ലണ്ടന്‍: ബ്രിട്ടനില്‍ രണ്ട് യുവതികളെയും ഒരു കൗമാരക്കാരിയെയും പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് വഞ്ചിച്ച കേസില്‍ ട്രാന്‍സ്ജെന്‍ഡറിന് പത്തുവര്‍ഷം തടവുശിക്ഷ. പെണ്ണായി ജനിച്ച 32 വയസ്സുള്ള ട്രാന്‍സ്ജെന്‍ഡര്‍ കൃത്രിമ പുരുഷലിംഗം ഉപയോഗിച്ചാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് കണ്ടെത്തല്‍. സ്ത്രീകള്‍ക്ക് നേരെ ശാരീരികോപദ്രവം ഏല്‍പ്പിക്കല്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.
മുന്‍പ് ഹന്ന വാള്‍ട്ടേഴ്സ് എന്ന പേരിലറിയപ്പെട്ടിരുന്ന തര്‍ജിത് സിങ്ങിനെയാണ് കോടതി ശിക്ഷിച്ചത്. ഇരുട്ടിന്റെ മറവിലായിരുന്നു തര്‍ജിത് സിങ്ങിന്റെ അതിക്രമമെന്ന് സ്നാരെസ് ബ്രൂക്ക് ക്രൗണ്‍ കോടതിയുടെ ഉത്തരവില്‍ പറയുന്നു. പൊതുജനങ്ങള്‍ക്ക് സമാധാനമായി ജീവിക്കുന്നതിന് പ്രതി ഭീഷണിയാണ് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതി വിധി.
തര്‍ജിത് സിങ്ങിന്റെ ലൈംഗികാതിക്രമത്തിന് ഇരകളായ സ്ത്രീകളില്‍ ഒരാളെ ജീവനോടെ തീകൊളുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. മൊബൈല്‍ ഫോണ്‍ കൊണ്ട് ഇടിച്ച് മൂക്കിന് പരിക്കേല്‍പ്പിച്ചു. ഇത്തരത്തില്‍ ഇരകളെ ക്രൂരമായ ആക്രമണത്തിന് പ്രതി വിധേയമാക്കിയതായും കോടതി കണ്ടെത്തി.
പുരുഷനാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്ത്രീകളെ വലയിലാക്കിയത്. തുടര്‍ന്ന് പുരുഷന്മാരെ പോലെ പെരുമാറി സ്ത്രീകളെ വഞ്ചിക്കുകയായിരുന്നുവെന്നും കോടതിയുടെ വിധി പ്രസ്താവത്തില്‍ പറയുന്നു. ഇരകളായ മൂന്നുപേരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.