ലണ്ടന്‍: മലയാളികളെ കണ്ണീരിലാഴ്ത്തി ലണ്ടനില്‍ വീണ്ടും കാന്‍സര്‍ മരണം. ചികിത്സയില്‍ ആയിരുന്ന മലയാളി നഴ്‌സ് റെജി ജോണി(49) അന്തരിച്ചു. വെസ്റ്റ് സസ്സെക്‌സിന് സമീപം ചിചെസ്റ്ററിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ജോണിയുടെ ഭാര്യയാണ്. തൊടുപുഴ മറിക പാറത്തട്ടേല്‍ കുടുംബാംഗമാണ്. ചിചെസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ബാന്‍ഡ് 7 നഴ്‌സായിരുന്നു.
കഴിഞ്ഞ വര്‍ഷം മേയില്‍ യുകെയിലെ ഹോസ്പിറ്റലില്‍ വച്ച് ജോലി ചെയ്യവെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യ സഹായം തേടിയിരുന്നു. തുടര്‍ പരിശോധനയിലാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. യുകെയില്‍ എത്തുന്നതിന് മുന്‍പ് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു. ഏക മകള്‍ അമ്മു ജോണി. സഹോദരങ്ങള്‍: പി. ജെ. ജോസ്, സണ്ണി ജോണ്‍, ജാന്‍സി ജോണ്‍, ജിജി ജോണ്‍.
വെസ്റ്റ് യോര്‍ക്ക് ഷെയറിന് സമീപം വെക്ഫീല്‍ഡില്‍ കുടുംബസമേതം താമസിച്ചിരുന്ന പിറവം സ്വദേശി മഞ്ജുഷ് മാണിയാണ് (48) കാന്‍സര്‍ ബാധിച്ചു മരിച്ച മറ്റൊരാള്‍. മോറിസണ്‍സ് സൂപ്പര്‍മാര്‍ക്കറ്റിലെ കാറ്ററിങ് ഡിപ്പാര്‍ട്‌മെന്റ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.
രണ്ട് വര്‍ഷം മുന്‍പാണ് കാന്‍സര്‍ രോഗം തിരിച്ചറിഞ്ഞത്. എന്നാല്‍ വിവരം കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ അറിയിച്ചിരുന്നില്ല. ചികിത്സ നടത്തിയിരുന്നെങ്കിലും ഏറെ വൈകിയാണ് മറ്റുള്ളവര്‍ വിവരം അറിഞ്ഞത്. കഴിഞ്ഞ രണ്ടു മാസമായി രോഗം വഷളായതിനെത്തുടര്‍ന്ന് ആശുപത്രിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലീവര്‍പൂളിലെ മലയാളി ഹോട്ടലില്‍ ഷെഫായി ജോലിക്ക് എത്തിയതായിരുന്നു മഞ്ജുഷ്.
നോര്‍വിച്ചില്‍ കാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിയവെ അന്തരിച്ച വയനാട് സ്വദേശിനി അനു ബിജു(29) വിന്റെ സംസ്‌കാരം 21 ന് വെള്ളിയാഴ്ച ആലപ്പുഴ എടത്വയില്‍ നടക്കും. എടത്വ സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ രാവിലെ 10 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.