ബെയ്ജിങ്: ഡൊണൾഡ് ട്രംപ് ഭരണത്തിന് കീഴിൽ അമേരിക്ക തുടക്കമിട്ട തീരുവ ചൂഷണത്തിനെതിരേ ഒരുമിച്ചുനില്‍ക്കാൻ ഇന്ത്യയോട് അഭ്യര്‍ഥിച്ച് ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിങ്ങ് സാമൂഹിക മാധ്യമത്തിലാണ് ആവശ്യം ഉന്നയിച്ചത്.
“ചൈന-ഇന്ത്യ സാമ്പത്തിക, വ്യാപാര ബന്ധം പരസ്പര പൂരകത്വത്തിലും പരസ്പര നേട്ടത്തിലും അധിഷ്ഠിതമാണ്. രാജ്യങ്ങൾക്ക്, പ്രത്യേകിച്ചും ഗ്ലോബല്‍ സൗത്ത് രാജ്യങ്ങൾക്ക് വികസനത്തിനുള്ള അവകാശം നിഷേധിക്കുന്ന യുഎസ് തീരുവ ദുരുപയോഗത്തെ നേരിടേണ്ടതുണ്ട്. രണ്ട് വലിയ വികസ്വര രാജ്യങ്ങൾ ഈ ബുദ്ധിമുട്ടുകൾ മറികടക്കാൻ ഒരുമിച്ച് നിൽക്കണം” എന്നാണ് ആവശ്യം.
വ്യാപാരയുദ്ധത്തിലും തീരുവയുദ്ധത്തിലും ജേതാക്കളില്ലെന്നും ജിങ്ങ് ഓർമപ്പെടുത്തുന്നു. വിശാലമായ ചര്‍ച്ചകളും രാജ്യങ്ങൾ തമ്മിലുള്ള സത്യസന്ധമായ സഹകരണവും സാധ്യമാക്കുന്ന തത്വങ്ങള്‍ എല്ലാ രാജ്യങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്നും എല്ലാ വിധത്തിലുമുള്ള എകപക്ഷീയതയെയും സംയുക്തമായി എതിര്‍ക്കണമെന്നും ആവശ്യപ്പെട്ടു.
ചൈന പ്രതിവര്‍ഷം ആഗോള വളര്‍ച്ചയുടെ 30 ശതമാനത്തോളം സംഭാവന ചെയ്യുന്നുണ്ട്. ലോകവ്യാപാര സംഘടനയെ കേന്ദ്രമാക്കി നിലനിര്‍ത്തിക്കൊണ്ട് ബഹുമുഖ വ്യാപാര സംവിധാനത്തെ സംരക്ഷിക്കാന്‍ ലോകത്തെ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവർ വ്യക്തമാക്കുന്നു.