കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം. തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയില്‍ ഐഎസ് ഭീകരര്‍ എന്ന് സംശയിക്കുന്നവര്‍ തുരുതുരാ വെടിയുതിര്‍ത്തു.
രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കാബൂളിലെ കാര്‍ട്ടെ പര്‍വാന്‍ ഗുരുദ്വാരയിലാണ് സംഭവം. ഗുരുദ്വാരയില്‍ ഒരു പ്രകോപനവുമില്ലാതെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐഎസാണ് ഇതിന് പിന്നിലെന്നാണ് സംശയം. മരണസംഖ്യ സംബന്ധിച്ച് പൂര്‍ണമായി വ്യക്തത വന്നിട്ടില്ല. അകത്ത് ഇപ്പോഴും 20-25 ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട് .ഭീകരരും താലിബാന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ആളുകളെ പുറത്തെത്തിക്കാനുള്ള അഫ്ഗാന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ തുടരുകയാണ്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു