കിവ്: യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്നതിനായി 750 ബില്യണ്‍ ഡോളര്‍ ചിലവാകുമെന്ന് യുക്രെയ്ന്‍.
യുക്രെയ്നെ പുനര്‍നിര്‍മ്മിക്കുക എന്നത് ജനാധിപത്യ ലോകത്തിന്‍റെ കടമയാണെന്ന് പ്രസിഡന്‍റ് വൊളോദിമിര്‍ സെലന്‍സ്കി പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന യുക്രെയ്ന്‍ റിക്കവറി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി 24ന് യുക്രയ്നില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷമുണ്ടായ നാശനഷ്ടങ്ങളും രാജ്യത്തിന്‍റെ ആവശ്യങ്ങളും യോഗത്തില്‍ സെലന്‍സ്കിയും മറ്റ് മന്ത്രിമാരും വിവരിച്ചു.
യുക്രെയ്ന്‍റെ പുനര്‍നിര്‍മ്മാണം ഒരു രാജ്യത്തിന്റെ മാത്രം ചുമതലയല്ല. ഇത് മുഴുവന്‍ ജനാധിപത്യ ലോകത്തിന്റെയും പൊതുവായ കടമയാണെന്ന് സെലന്‍സ്കി പറഞ്ഞു. രാജ്യത്തിന്‍റെ പുനര്‍നിര്‍മ്മാണം ആഗോള സമാധാനത്തിന്‍റെ പിന്തുണക്കുള്ള ഏറ്റവും വലിയ സംഭാവനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്നതിനായി 750 ബില്യണ്‍ ഡോളര്‍ ആവശ്യമാണെന്ന് യുക്രെയ്ന്‍ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാല്‍ സമ്മേളനത്തില്‍ പറഞ്ഞു