റിയാദ്: സൗദി അറേബ്യയില്‍ അതിര്‍ത്തി സംരക്ഷണ സേനയില്‍ ഇനി സ്ത്രീകളും. വനിതകള്‍ക്ക് അതിര്‍ത്തി സേനയില്‍ ചേരുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് നടപടി. പൊതു-സ്വകാര്യ ജോലികളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ശനിയാഴ്ച മുതല്‍ സ്ത്രീകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. മാര്‍ച്ച് 31 വരെ അപേക്ഷിക്കാന്‍ സമയമുണ്ട്.
സൗദിക്കാരായ 25നും 35നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അതിര്‍ത്തി സേനയില്‍ അവസരം ലഭിക്കുക. യോഗ്യത സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകാന്‍ പാടില്ല. നേരത്തെ സൈനിക സേവനം നടത്തിയവരാകരുത്. മറ്റേതെങ്കിലും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടവരും ആകരുത്.
സൗദിക്കാരല്ലാത്ത പുരുഷന്‍മാരെ വിവാഹം ചെയ്ത വനിതകള്‍ക്ക് അവസരമുണ്ടാകില്ല. വിവിധ തലത്തിലുള്ള പരീക്ഷക്ക് ശേഷമായിരിക്കും ജോലി ലഭിക്കുക.
സൗദിയിലെ ജോലികളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുക എന്ന നയമാണ് ഭരണകൂടം നടപ്പാക്കുന്നത്. വിഷന്‍ 2030 എന്ന പദ്ധതിയുടെ ഭാഗമായിട്ടാണിത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് പദ്ധതിക്ക് പിന്നില്‍.
Photo courtesy: arabnews