നാഷണല്‍ ജിയോഗ്രഫിക്കിന്റെ കവര്‍ പേജില്‍ 1985ല്‍ ഇടം നേടിയ ഒരു നോട്ടമുണ്ട്. അശാന്തമായ അഫ്ഗാന്‍ താഴ്‌വരയില്‍ നിന്നുള്ള രൂക്ഷമായ തുറിച്ച് നോട്ടം. ഹൃദയത്തിലേക്കാഴ്ന്നിറങ്ങിയ അവളുടെ കണ്ണുകള്‍ കണ്ടവരാരും മറന്നില്ല. യു.എസ് ഫോട്ടഗ്രാഫറായ സ്റ്റീവ് മെക്കുറി പകര്‍ത്തിയ ഷര്‍ബത് ഗുലയുടെ ഈ കവര്‍ ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. ആ ചിത്രം ലോകത്തെമ്പാടുമുള്ള ആളുകളുടെ ഉള്ളില്‍ പതിഞ്ഞു. വര്‍ഷങ്ങള്‍ക്കിപ്പുറം അഫ്ഗാന്‍ താലിബാന്‍ കൈയടിക്കയ്യപ്പോള്‍ പലരും ഈ പെണ്‍കുട്ടിയെ കുറിച്ച് അന്വേഷിച്ചു.
എവിടെയാണ് ഇപ്പോള്‍ ഷര്‍ബത്ത്..? അന്വേഷണങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ടുകൊണ്ട് ഷര്‍ബത്ത് സുരക്ഷിതയായി റോമിലെത്തിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനില്‍ നിന്നും ഷര്‍ബത്തിനെ രക്ഷിക്കണമെന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ അഭ്യര്‍ത്ഥന പരിഗണിച്ച് റോം ഷര്‍ബത്തിനെ അഭയാര്‍ത്ഥിയായി സ്വീകരിക്കുകയായിരുന്നു.
യുദ്ധ ഫോട്ടോഗ്രാഫറായ സ്റ്റീവ് മക്കറിയാണ് നാല് പതിറ്റാണ്ട് മുമ്പ് ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് അവളുടെ പ്രശസ്തമായ ചിത്രം എടുത്തത്. അത്, സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശകാലമായിരുന്നു. പാകിസ്താനില്‍ ഒരു അഫ്ഗാന്‍ അഭയാര്‍ഥിയായി കഴിയുകയായിരുന്നു അവളന്ന്, പ്രായം വെറും 12 വയസ്. അവളുടെ പച്ചക്കണ്ണുകളിലെ തുളച്ചുകയറുന്ന നോട്ടമായിരുന്നു ആ ചിത്രത്തിന്റെ പ്രത്യേകത.
ആ കണ്ണുകളിലെ തീക്ഷ്ണതയ്ക്ക് ലോകത്തോട് ഒരുപാട് കാര്യങ്ങള്‍ സംവദിക്കാനുണ്ടായിരുന്നു. പതിനായിരം വാക്കുകളെക്കാളും ആ ഒറ്റച്ചിത്രം കൊണ്ട് അഭയാര്‍ത്ഥി ജീവിതങ്ങളെ മക്കറി ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി. ആ ചിത്രത്തോട് കൂടിയാണ് അവള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടുന്നത്. 2002 ല്‍ മക്കറി വീണ്ടും അവളുടെ ഫോട്ടോയെടുത്തു. 2002 ലാണ് അവള്‍ ഔദ്യോഗികമായി തിരിച്ചറിയപ്പെട്ടത്. അതുവരെ ലോകമവളെ ‘അഫ്ഗാന്‍ പെണ്‍കുട്ടി’ എന്ന് വിളിച്ചു. ‘അഫ്ഗാന്‍ മൊണാലിസ’യെന്ന് പരാമര്‍ശിച്ചവരും കുറവല്ല.
2002 ജനുവരിയില്‍ നാഷണല്‍ ജിയോഗ്രാഫികിന്റെ ഒരു സംഘം ചിത്രത്തിലെ ഈ പെണ്‍കുട്ടിയെ അന്വേഷിച്ച് അഫ്ഗാനിസ്താനിലേക്ക് ഒരു യാത്ര നടത്തി. ഒരുപാട് പേര്‍ ആ പെണ്‍കുട്ടിയാണ് എന്ന് പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നുവെങ്കിലും ഒടുവില്‍ ഷര്‍ബത് ഗുലയെ കണ്ടെത്തുകയായിരുന്നു. ബയോമെട്രിക് സാങ്കേതികത ഉപയോഗിച്ചാണ് അത് ആ ചിത്രത്തിലെ അതേ പെണ്‍കുട്ടിയാണ് എന്ന് തിരിച്ചറിഞ്ഞത്.
അഫ്ഗാനിലെ പ്രബല ഗോത്രമായ പഷ്തൂണ്‍ വംശത്തില്‍ ജനിച്ചവളാണ് ശര്‍ബത്ത്. അവള്‍ക്കു വയസ്സ് ആറായപ്പോഴാണ് രാജ്യത്തു യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ജന്മഗ്രാമമുള്‍പ്പെടെ പലതും റഷ്യന്‍ മോര്‍ട്ടാറുകള്‍ക്കും ഷെല്ലുകള്‍ക്കും ഇരയായി. അവളുടെ അച്ഛനമ്മമാരും ബോംബിങ്ങില്‍ കൊല്ലപ്പെട്ടു.
പകലെമ്പാടും ജീവന്‍ പൊലിഞ്ഞു നിലത്തു വീഴുന്ന മൃതദേഹങ്ങള്‍ കുഴിച്ചുമൂടാന്‍ രാത്രിവരെ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. പകല്‍ പുറത്തിറങ്ങുന്നവരില്‍ പലരും വെടിയേറ്റു വീണു. ആകാശവും ഭൂമിയും ഒരേപോലെ അഫ്ഗാനികള്‍ക്കു ചതിക്കുഴിയൊരുക്കി.
ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതായതോടെ അമ്മൂമ്മയുടെ നേതൃത്വത്തില്‍ ശര്‍ബത്തും നാലു സഹോദരങ്ങളും പാക്കിസ്ഥാനിലേക്കു പ്രയാണം ആരംഭിച്ചു. ഒടുവില്‍ ഒരാഴ്ച നീണ്ട നരകയാത്രയ്ക്കു ശേഷം അവര്‍ പെഷാവര്‍ എന്ന വാഗ്ദത്ത നാട്ടില്‍ എത്തിച്ചേര്‍ന്നു.
അവിടത്തെ അഭയാര്‍ഥി ക്യാംപില്‍ ജീവിതത്തിന്റെ പുതിയ അധ്യായം തുടങ്ങിയ ശര്‍ബത്ത് തൊണ്ണൂറുകളുടെ മധ്യത്തില്‍ അഫ്ഗാസ്ഥാനില്‍ സമാധാനം പുലര്‍ന്നപ്പോള്‍ ജന്മനാട്ടിലേക്കു തിരിച്ചുപോയി. എന്നാലവിടെ ശര്‍ബത്തിനെ കാത്തിരുന്നത് അസ്ഥിരതയുടെ നാളുകളായിരുന്നു. വേള്‍ഡ് ട്രേഡ്‌സെന്റര്‍ ആക്രമണവും പിന്നീടുണ്ടായ സംഭവവികാസങ്ങളുമൊക്കെ വീണ്ടും അവരുടെ ജീവിതത്തെ പ്രക്ഷുബ്ധമാക്കി.
റഹ്‌മത്ത് ഗുല്ലിനെയാണ് അവര്‍ വിവാഹം ചെയ്തത്. മൂന്ന് പെണ്‍കുട്ടികളുണ്ട് ഇവര്‍ക്ക്. നാലാമത്തെ പെണ്‍കുട്ടി ചെറുപ്പത്തില്‍ തന്നെ മരിച്ചിരുന്നു. 2014 ല്‍ ഗുല പാകിസ്ഥാനില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും വ്യാജ പാക് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങിയെന്ന് ആരോപിച്ച് അധികൃതര്‍ അവളെ നാടുകടത്താന്‍ ഉത്തരവിട്ടതോടെ ഒളിവില്‍ പോവുകയായിരുന്നു.
പിന്നീട്, അവളെ കാബൂളിലേക്ക് കൊണ്ടുപോയി, അവിടെ പ്രസിഡന്റ് അവള്‍ക്ക് രാഷ്ട്രപതിയുടെ കൊട്ടാരത്തില്‍ സ്വീകരണം നല്‍കുകയും ഒരു പുതിയ അപ്പാര്‍ട്ട്‌മെന്റിന്റെ താക്കോല്‍ നല്‍കുകയും ചെയ്തു. എന്നാല്‍, അഫ്ഗാനിസ്താന്‍ താലിബാന്റെ കീഴിലായതോടെ വീണ്ടും രാജ്യവിടാനുള്ള പ്രയത്‌നത്തിലായി ഷര്‍ബത്ത്. ഒടുവില്‍ ഇറ്റലിയിലേക്ക് രക്ഷപ്പെട്ട 5,000 അഫ്ഗാന്‍ പൗരന്മാരിലൊരാളായി ഷര്‍ബത്തും അഫ്ഗാനിസ്താനോട് വിട പറയുകയായിരുന്നു.
പലതരം അനിശ്ചിതത്വങ്ങളുടെ ഒടുവിലാണ് ഇപ്പോള്‍ ഗുലയ്ക്ക് ഇറ്റലി അഭയമാവുന്നത്. ”അഫ്ഗാനിസ്ഥാനും അവിടുത്തെ ജനങ്ങളും അക്കാലത്ത് കടന്നുപോയ ചരിത്രാധ്യായങ്ങളിലെ വ്യതിയാനങ്ങളെയും സംഘര്‍ഷങ്ങളെയും പ്രതീകപ്പെടുത്താന്‍ അവള്‍ക്കായി…” എന്നാണ് പ്രസിഡന്‍സി ഓഫ് കൗണ്‍സില്‍ ഓഫ് മിനിസ്‌റ്റേഴ്‌സ് വ്യക്തമാക്കുന്നത്.
യു.എസ് സൈനിക സേനയുടെ വിടവാങ്ങലിനെയും താലിബാന്‍ രാജ്യം പിടിച്ചടക്കിയതിനെയും തുടര്‍ന്ന് നൂറുകണക്കിന് അഫ്ഗാനികളെ എയര്‍ലിഫ്റ്റ് ചെയ്ത നിരവധി പാശ്ചാത്യ രാജ്യങ്ങളില്‍ ഒന്നാണ് ഇറ്റലി. ഇറ്റലിയിലേക്കുള്ള ഗുലയുടെ യാത്ര ”അഫ്ഗാന്‍ പൗരന്മാര്‍ക്ക് വേണ്ടിയുള്ള സ്വീകരണത്തിനും ഏകീകരണത്തിനുമുള്ള ഗവണ്‍മെന്റിന്റെ പദ്ധതിയുടെയും ഭാഗമാണ്…” എന്നും രാഷ്ട്രം കൂട്ടിച്ചേര്‍ത്തു. ഗുല ഇപ്പോള്‍ റോം നഗരത്തിലാണ്. അവളെ ഇറ്റലിയിലെ ജീവിതത്തിലേക്ക് സമന്വയിപ്പിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ നിറമനസോടെ സഹായിക്കും.