അങ്കാറ: ഇസ്താംബൂളില്‍ ജനത്തിരക്കേറിയ തക്‌സിം സ്‌ക്വയറിലെ ഇസ്തിക്ലല്‍ സ്ട്രീറ്റില്‍ ആറ് പേര്‍ കൊല്ലപ്പെട്ട ബോംബ് സ്‌ഫോടനം നടത്തിയത് ഒരു സ്ത്രീയാണെന്ന് വ്യക്തമായ സൂചന ലഭിച്ചതായി റിപ്പോര്‍ട്ട്.
തുര്‍ക്കി വൈസ് പ്രസിഡന്റ് ഫുവാട്ട് ഒക്ടേ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരാക്രമണം തന്നെയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 6.50ഓടെ ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 81 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
സ്‌ഫോടനം നടക്കുന്നതിന് ഏതാനും മിനിട്ടുകള്‍ക്ക് മുമ്ബ് ഒരു സ്ത്രീ ബെഞ്ചില്‍ ഇരിക്കുന്നതും അല്‍പം കഴിഞ്ഞ് എഴുന്നേറ്റ് പോകുന്നതിന്റെയും സിസിടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് ഇവര്‍ ഒരു പ്‌ളാസ്റ്റിക് ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇതാണ് ആക്രമണത്തിന് പിന്നില്‍ സ്ത്രീയാണെന്ന് സംശയിക്കാന്‍ കാരണം.
ചാവേര്‍ ആക്രമണമാകാനുള്ള സാദ്ധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല. ഇതെല്ലാം നിലവില്‍ അന്വേഷണത്തിലാണ്. അതിനിടെ, സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിലുള്ള സ്ത്രീ ആണോ ഇതെന്ന് വ്യക്തമല്ല.
തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരത്തിന്റെ ഹൃദയഭാഗമാണ് സ്‌ഫോടനം നടന്ന ഇസ്തിക്ലല്‍ സ്ട്രീറ്റ്. വാരാന്ത്യത്തില്‍ ആള്‍ക്കാര്‍ ഏറെ കൂടുന്ന സമയത്താണ് സ്‌ഫോടനം നടന്നത്