വാഷിങ്ടണ്‍: 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ പരസ്യമാക്കാന്‍ നിര്‍ദേശം നല്‍കി യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. എഫ്.ബി.ഐ നടത്തിയ അന്വേഷണത്തിന്‍െറ രേഖകള്‍ പരസ്യമാക്കാനാണ് നിര്‍ദേശം. ഇതിനുവേണ്ടി നടപടി ആരംഭിക്കാന്‍ നീതിന്യായ വകുപ്പിനോടും ബന്ധപ്പെട്ട മറ്റ് ഏജന്‍സികളോടും പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
ആക്രമണത്തിന്‍െറ 20ാം വാര്‍ഷികത്തിന് ആഴ്ച മാത്രം ശേഷിക്കെയാണ് ഇരകളുടെ ബന്ധുക്കളുടെ ഏറെക്കാലമായുള്ള ആവശ്യം യു.എസ് അംഗീകരിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഇരകളുടെ കുടുംബാംഗങ്ങള്‍ ബൈഡന് കത്തയക്കുകയും ചെയ്തിരുന്നു.
തീരുമാനമെടുത്തില്ലെങ്കില്‍ അനുസ്മരണ പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും വ്യക്തമാക്കിയിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ നടത്തിയ കാമ്പയിനില്‍ ബൈഡന്‍ ഇക്കാര്യം വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.
നാല് അമേരിക്കന്‍ യാത്രാ വിമാനങ്ങള്‍ റാഞ്ചി നടത്തിയ ഭീകരാക്രമണത്തില്‍ 2,977 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 25,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.