ന്യൂയോര്‍ക്ക് : വിഖ്യാത മനഃശാസ്ത്രജ്ഞന് സിഗ്മണ്ട് ഫ്രോയ്ഡിന്റെ കൊച്ചുമകള്‍ സോഫി ഫ്രോയ്ഡ് ( 97 ) അന്തരിച്ചു.
മസാച്യുസെറ്റ്സിലെ ലിങ്കണിലുള്ള വസതിയിലായിരുന്നു അന്ത്യം. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറും അദ്ധ്യാപികയുമായിരുന്ന സോഫി പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലിരുന്നു. സിഗ്മണ്ട് ഫ്രോയ്ഡിന്റെ ജീവിച്ചിരുന്ന ചെറുമക്കളില്‍ അവസാനത്തെയാളായിരുന്നു സോഫി.
ഫ്രോയ്ഡിന്റെ മൂത്തമകന് മാര്ട്ടിന് ഫ്രോയ്ഡിന്റെയും സ്പീച്ച് തെറാപ്പിസ്റ്റായിരുന്ന ഡ്രക്കര്‍ ഫ്രോയ്ഡിന്റെയും മകളായി 1924 ഓഗസ്റ്റ് ആറിന് വിയന്നയിലാണ് സോഫിയുടെ ജനനം. സോഫിയുടെ കുടുംബം പിന്നീട് യു.എസിലേക്ക് കുടിയേറുകയായിരുന്നു.
സിഗ്മണ്ട് ഫ്രോയ്ഡിന്റെ ലോകപ്രശസ്ത സൈക്കോ അനാലിസിസ് സിദ്ധാന്തത്തെ പരസ്യമായി എതിര്‍ത്ത് പ്രസംഗങ്ങള്‍ നടത്തിയാണ് സോഫി ശ്രദ്ധ നേടിയത്. ബോസ്റ്റണിലെ സൈമണ്‍സ് യൂണിവേഴ്സിറ്റിയില്‍ സൈക്കോളജി പ്രൊഫസറായി സേവനം ചെയ്തിരുന്നു.