ലണ്ടന്‍: ബ്രിട്ടനില്‍ വെയില്‍സിലെ മലയാളികള്‍ക്ക് സുപരിചിതനായ ഫൊട്ടോഗ്രാഫര്‍ കോട്ടയം ഉഴവൂര്‍ സ്വദേശി അജോ ജോസഫ് (41) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. വെയില്‍സിലെ ന്യൂ ടൗണിലായിരുന്നു അജോ താമസിച്ചിരുന്നത്. അജോയെ താമസസ്ഥലത്ത് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അയല്‍വാസികളായ സുഹൃത്തുക്കള്‍ പാരാമെഡിക്‌സിന്റെ സേവനം തേടിയെങ്കിലും ആശുപത്രിയില്‍ എത്തിക്കും മുന്‍പ മരണം സംഭവിച്ചു.
ഉഴവൂരിലെ ആദ്യകാല ഫൊട്ടോഗ്രാഫറായ അജോ സ്റ്റുഡിയോ ഉടമ ജോസഫിന്റെ മകനാണ് അജോ ജോസഫ്. ഒരു പതിറ്റാണ്ടു മുമ്പ് യുകെയിലെത്തിയ അജോ പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു.
കോവിഡ് മഹാമാരിക്കു ശേഷം ഡിജിറ്റല്‍ ഫൊട്ടോഗ്രാഫി രംഗത്തുണ്ടായ ബിസിനസ് ശോഷണം മൂലമാണ് അജോ വീണ്ടും യുകെയിലെത്തിയത്. ഏറെ പ്രതീക്ഷയോടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെയാണ് അജോയുടെ ആകസ്മിക വേര്‍പാട്. ഫൊട്ടോഗ്രാഫി തുടരുന്നതിനൊപ്പം നഴ്‌സിംങ് ഏജന്‍സിയുടെ കീഴിലും അജോ ജോലി ചെയ്തിരുന്നു.