ജുബ: ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനിലെ ജുബയില്‍ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു കത്തോലിക്ക സന്യാസിനികള്‍ കൊല്ലപ്പെട്ടു. സിസ്‌റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് എന്ന കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ സിസ്റ്റര്‍ മേരി അബടും സിസ്റ്റര്‍ റെജീന റോബയുമാണ് കൊല്ലപ്പെട്ടത്.
ടോറിറ്റ് രൂപതയിലെ ഒരു ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം മിനിബസില്‍ രാജ്യ തലസ്ഥാനമായ ജുബയിലേക്ക് മടങ്ങുമ്പോള്‍ നിമുലെ റോഡില്‍വെച്ചാണ് ആക്രമണം ഉണ്ടായത്. ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കന്യാസ്ത്രീകളുടെ ആകസ്മികമായ വേര്‍പാടില്‍ ജൂബ അതിരൂപത അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അതിരൂപതയുടെ കീഴിലുള്ള സെമിനാരികള്‍, സര്‍വകലാശാലകള്‍, കോളേജുകള്‍, നഴ്‌സറികള്‍, കത്തോലിക്കാ സ്കൂളുകള്‍ എന്നിവ ആഗസ്റ്റ് 23 തിങ്കളാഴ്ച വരെ അടച്ചിടുമെന്ന് സഭാനേതൃത്വം വ്യക്തമാക്കി.
ഇരുവരുടെയും മൃതസംസ്കാരം ഓഗസ്റ്റ് 20 വെള്ളിയാഴ്ച ജുബയിലെ സെന്റ് തെരേസ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും.
അതേസമയം സന്യാസിനികളുടെ കൊലപാതകത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. സന്യാസിനികളുടെ വിയോഗത്തില്‍ ദുഃഖമുണ്ടെന്നും സന്യസ്തരുടെ നിത്യരക്ഷയ്ക്കും അവരുടെ വേര്‍പാടില്‍ വേദനിക്കുന്നവരുടെ ആശ്വാസത്തിനുമായി പ്രാര്‍ത്ഥനകള്‍ നേരുന്നുവെന്നും പ്രദേശത്ത് സമാധാനവും ഐക്യവും സുരക്ഷയും ഉണ്ടാകുന്നതിന് ഇവരുടെ ജീവത്യാഗമെങ്കിലും കാരണമാകട്ടെയെന്നും സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയാത്രോ പരോളിന്‍ വഴി അയച്ച ടെലഗ്രാം സന്ദേശത്തില്‍ പാപ്പ കുറിച്ചു.
കൊല്ലപ്പെട്ട സിസ്റ്റര്‍ മേരി അബടും സന്യാസ സമൂഹത്തിന്റെ മുന്‍ സുപ്പീരിയര്‍ ജനറലായിരിന്നു. നിലവില്‍ ജുബയിലെ ഓര്‍ഡറിന്റെ ഒരു സ്കൂളില്‍ ഹെഡ്മിസ്ട്രസ് ആയി സേവനാം ചെയ്യുകയായിരിന്നു. സിസ്റ്റര്‍ റോബ വാവിലെ ഒരു നഴ്‌സ് ട്രെയിനിംഗ് സ്കൂളിന്റെ ടൂട്ടറും അഡ്മിനിസ്‌ട്രേറ്ററുമായി സേവനമനുഷ്ഠിക്കുകയായിരുന്നു.