വത്തിക്കാൻ: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരം അര്‍പ്പിക്കാന്‍ വത്തിക്കാനിലേക്ക് വിശ്വാസികളുടെ പ്രയാണം ആരംഭിച്ചു കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ള പ്രമുഖര്‍ സംസ്കാര ചടങ്ങുകള്‍ക്ക് എത്തും.
വലിയ ഇടയന്റെ വിയോഗ വാര്‍ത്ത അറിഞ്ഞത് മുതല്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മാര്‍പാപ്പയ്ക്ക് വേണ്ടി നിലവില്‍ നടക്കുന്ന പ്രാര്‍ഥനകളില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ലോകനേതാക്കളും രാഷ്ട്രതലവന്‍മാരും ഫ്രാന്‍സിസ് പാപ്പയ്ക്ക് ആദരം അര്‍പ്പിക്കാന്‍ സംസ്കാര ചടങ്ങുകള്‍ക്ക് എത്തുമെന്ന് അറിയിച്ചു. ഭാര്യയ്ക്കൊപ്പം വത്തിക്കാനിലെത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വ സംസ്കാര ചടങ്ങുകള്‍ക്കായി വത്തിക്കാനിലെത്തുമെന്ന് പ്രഖ്യാപിച്ചു. പാപ്പയോടുള്ള ആദരസൂചകമായി തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണിയോ ആല്‍ബനിസ് പ്രാര്‍ഥന ചടങ്ങുകളില്‍ പങ്കെടുത്തു. ഞങ്ങള്‍ അങ്ങയെ മിസ് ചെയ്യുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഫുട്ബോള്‍ ഇതിഹാസം മെസിയുടെ കുറിപ്പ്. ആഭ്യന്തര ഫുട്ബോള്‍ മത്സരങ്ങള്‍ മാറ്റിവെച്ചതായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും അറിയിച്ചു.