കൊച്ചി/ ദുബായ്: യുഎഇയിലെ കനത്ത മഴ കാരണം നെടുമ്പാശ്ശേരിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ യാത്ര റദ്ദാക്കി. ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങളുടെയും ഷാർജയിലേക്കും ദോഹയിലേക്കുമുള്ള ഓരോ വിമാനങ്ങളുടെയും സർവീസാണ് റദ്ദാക്കിയത്. ദുബായിലേക്കുള്ള ഫ്ലൈ ദുബായിയുടെ FZ 454, ഇൻഡിഗോയുടെ 6E 1475, എമിറേറ്റ്സിന്റെ EK 533 വിമാനങ്ങളാണ് യാത്ര റദ്ദാക്കിയത്.
മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് യാത്രക്കാർക്ക് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഷാർജയിലേക്കുള്ള എയർ അറേബ്യയുടെ G9 423 വിമാനവും ദോഹയിലേക്കുള്ള ഇൻഡിഗോ 6E 1343 വിമാനവും റദ്ദാക്കിയിട്ടുണ്ട്. മഴയുടെ സാഹചര്യം കണക്കിലെടുത്താകും പുനക്രമീകരണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അധികൃതർ അറിയിച്ചു.
ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകിട്ടു വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. 3 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു.
കനത്ത മഴയെ തുടർന്ന് യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദേശം. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് അവധിയാണ്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.