ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗാംബിയയില്‍ 70 കുട്ടികള്‍ വൃക്ക തകരാറിലായി മരിച്ചെന്ന വിവാദങ്ങള്‍ കെട്ടടങ്ങും മുമ്ബ് ഉസ്ബെക്കിസ്ഥാനിലും സമാനമായ മരണം.
ഉത്തര്‍പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരിയോണ്‍ ബയോടെക് നിര്‍മ്മിച്ച ‘ഡോക്-1 മാക്സ്’ എന്ന ചുമ സിറപ്പും ഗുളികകളും കഴിച്ച് 18 കുട്ടികള്‍ മരിച്ചതായി ഉസ്ബെക്കിസ്ഥാന് ആരോഗ്യ മന്ത്രാലയം. ഉസ്ബെക്കിസ്ഥാന് സര്‍ക്കാരിന്റെ പരാതിയില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അന്വേഷണം ആരംഭിച്ചു.
പനിക്കും ചുമയ്ക്കും ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഡോക്-1 മാക്സ് കഴിച്ച കുട്ടികളെ കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉസ്ബെക്കിസ്ഥാന് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രാഥമിക ലബോറട്ടറി പഠനങ്ങള്‍ കാണിക്കുന്നത് ഡോക് -1 മാക്സ് സിറപ്പില്‍ ഗാംബിയയിലെ മരണങ്ങള്‍ക്ക് കാരണമായ എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന മാരകമായ രാസവസ്തു അടങ്ങിയിരിക്കുന്നു എന്നാണ്.