യുകെ സ്വദേശിയായ കാര്‍ലോ അക്യൂട്ടിസ് ആദ്യ മില്ലേനിയല്‍ സെയ്ന്റ് പദവിയിലേക്ക്. 2006ല്‍ ലുക്കീമിയ രോഗം ബാധിച്ച് മരിച്ച 15കാരനാണ് കാര്‍ലോ അക്യൂട്ടിസ്. കാര്‍ലോയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി തീരുമാനിക്കുകയായിരുന്നു.
കാര്‍ലോ അക്യൂട്ടിസ്
കംപ്യൂട്ടര്‍ പ്രതിഭയായിരുന്ന കാര്‍ലോ അക്യുട്ടിസ് 2006ലാണ് അന്തരിച്ചത്. റോമന്‍ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കുന്നതിന് അദ്ദേഹം തന്റെ കംപ്യൂട്ടര്‍ പരിജ്ഞാനം ഉപയോഗിച്ചിരുന്നു.
1991ല്‍ ലണ്ടനിലാണ് അക്യൂട്ടിസ് ജനിച്ചത്. ഇറ്റാലിയന്‍ വംശജരായിരുന്ന ആന്‍ഡ്രിയ അക്യൂട്ടിസ്-അന്റോണിയോ സാല്‍സാനോ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. മാതാപിതാക്കളോടൊപ്പം മിലനില്‍ ആയിരുന്നു കാര്‍ലോ തന്റെ കുട്ടിക്കാലം ചെലവഴിച്ചത്.
ചെറുപ്പത്തില്‍ തന്നെ മതപരമായ കാര്യങ്ങളില്‍ കാര്‍ലോ താല്‍പ്പര്യം കാണിച്ചിരുന്നു. മൂന്ന് വയസ്സ് തികയുന്നതിന് മുമ്പ് പള്ളികള്‍ സന്ദര്‍ശിക്കണമെന്നും തന്റെ പോക്കറ്റ് മണി പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്നും അവന്‍ പറയുമായിരുന്നുവെന്ന് കാര്‍ലോയുടെ പിതാവ് പറഞ്ഞു.
സഹപാഠികളുടെ മാതാപിതാക്കള്‍ വിവാഹമോചിതരാകുന്ന സാഹചര്യത്തില്‍ കൂട്ടുകാരെ ആശ്വസിപ്പിക്കാന്‍ കാര്‍ലോ ശ്രമിച്ചിരുന്നു. ഭിന്നശേഷിക്കാരായ സുഹൃത്തുക്കളെ മറ്റുള്ളവരുടെ കളിയാക്കലില്‍ നിന്നും രക്ഷപ്പെടുത്താനും കാര്‍ലോ ശ്രമിച്ചു. കൂടാതെ മിലനിലെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും പുതപ്പുകളും എത്തിക്കുന്നതിലും കാർലോ താല്‍പ്പര്യം കാണിച്ചിരുന്നു.
ചെറിയ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ തന്നെ കോഡിംഗിനെപ്പറ്റി കാര്‍ലോയ്ക്ക് അറിവുണ്ടായിരുന്നു. പിന്നീട് കോഡിംഗ് പഠിക്കുകയും കത്തോലിക്കാ വിഭാഗങ്ങള്‍ക്കായി വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കാനും അദ്ദേഹം മുന്നോട്ട് വന്നു.
ഇറ്റലിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളും മറ്റ് വസ്തുക്കളും ശവകൂടീരത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.