ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ അരങ്ങേറുന്ന ഭീകരാക്രമണം മനുഷ്യത്വത്തിന് നേരെയുള്ള വെല്ലുവിളിയെന്ന് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്.
താലിബാന്‍ ഭരണത്തിന്റെ കീഴില്‍ അക്രമം വര്‍ദ്ധിച്ചിരിക്കുന്നു. ഹസാറാ ഷിയാ സമൂഹവും കുട്ടികളും ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നത് തീര്‍ത്തും അപലപനീയമാണെന്നും ഭീകരര്‍ മൃഗീയതയാണ് കാണിക്കുന്നതെന്നും ഗുട്ടാറസ് ആരോപിച്ചു.
‘അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പും പ്രതിഷേധവുമാണ് ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ് അറിയിക്കുന്നത്. മസാര്‍ ഇ ഷെരീഫ് സിറ്റിയില്‍ വാഹനത്തിലും ഹസാറാ ഷിയാ സമൂഹത്തിന്റെ മസ്ജിദ് ഹസ്‌റത് സക്കറിയയിലും ബോംബ് സ്‌ഫോടനം നടന്നു. നിരവധി മനുഷ്യജീവനുകളാണ് ബോംബാക്രമണങ്ങളില്‍ പൊലിയുന്നത്. 16 കുട്ടികളാണ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതെല്ലാം ലോകത്തെ ഞെട്ടിപ്പിക്കുന്നതും തീര്‍ത്തും മനുഷ്യത്വ രഹിതവുമാണ്.’ ഗുട്ടാറസ് പറഞ്ഞു.
വിവിധ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും അന്റോണിയോ ഗുട്ടാറസ് പറഞ്ഞു