Sunday, June 16, 2024

HomeWorldEuropeഎതിര്‍പ്പ് രൂക്ഷം; ഗ്രാജ്വേറ്റ് വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം യുകെ ഉപേക്ഷിച്ചു

എതിര്‍പ്പ് രൂക്ഷം; ഗ്രാജ്വേറ്റ് വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം യുകെ ഉപേക്ഷിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാര്‍ ഉള്‍പ്പടെ എതിര്‍പ്പ് കടുപ്പിച്ചതോടെ ഗ്രാജ്വേറ്റ് വിസയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള പദ്ധതി യുകെ പ്രധാനമന്ത്രി ഋഷി സുനക് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. മറ്റുരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ബിരുദത്തിന് ശേഷം യുകെയില്‍ രണ്ടു വര്‍ഷം ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ് ഗ്രാജ്വേറ്റ് വിസ. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം ബിരുദധാരികള്‍ക്ക് രണ്ട് വര്‍ഷം വരെ യുകെയില്‍ തുടരാനും ജോലി ചെയ്യാനും അനുവദിക്കുന്ന പോസ്റ്റ്-സ്റ്റഡി വിസയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താനായിരുന്നു ഋഷി സുനക് പദ്ധതിയിട്ടിരുന്നത്. ഇതിന് പകരമായി നിയമങ്ങള്‍ കര്‍ശനമാക്കാനും കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാനും അദ്ദേഹം ചെറിയ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്.

മറ്റുരാജ്യങ്ങളില്‍ യുകെയിലെ ബിരുദ കോഴ്‌സുകള്‍ പരസ്യപ്പെടുത്തുന്ന ഏജന്റുമാര്‍ക്ക് കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് നിര്‍ദിഷ്ട ആശയങ്ങളിലൊന്ന്. ഈ ഏജന്റുമാര്‍ കൊണ്ടുവരുന്ന വിദ്യാര്‍ഥികളുടെ ഗുണനിലവാരം നേരത്തെ വാഗ്ദാനം ചെയ്തതില്‍ നിന്ന് കുറഞ്ഞുപോയാല്‍ പിഴയൊടുക്കേണ്ടി വന്നേക്കാം. ഗ്രാജ്വേറ്റ് വിസയില്‍ യുകെയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷിലുള്ള പ്രാവീണ്യം വ്യക്തമാക്കുന്നതിന് പരീക്ഷകള്‍ നടത്താന്‍ സാധ്യതയുണ്ട്. സര്‍വകലാശാലകളിലോ കോളേജുകളിലോ ധാരാളം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നുണ്ടെങ്കില്‍ അവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി നഷ്ടപ്പെടും.

വ്യാഴാഴ്ച ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് തങ്ങളുടെ ത്രൈമാസ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ പുറത്തുവിടുമ്പോള്‍ ഈ നിര്‍ദിഷ്ടമാറ്റങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തു. എല്ലാ വര്‍ഷവും ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ യുകെയില്‍ പഠനത്തിനായി എത്തുന്നത്. ആകെയുള്ള ഗ്രാജ്വേറ്റ് വിസകളില്‍ 40 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് നല്‍കപ്പെടുന്നത്.

ഗ്രാജ്വേറ്റ് വിസ പദ്ധതി നിലനിർത്താൻ ഇന്ത്യന്‍ വിദ്യാര്‍ഥികളും യുകെയില്‍ പഠിച്ച പൂര്‍വ വിദ്യാര്‍ഥികളും ഋഷി സുനകിനോട് ആവശ്യപ്പെടുന്നുണ്ട്. അന്താരാഷ്ട്രവിദ്യാര്‍ഥികളെ യുകെയിലേക്ക് ആകര്‍ഷിക്കുന്നതിന് ഈ വിസ പദ്ധതി നിര്‍ണായകമാണെന്ന് നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്‍സ് ആന്‍ഡ് അലുമിനി യൂണിയന്‍(എന്‍ഐഎസ്എയു) പറഞ്ഞു. ഈ വിസ കുറഞ്ഞ വേതനമുള്ള പാർട്ട് ടൈം ജോലികള്‍ ലഭിക്കാനേ ഉപകരിക്കൂ എന്ന ആശയത്തോട് അവര്‍ വിയോജിച്ചു. നൈപുണ്യമുള്ള ജോലികള്‍ ലഭിക്കാനും കരിയര്‍ വളര്‍ച്ചയ്ക്കും ഇത് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. ‘‘മികച്ച ഓഫര്‍ ഉള്ളിടത്തേക്ക് മികച്ച വിദ്യാര്‍ഥികള്‍ പോകും. ഗ്രാജ്വേറ്റ് വിസ നിയന്ത്രിക്കുന്നത് യുകെയുടെ ഓഫറിനെ കാര്യമായി ബാധിക്കുമെന്ന്’’ എന്‍ഐഎസ്എയു ചെയര്‍പേഴ്‌സണ്‍ സനം അറോറ പറഞ്ഞു.

‘‘മറ്റുരാജ്യങ്ങളില്‍ നിന്ന് യുകെയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ സാധാരണഗതിയില്‍ കഠിനാധ്വാനം ചെയ്യുന്നവരാണ്. യുകെയിലെ വിദ്യാഭ്യാസത്തിനായി വലിയൊരു തുക അവര്‍ ചെലവഴിക്കുന്നതുണ്ട്. അതിന് പുറമെ മെച്ചപ്പെട്ട ഭാവിക്ക് വേണ്ടി അവര്‍ സ്വപ്‌നം കാണുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു,’’ ഗാര്‍ഡിയനു നല്‍കിയ അഭിമുഖത്തില്‍ അറോറ പറഞ്ഞു.

‘‘യുകെയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പഠന ആവശ്യങ്ങള്‍ക്കായി ബാങ്ക് ലോണുകളെയാണ് ആശ്രയിക്കാറ്. അതിനാല്‍ ഈ ഗണ്യമായ നിക്ഷേപത്തില്‍ നിന്ന് അവര്‍ കുറച്ച് ലാഭം പ്രതീക്ഷിക്കുന്നുണ്ടെന്നത് ന്യായീകരിക്കാവുന്നതാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ വിലയേറിയ പരിചയസമ്പത്ത് നേടാനുള്ള നേരായ അവസരമാണ് അവര്‍ ഇതിലൂടെ തേടുന്നത്,’’ അദ്ദേഹം പറഞ്ഞു.

ചാന്‍സലര്‍ ജെറമി ഹണ്ട്, വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍, ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി, വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയന്‍ കീഗന്‍ തുടങ്ങിയ മുതിര്‍ന്ന കാബിനറ്റ് അംഗങ്ങള്‍ ഗ്രാജ്വേറ്റ് വിസ നിയന്ത്രിക്കാനുള്ള ആശയത്തെ എതിര്‍ത്തതിനെതുടര്‍ന്നാണ് കൂടുതല്‍ കടുപ്പമേറിയ പദ്ധതികളില്‍ നിന്ന് പിന്മാറാന്‍ സുനക് തീരുമാനിച്ചത്. ഗ്രാജ്വേറ്റ് വിസ നിയന്ത്രിക്കുന്നത് യുകെയിലെ സര്‍വകലാശാലകളെയും സമ്പദ് വ്യവസ്ഥയെയും മൊത്തത്തില്‍ ബാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments