Thursday, February 22, 2024

HomeWorldനെതന്യാഹു പുറത്തേക്ക്; ഇസ്രായേല്‍ തലപ്പത്ത് ഇനി അമേരിക്കന്‍ രക്തം ബെന്നറ്റ്‌

നെതന്യാഹു പുറത്തേക്ക്; ഇസ്രായേല്‍ തലപ്പത്ത് ഇനി അമേരിക്കന്‍ രക്തം ബെന്നറ്റ്‌

spot_img
spot_img

ടെല്‍ അവീവ്: 12 വര്‍ഷമായി ഇസ്രായേല്‍ പ്രധാനമന്ത്രിയായി തുടരുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണം അവസാനിക്കുന്നു. സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. ഇക്കാര്യം പ്രതിപക്ഷ നേതാവ് പ്രസിഡന്റിനെ അറിയിച്ചു.

8 പാര്‍ട്ടികള്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. പ്രധാനമന്ത്രി പദം പങ്കുവയ്ക്കും. ആദ്യം 49കാരനായ തീവ്ര ദേശീയ നേതാവ് നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും. പിന്നീട് രണ്ടു വര്‍ഷം മതേതര വാദിയായ യെര്‍ ലാപിഡ് രാജ്യം ഭരിക്കും. ഇസ്രാലേയിലെ അറബ് വംശജരുടെ പാര്‍ട്ടിയായ റാമിന്റെ പിന്തുണയും പുതിയ സര്‍ക്കാരിനുണ്ട്.

എന്നാല്‍ പുതിയ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. 120 അംഗ പാര്‍ലമെന്റില്‍ ഒരാഴ്ച്ചക്കകം സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടണം. വിശ്വാസ വോട്ടില്‍ പരാജയപ്പെട്ടാല്‍ പ്രതിപക്ഷത്തിന് ഭരിക്കാന്‍ സാധിക്കില്ല. രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. ഇസ്രായേലിലെ മൊത്തം ജനങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ലാപിഡ് പറഞ്ഞു.

ടെല്‍ അവീവിലെ ഹോട്ടലില്‍ നടന്ന ചര്‍ച്ചയിലാണ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായത്. ഹോട്ടലിന് പുറത്ത് സഖ്യസര്‍ക്കാരിനെ എതിര്‍ത്തും അനുകൂലിച്ചും പ്രകടനങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് ശക്തമായ പോലീസ് സാന്നിധ്യം നിലയുറപ്പിച്ചിരിക്കെയാണ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷം ധാരണയിലെത്തിയിരിക്കുന്നത്. അതേസമയം, വ്യത്യസ്ത ആശയധാരകളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണ് ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഭാവി എന്താകുമെന്ന് പ്രവചിക്കല്‍ അസാധ്യമാണ്.

49കാരനായ ബെന്നറ്റിന്റെ മാതാപിതാക്കള്‍ അമേരിക്കക്കാരാണ്. സജീവ രാഷ്ട്രീയത്തിലിറങ്ങും മുമ്പേ ടെക് ലോകത്തെ വമ്പന്‍ ബിസിനസ്‌കാരനായി ഇദ്ദേഹം പേരെടുത്തിട്ടുണ്ട്. കടുത്ത വലതു പക്ഷക്കരാനാണ് ബെന്നറ്റ്. തീവ്രദേശീയ വാദി എന്നാണ് ഇസ്രായേലിലെ ചില മാധ്യമങ്ങള്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ജൂതരാജ്യത്തിന്റെ കടുത്ത വാദിയാണ് ബെന്നറ്റ്.

വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍, കിഴക്കന്‍ ജറുസലേമിന്റെ ഭാഗങ്ങള്‍, ഇസ്രായേല്‍സിറിയ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം കൈക്കലാക്കിയ ഗോലാന്‍ താഴ്‌വരകള്‍ എന്നിവ ഇസ്രായേലിന്റെ ഭാഗമാണെന്ന് ബെന്നറ്റ് ശക്തമായി വാദിക്കുന്നു. എന്നാല്‍ ഇതുവരെയും ഗാസയുടെ അവകാശ വാദം ബെന്നറ്റ് ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇസ്രായേല്‍ സെറ്റില്‍മെന്റിനെ പ്രതിനിധീകരിക്കുന്ന സംഘടനയായ യെഷ്വാ കൗണ്‍സിലിന്റെ മേധാവി സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. പാലസ്തീന്‍ രാജ്യരൂപീകരണത്തെ ഇദ്ദേഹം ഒരു തരത്തിലും അംഗീകരിക്കുന്നില്ല. പാലസ്തീന്‍ പോരാളികളെ തൂക്കിക്കൊല്ലണമെന്നാണ് ബെന്നറ്റിന്റെ നയം.

”അദ്ദേഹം രാഷ്ട്രീയ എതിരാളികളെ ബഹിഷ്‌കരിക്കുന്ന ഒരാളല്ല. ദേശീയവാദിയാണ്. പാലസ്തീന്‍ രാജ്യരൂപീകരണത്തെ എന്നത്തേക്കുമായി എതിര്‍ക്കുന്ന ശക്തനും അഭിമാനിക്കാവുന്നതുമായ ഒരു വലതുപക്ഷക്കാരന്‍. ഏത് സാഹചര്യത്തിലായാലും വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ പരിധി 60 ശതമാനം കൂടി വര്‍ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നയാള്‍…”

ടൈംസ് ഓഫ് ഇസ്രായേല്‍ ബെന്നറ്റിനെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. ബെന്നറ്റ് അധികാരത്തില്‍ വരുന്നത് പാലസ്തീന്‍ഇസ്രായേല്‍ തര്‍ക്കത്തിലെ ദ്വിരാഷ്ട്ര പരിഹാരത്തിനും സമാധാന ചര്‍ച്ചകള്‍ക്കും തിരിച്ചടിയാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം അറബ് സഖ്യകളെകൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ പാലസ്തീന്‍ വിഷയത്തിലെ നയത്തില്‍ അയവ് വരുമോ എന്ന ചോദ്യവുമയരുന്നു. ”ഞാന്‍ ബിബിയേക്കാള്‍ വലിയ വലതുപക്ഷക്കാരനാണ്. പക്ഷെ എനിക്ക് രാഷ്ട്രീയമായി മുന്നേറാന്‍ ഞാന്‍ വെറുപ്പും വിഭാഗീതയും ഉപയോഗിക്കുന്നില്ല…” ബെന്നറ്റ് പറയുന്നു.

ഇസ്രായേലിന്റെ ചരിത്രത്തില്‍ ഏറ്റവും കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയാണ് നെതന്യാഹു. എന്നാല്‍ അഴിമതി കേസുള്‍പ്പെടെയുള്ള വിവാദങ്ങളാല്‍ രണ്ടു വര്‍ഷത്തോളമായി ജനരോഷം ഇദ്ദേഹത്തിനെതിരെ ശക്തമായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments