന്ന വാക്ക് സത്യസന്ധമായോ നിർദ്ദോഷമായോ അതിന്റെ പൂർണ്ണാർത്ഥത്തിലോ അല്ല, പാശ്ചാത്യ മുതലാളിത്ത മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ഏത് വിഷയത്തിലും തങ്ങളുടെ ചൊല്പിടിക്ക് നില്ക്കുന്ന ഭരണാധികാരികളെ അധികാരത്തിൽ കൊണ്ടുവരിക എന്ന മിനിമം പരിപാടി മാത്രമെ ആ പദത്തിന്‌ അവരുടെ നിഘണ്ടുവിൽ അർത്ഥമുള്ളു. നാറ്റോ വിപുലീകരണത്തിന്റെ ഭാഗമായി ആദ്യം പോളണ്ടും ഹങ്കറിയും ചെക് റിപ്പബ്ലിക്കും പിന്നീട് ബാൾട്ടിക് രാജ്യങ്ങൾ എന്നറിയപ്പെടുന്ന എസ്റ്റോണിയ ലാത്വിയ ലിത്വേനിയ ബൾഗേറിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരപ്പെട്ടു. രണ്ടാമത്തെ വിപുലീകരണം റഷയുടെ മൂക്കിൻ തുമ്പത്തെത്തിയെങ്കിലും അന്നത്തെ റഷ്യയുടെ രാഷ്ടീയ-സാമ്പത്തിക സ്ഥിതി അവരെ ശക്തമായ പ്രതികരണങ്ങളിൽ വിമുഖമാക്കുകയാണ്‌ ഉണ്ടായത്.

എന്നാൽ 2008 ഏപ്രിലിൽ ബുക്കറസ്റ്റിൽ (Bucharest) നടന്ന നാറ്റോ ഉച്ചകോടിയിൽ ജോർജിയയേയും ഉക്രയിനേയും നാറ്റോയുടെ ഭാഗമാക്കുമെന്ന് പ്രഖ്യാപിച്ചത് റഷ്യയെ ശരിക്കും ശുണ്ഠി പിടിപ്പിച്ചു. അപ്പോഴേക്കും റഷ്യ തങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ കുറച്ചൊക്കെ കരകയറുകയും പശ്ചാത്യ പാവയായിരുന്ന റഷ്യയുടെ പ്രസിഡണ്ട് ബോറിസ് യെത്സിൻ (Boris Yeltsin) -ൽ നിന്ന് അധികാരം പുട്ടിൻ ഏറ്റെടുക്കുകയും പ്രധാനമന്ത്രിയായും പ്രസിഡണ്ടായും, റഷ്യയുടെ ദേശാഭിമാനവും ആത്മാഭിമാനവും ഉയർത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്, തന്റെ അധികാരം അരക്കെട്ടിയുറപ്പിക്കുകയും ചെയ്തിരുന്നു.

പിന്നീട് നടന്നത് പുട്ടിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള നടപടികളായിരുന്നു. 2008 ആഗസ്റ്റിൽ ജോർജിയായും, 2014 ഫെബ്രുവരിയിൽ, പണ്ട് സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്ത് 1954 ഫെബ്രുവരിയിൽ ഉക്രയിന്‌ നല്കിയ, ക്രൈമിയ ബലമായി തിരിച്ചെടുക്കുകയും ചെയ്തത് റഷ്യയും ഉക്രയിനും തമ്മിലും റഷ്യയും പശ്ചാത്യലോകവും തമ്മിലും ഉള്ള ബന്ധം തിരിച്ചുപോകാൻ കഴിയാത്ത വിധം വഷളാക്കി.

ഭാഷന്യൂനപക്ഷവും സ്വത്വരാഷ്ട്രീയവും

ഉക്രയിനിൽ 22 ശതമാനത്തോളം വരുന്ന റഷ്യൻ ഭാഷ സംസാരിക്കുന്നവരുണ്ട്. അതിൽ മഹാഭൂരിപക്ഷവും റഷ്യയോട് അടുത്തുകിടക്കുന്ന കിഴക്കൻ ഉക്രയിനിലാണ്‌. ഈ ഭാഷന്യൂനപക്ഷങ്ങളുടേയും മഹഭൂരിപക്ഷം വരുന്ന ഉക്രയിൻ ഭാഷ സംസാരിക്കുന്നവരുടേയും സ്വത്വരാഷ്ട്രീയം, 2014 നടന്ന ഭരണ അട്ടിമറി (coup) അഥവാ അമേരിക്കൻ ഭാഷയിൽ “ജനാധിപത്യവത്ക്കരണം” എന്നിവ ഉക്രായിൻ ജനങ്ങളെ രണ്ട് തട്ടിലാക്കുകയും, തീർച്ചയായും അതിൽ ഉക്രയിൻ ഭാഷ സംസാരിക്കുന്നവർക്ക് മൃഗീയ ഭുരിപക്ഷമുണ്ടെന്നുത് ശരിയണ്‌, പിന്നീട് നടന്ന റഷ്യ ഒരു വശത്തും പശ്ചാത്യലോകം മറുവശത്തുമായി നടന്ന അഭ്യന്തര യുദ്ധത്തിന്‌ ഒരു കാരണമായി.

ഭരണ അട്ടിമറിയിലെ അന്തർനാടകങ്ങൾ, അമേരിക്കൻ ഐക്യനാടുകൾ തെക്കെ അമേരിക്കയിൽ 1980 വരെ പിന്തുടർന്നുവന്ന, അസംബന്ധ ജനാധിപത്യ നിഷേധ പ്രയോഗങ്ങളായിരുന്നു. പ്രായമേറെയില്ലാത്ത നവ-മുതലാളിത്ത-ജനാധിപത്യ രാജ്യങ്ങളിൽ അഴിമതി എല്ലായ്പ്പോഴും ഒരു മഹാരോഗമായിരിക്കും. അത് മഹാഭുരിപക്ഷജനതയേയും ആശങ്കാകുലരും രോഷാകുലരുമാക്കും.

വ്യവസ്ഥിതിയുടെ തന്നെ ഒരു ഉത്പന്നമാണ്‌ അഴിമതി എന്ന സത്യം, മറ്റു ലളിത യുക്തികളുടെ അതിപ്രസരത്തിൽ, ജനങ്ങൾ മനസിലാക്കാൻ കഴിയാതിരിക്കുകയോ അവർ മറക്കുകയോ ചെയ്യും. 2010 ഫെബ്രുവരി മുതൽ 2014 ഫെബ്രുവരി വരെ പ്രസിഡണ്ടായിരുന്ന വിക്റ്റർ യാനുക്കോവിച് (Viktor Fedorovych Yanukovych) – നെ അട്ടിമറിക്കുന്നതിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ അമേരിക്കൻ പക്ഷ പ്രസിഡണ്ടുമാരെ അധികാരത്തിൽ കൊണ്ടുവരുന്നതിലും വലതുപക്ഷമാദ്ധ്യമങ്ങൾക്കും, യൂറോപ്പിനും അമേരിക്കക്കും ജനാധിപത്യത്തിന്‌ ആശാസ്യമല്ലാത്ത നിലയിൽ വലിയ പങ്കുണ്ട്.

2013 നവമ്പർ മുതൽ 2014 ഫെബ്രുവരി വരെ ഉക്രയിനിൽ നടന്ന സംഭവങ്ങൾ ഇന്നത്തെ സ്ഥിതിയിലേക്ക് യൂറോപ്പിനെ നയിക്കുന്നതിൽ കാരണമയി. യാനുക്കോവിച്ച് ഗവർന്മെന്റ് യൂറോപ്യൻ വായ്പ വേണ്ടെന്ന് വെച്ചത്, റഷ്യ 15 ബില്യൻ ഡോളറിന്റെ വായ്പ പ്രഖ്യാപിച്ചത്, അതിന്റെ ഭാഗമായി ഉണ്ടായ പ്രതിഷേധങ്ങളും തുടർന്നുള്ള കലാപത്തിൽ 70-ൽ പരം ആളുകൾ കൊല്ലപ്പെട്ടത്, യാനുക്കോവിച്ച് രാജ്യം വിട്ടത് എന്നിവ അഭ്യന്തര സംഘർഷങ്ങൾ മൂർച്ഛിക്കുന്നതിൽ വലിയ പങ്കാണ്‌ വഹിച്ചത്. കൂടാതെ ഈ സംഘർഷങ്ങളിൽ ഫാസിസ്റ്റ് സ്വഭാവമുള്ള ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കി.

ആയുധ കയറ്റുമതിയുടെ ധനതത്വശാസ്ത്രം

സമാധാനത്തിന്‌ ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ അമേരിക്കക്കും റഷ്യക്കും നാറ്റോ രാജ്യങ്ങൾക്കും കൂട്ടായി ചർച്ച് ചെയ്ത് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമെ ഉക്രയിനുമായി ബന്ധപ്പെട്ട് നിലനില്ക്കുന്നുള്ളു. പ്രശ്നപരിഹാരത്തിന്‌ ഉക്രയിനിന്റെ വേഷം (role) തുലോം ചെറുതാണെന്നുള്ളതാണ്‌ യാഥാർത്ഥ്യം. പിന്നെ എന്തുകൊണ്ടായിരിക്കും ഒഴിവാക്കാൻ കഴിയുന്ന ഈ യുദ്ധം നടക്കട്ടെ എന്ന് അമേരിക്കൻ പക്ഷവും റഷ്യയും തീർമാനിച്ചത്. അതിന്റെ ഉള്ളറകളിലേക്ക് കടന്ന് പരിശോധിക്കുമ്പോഴാണ്‌ ഈ രാജ്യങ്ങളുടെ സാമ്രാജത്വ താത്പര്യങ്ങളും അവിടങ്ങളിലെ ആയുധ നിർമ്മാണ വിപണന സ്ഥാപനങ്ങളുടെ ദുഷ്ടലാക്കുകളും മനസ്സിലാക്കാൻ കഴിയുകയുള്ളു.

Fig 1. United States Weapon Sales in million dollars

ഉക്രയിനിലെ ഇന്നത്തെ ഭരണാധികാരികളെ പിരികയറ്റി റഷ്യയുമായി അകറ്റിയപ്പോൾ, നിലവിലുള്ള പ്രസിഡന്റ് വ്ലാഡമിർ സെലൻസ്കി (Volodymyr Zelenskyy) ആത്മാർത്ഥമായി വിശ്വസിച്ചത് പശ്ചാത്യ രാജ്യങ്ങൾ നിർണ്ണായക ഘട്ടത്തിൽ സൈനിക സഹായത്തിലുപരി നേരിട്ട് യുദ്ധത്തിൽ പങ്കെടുമെന്നായിരുന്നു. അതുകൊണ്ടാണ്‌, 800 മില്യൻ ഡോളറിന്റെ ആയുധ സഹായം നല്കിയപ്പോഴും സെലൻസ്കി തൃപ്തനാകാത്തത്.

ഉക്രയിന്റെ ആകാശ സഞ്ചാരങ്ങളെ നിയന്ത്രിക്കൻ കഴിയുന്ന് “നൊ ഫ്ലൈ സോൺ” നടപ്പാക്കാൻ തയ്യാറല്ലാത്ത അമേരിക്ക സെലൻസ്കിയുടെ അധികാര സ്വപ്നങ്ങളെ അസ്തമിപ്പിച്ചു. മൂന്നാം ലോക മഹായൂദ്ധം ഉണ്ടാക്കുമെന്ന് ഉറപ്പുള്ള നൊ ഫ്ലൈ സോൺ വേണ്ടെന്ന തീർപ്പ് കല്പിച്ച അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അത്ര വിഡ്ഢികളല്ലെന്ന് തെളിയിച്ചു. എല്ലാ കാലത്തും സമ്രാജത്വ ശക്തികൾ പവലിയനിലിരുന്ന് കളി കാണുകയെ ചെയ്യുകയുള്ളു, കളത്തിലിറങ്ങി കളിക്കുകയില്ല. വിവിധ ട്രോളുകളിൽ ഉക്രെയിന്റ് (Ukrained) എന്ന് പരിഹാസ്യമുണർത്തുന്ന പദം ഉണ്ടായത് അങ്ങിനെയാണ്‌.

ഒരു വർഷത്തിൽ ശരാശരി ഏകദേശം പതിനായിരം മില്യൻ ഡോളറിന്റെ ആയുധ വില്പന നടത്തുന്ന രാജ്യമാണ്‌ അമേരിക്കൻ ഐക്യനാടുകൾ. അതിന്റെ പകുതൊയോളം റഷ്യയും വില്പന നടത്തുന്നു (ചാർട്ടുകൾ കാണുക). ബ്രിട്ടനും ഫ്രാൻസിനും ജർമ്മനിക്കും അവരുടേതായ പങ്കുമുണ്ട്. ഇറാക്കിലെ യുദ്ധം കഴിഞ്ഞിരിക്കുന്നു. അഫ്ഘാനിസ്ഥാനിൽ നിന്ന് അമേരിക്കൻ ഭരണാധികാരികൾക്ക് നാണംകെടും വിധം പിൻവാങ്ങേണ്ടി വന്നിരിക്കുന്നു. സിറിയയിൽ റഷ്യക്കും അമേരിക്കക്കും എത്ര കാലം എങ്ങിനെ തുടരാൻ കഴിയുമെന്ന് ആർക്കുമറിയില്ല.

സൗദി അറേബിയയും യെമനുമായുള്ള യുദ്ധത്തിന്റെ കെടുതികൾ അവിടുത്തെ യുദ്ധത്തെ തണുപ്പിച്ചിരിക്കുന്നു. ഇനിയെവിടെ ആയുധം വില്ക്കുമെന്ന ആയുധ നിർമ്മാണ വിപണന സമുച്ചയങ്ങളുടെ (military-industrial complex) ചോദ്യത്തിന്റെ ഉത്തരമാണ്‌ ഉക്രയിൻ.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യുദ്ധങ്ങൾ ഒഴിവാക്കാൻ രൂപംകൊണ്ട ഐക്യരാഷ്ട്രസഭ നോക്കുക്കുത്തിയായി ലോകത്തിലെ ജനങ്ങളെ പല്ല്ലിളിച്ച് കാണിച്ചുകൊണ്ടേയിരിക്കുന്നു. ഈ യുദ്ധം ഒരു മൂന്നാം ലോക ന്യൂക്ലിയർ യുദ്ധമായി പരിണമിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാനെ ഏതൊരു ലോകപൗരനും നിർവാഹമുള്ളു.


  • ഈ ലോകത്തിൽ ജീവിക്കാൻ അർഹതയുള്ള കഴുകൻ എന്ന് ജീവിയോട് മാപ്പ്. ഞങ്ങൾ മനുഷർ ഏത് ജീവിയേയും എങ്ങിനേയും നിർവചിക്കും.
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments