പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിട്ട് ഉത്തര്‍പ്രദേശിലെ അയോധ്യ (Ayodhya). ഇത്തവണ ദീപാവലിയ്ക്ക് 22 ലക്ഷം ദീപങ്ങൾ തെളിയിച്ചാണ് അയോധ്യ വീണ്ടും റെക്കോര്‍ഡിട്ടത്.
അയോധ്യയിലെ ദീപോത്സവത്തിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഒരിക്കലും മറക്കാനാകാത്തത് എന്നാണ് അദ്ദേഹം പറഞ്ഞത്.
”അദ്ഭുതകരം. അവിസ്മരണീയം! അയോധ്യയിലെ ദശലക്ഷക്കണക്കിന് വരുന്ന വിളക്കുകളുടെ പ്രകാശത്താല്‍ നമ്മുടെ രാജ്യവും പ്രകാശപൂരിതമായി. ഈ ദീപങ്ങളില്‍ നിന്നുള്ള ഊര്‍ജം ഇന്ത്യയിലുടനീളം പരക്കും,” പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
അയോധ്യയിലെ ദീപാവലി ആഘോഷം
2017ല്‍ യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി അധികാരമേറ്റതോടെയാണ് അയോധ്യയില്‍ ദീപോത്സവം ആഘോഷിക്കാന്‍ തുടങ്ങിയത്. 2017ല്‍ സര്‍ക്കാര്‍ 51,000 ദീപങ്ങളാണ് തെളിയിച്ചത്. 2019ല്‍ 4.10 ലക്ഷം ദീപങ്ങൾ അയോധ്യയില്‍ തെളിയിച്ചു. 2020ല്‍ ഇത് 6 ലക്ഷമായി. 2021ല്‍ 9 ലക്ഷം ദീപങ്ങൾ അയോധ്യയില്‍ തെളിഞ്ഞു.
2022ല്‍ 17 ലക്ഷം ദീപങ്ങളാണ് തെളിയിച്ചത്. കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും കത്തി നില്‍ക്കുന്ന ദീപങ്ങളെ മാത്രമാണ് അന്ന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് പരിഗണിച്ചത്. അതിന്റെ ഭാഗമായി 15,76,955 ദീപങ്ങള്‍ തെളിഞ്ഞതിന്റെ റെക്കോര്‍ഡും അന്ന് അയോധ്യയ്ക്ക് സ്വന്തമാക്കാനായി.
ഈ വര്‍ഷത്തെ ദീപാവലി അയോധ്യയ്ക്ക് കുറച്ചുകൂടി വിശേഷപ്പെട്ടതായിരുന്നു. രാമക്ഷേത്രത്തിന്റെ പണി ഏകദേശം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് അയോധ്യയിലിപ്പോള്‍.
ദീപങ്ങള്‍ തെളിയിക്കുന്നതിനായി 25000 പേരെയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയോഗിച്ചത്. അതേസമയം 2024 ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
അഖിലേഷ് യാദവിന്റെ പ്രതികരണം
ദീപോത്സവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ദൈവികതയ്ക്കിടയിലും ദാരിദ്ര്യം…വിളക്കില്‍ നിന്ന് എണ്ണ മോഷ്ടിക്കാൻ ദാരിദ്ര്യം ഒരാളെ നിര്‍ബന്ധിക്കുന്നിടത്ത് ആഘോഷത്തിന്റെ നിറം മങ്ങുന്നു,” എന്നാണ് അഖിലേഷ് യാദവ് കുറിച്ചത്.
ഓരോ പാവപ്പെട്ടവന്റെ വീടും പ്രകാശപൂരിതമാകുന്ന ഉത്സവമാണ് തങ്ങളുടെ ഒരേയൊരു ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഘാട്ടില്‍ തെളിയിച്ച വിളക്കില്‍ നിന്നും എണ്ണ ഊറ്റി കൊണ്ടുപോകുന്ന കുട്ടികളുടെ വീഡിയോ പങ്കുവെച്ചായായിരുന്നു അഖിലേഷിന്റെ വിമര്‍ശനം.