മോസ്‌കോ : യുക്രെയിന്‍ തുറമുഖങ്ങളില്‍ നിന്ന് ധാന്യങ്ങള്‍ കയറ്റുമതി ചെയ്യാന്‍ അവസരമൊരുക്കുമെന്ന ഉറപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍.
യുക്രെയിനില്‍ നിന്ന് ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിലച്ചതോടെ ലോകം ഭക്ഷ്യക്ഷാമത്തിലേക്ക് കൂപ്പുകുത്തിയേക്കുമോ എന്ന ആശങ്കകള്‍ക്ക് പിന്നാലെയാണ് പുട്ടിന്റെ വിശദീകരണം.
അതേ സമയം, നിലവില്‍ ലോകത്ത് അനുവഭപ്പെടുന്ന ഭക്ഷ്യ – ഊര്‍ജ ദൗര്‍ലഭ്യങ്ങള്‍ക്ക് കാരണം പാശ്ചാത്യ രാജ്യങ്ങളാണെന്ന് പുട്ടിന്‍ കുറ്റപ്പെടുത്തി. പ്രതിസന്ധികളുടെ ഉത്തരവാദിത്വം റഷ്യയുടെ തലയ്ക്ക് കെട്ടിവയ്ക്കാനാണ് പാശ്ചാത്യശ്രമമെന്ന് പുട്ടിന്‍ പറഞ്ഞു.
യുക്രെയിന്‍ തുറമുഖങ്ങള്‍ വഴിയോ റഷ്യന്‍ നിയന്ത്രണത്തിലെ തുറമുഖങ്ങള്‍ വഴിയോ മറിച്ച് യൂറോപ്പ് വഴിയോ കയറ്റുമതി ചെയ്യാമെന്നും റഷ്യന്‍ സേന ആക്രമിക്കില്ലെന്നും ഒരു ചാനല്‍ അഭിസംബോധനയ്ക്കിടെ പുട്ടിന്‍ വിശദമാക്കി.
നിലവില്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രെയിന്‍ തുറമുഖമായ മരിയുപോളില്‍ നിന്ന് കയറ്റുമതി നടത്തിയേക്കുമെന്ന സൂചനയും പുട്ടിന്‍ നല്‍കി.