ബിഷ്‌കെക്ക്: സ്ത്രീകളെ അടച്ചാക്ഷേപിച്ച് മുസ്ലീം പുരോഹിതന്‍. നഗരങ്ങളിലെ ഇറച്ചി വില കൂടുന്നതിന് കാരണം സ്ത്രീകളുടെ മാംസത്തിന്റെ വില കുറയുമ്പോഴാണെന്നും സ്ത്രീകളുടെ അല്‍പവസ്ത്രധാരണമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ആയിരുന്നു ഇമാമിന്റെ വാക്കുകള്‍. മുസ്ലീം ഭൂരിപക്ഷ രാജ്യമായ കിര്‍ഗിസ്ഥാനിലെ ഇമാമായ സദിബകാസ് ഡൂലോവാണ് വിവാദ പരാമര്‍ശം നടത്തിയത്.
രാജ്യതലസ്ഥാനത്ത് നടന്ന ഒരു പരിപാടിയിലാണ് ഇമാം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ‘ നിങ്ങളുടെ പട്ടണത്തില്‍ എപ്പോഴാണ് ഇറച്ചി വില ഉയരുന്നതെന്ന് അറിയാമോ? സ്ത്രീകളുടെ മാംസത്തിന്റെ വില കുറയുമ്പോഴാണ്. സ്ത്രീകളുടെ മാംസത്തിന്റെ വിലകുറയുന്നത് അവള്‍ അല്പവസ്ത്രധാരിയായി തുടകളും മറ്റും കാണിക്കുന്നതിനാലാണ്” എന്നായിരുന്നു ഇയാളുടെ പരാമര്‍ശം.
രാജ്യത്തെ പ്രമുഖ ഇസ്ലാമിക സര്‍വ്വകലാശാലയുടെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന ഇമാം സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ പുരുഷന്മാര്‍ ശ്രദ്ധിക്കാനും ശരീരം മൂടാത്ത വസ്ത്രം ധരിക്കുന്നത് വിലക്കാനും ആവശ്യപ്പെട്ടു. ഇയാളുടെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. നിരവധി പേരാണ് ഇമാം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം രാജ്യത്തെ ഇസ്ലാമിക അതോറിറ്റി ഇയാളെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇമാമിന്റെ പരാമര്‍ശങ്ങള്‍ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നാണ് ഇസ്ലാമിക അതോറിറ്റിയുടെ വാദം. വിവാദം അണപൊട്ടിയതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി ഇമാം രംഗത്തെത്തിയിട്ടുണ്ട്.കിര്‍ഗിസ്ഥാനിലെ ഇസ്ലാമിക സര്‍വ്വകലാശാല മുന്‍ പ്രസിഡന്റും അവാര്‍ഡ് ജേതാവുമാണ് ഇയാള്‍.