മനില: അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് ഫിലിപ്പീന്‍സ് നഗരങ്ങള്‍ ചാരം മൂടിയ അവസ്ഥയില്‍. അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്നുള്ള പുക മൂലം ആകാശം കറുത്തിരുണ്ട് മേഘാവൃതമാണ്.
ഇനിയും സ്‌ഫോടനങ്ങള്‍ ഉണ്ടായേക്കാമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫിലിപ്പീന്‍സിന്റെ തെക്കു-കിഴക്കന്‍ മേഖലയിലുള്ള സൊര്‍സോഗന്‍ പ്രവിശ്യയിലെ ബുലുസാന്‍ അഗ്നിപര്‍വതമാണ് കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്. സ്‌ഫോടനം 17 മിനുട്ടോളം നീണ്ടുനിന്നു. ഒരു കിലോമീറ്ററോളം ഉയരത്തിലാണ് സ്‌ഫോടനത്തെത്തുടര്‍ന്ന് പുകയും പൊടിപടലങ്ങളും വ്യാപിച്ചതെന്ന് ഫിലിപ്പീന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്റ് സീസ്‌മോളജി അറിയിച്ചു.
ജുബാന്‍ പട്ടണത്തിന് അടുത്തുള്ള പത്തു ഗ്രാമങ്ങളിലും രണ്ടു നഗരങ്ങളിലും ചാരവും പൊടിപടലങ്ങളും വ്യാപിച്ചതിനെ തുടര്‍ന്ന് ഇവിടങ്ങളിലെ വീടുകളും റോഡുകളും മരങ്ങളുമെല്ലാം ചാരം മൂടിയ നിലയിലാണ്. ചാരവും പൊടിപടലങ്ങളും വ്യാപിച്ചതു മൂലം കാഴ്ച തടസ്സപ്പെടുന്നത് വാഹനഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.