കിവ്: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം 72 ദിവസം പിന്നിടവെ, മരിയുപോളിലെ അസോവ്സ്റ്റാള്‍ ഉരുക്കു ഫാക്ടറിയില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്.
ശക്തമായ ചെറുത്തുനില്‍പ് നടത്തുന്ന സൈനികരോട് ആയുധംവെച്ച് കീഴടങ്ങണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു.
യു.എന്‍ നേതൃത്വത്തിലുള്ള സുരക്ഷ നടപടികളുടെ ഭാഗമായി മരിയുപോളില്‍നിന്ന് 500 സിവിലിയന്‍മാരെ ഒഴിപ്പിച്ചു. ഫാക്ടറിയില്‍നിന്ന് കൂടുതല്‍ പേരെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുകയാണ്. 20 കുട്ടികളടക്കം 200ഓളം ആളുകള്‍ ഫാക്ടറിയുടെ ബങ്കറില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. യുക്രെയ്ന്റെ നിരവധി ആയുധകേന്ദ്രങ്ങളും ശക്തികേന്ദ്രങ്ങളും തകര്‍ത്തതായും 600 സൈനികരെ വധിച്ചതായും റഷ്യ അവകാശപ്പെട്ടു.
യു.എസും നാറ്റോ രാജ്യങ്ങളും യുക്രെയ്ന് രഹസ്യവിവരങ്ങള്‍ പതിവായി നല്‍കുന്നതായി റഷ്യ ആരോപിച്ചു. അതേസമയം, റഷ്യന്‍ ജനറലുമാരെ കുറിച്ച് യുക്രെയ്ന് വിവരങ്ങള്‍ നല്‍കിയെന്ന റിപ്പോര്‍ട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് തള്ളി.