പാരീസ്: പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ അറുപത് വയസ്സുള്ള കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. മോണ്ട്‌ഫോര്‍ട്ട് മിഷ്ണറീസ് (ദി കമ്പനി ഓഫ് മേരി) സഭയുടെ ഫ്രഞ്ച് പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായ ഫാ. ഒലിവിയര്‍ മെയ്‌റെയാണ് കൊല്ലപ്പെട്ടത്. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
രാജ്യത്തെ കത്തോലിക്ക സമൂഹത്തിന് മുഴുവന്‍ പിന്തുണയും പ്രഖ്യാപിക്കുകയാണെന്നും വൈദികന്‍ കൊല്ലപ്പെട്ട വെന്‍ഡീയിലേക്ക് താന്‍ പോയിക്കൊണ്ടിരിക്കുകയാണെന്നാണ് ഡാര്‍മാനിന്റെ ട്വീറ്റില്‍ പറയുന്നത്.
ഫ്രാന്‍സിലെ ലുക്കോണ്‍ രൂപതയില്‍ ഉള്‍പ്പെടുന്ന വെന്‍ഡിയിലെ സെയിന്റ്‌ലോറന്റ്‌സുര്‍സെവ്രെ ഇടവകയില്‍വെച്ചാണ് ഫാ. ഒലിവിയര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അതേസമയം കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ പ്രസിദ്ധമായ നാന്റെസ് കത്തീഡ്രലില്‍ ഉണ്ടായ തീപിടുത്തത്തില്‍ സംശയിക്കപ്പെടുന്ന റുവാണ്ടന്‍ സ്വദേശിയും നാല്‍പ്പതുകാരനുമായ അബായിസെനഗാ തന്നെയാണ് ഫാ. ഒലിവിയറിന്റെ കൊലപാതകിയെന്ന് സംശയിക്കപ്പെടുന്നത്.
ഇയാള്‍ പോലീസിനു കീഴടങ്ങിയെന്നാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തീപിടുത്തത്തെത്തുടര്‍ന്ന്! ഫാ. ഒലിവിയര്‍ മെയ്‌റെ തന്നെയാണ് അബായിസെനഗാക്ക് സെയിന്റ്‌ലോറന്റ്‌സുര്‍സെവ്രെ ഇടവകയില്‍ അഭയം നല്‍കിയതെന്നു ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം വൈദികന്റെ മരണത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ ദുഃഖം രേഖപ്പെടുത്തി. ഫാ. ഒലിവിയര്‍ മെയറിന് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും മോണ്ട്‌ഫോര്‍ട്ടിയക്കാര്‍ക്കും ഫ്രാന്‍സിലെ എല്ലാ കത്തോലിക്കര്‍ക്കും തന്റെ ചിന്തകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.