Friday, April 4, 2025

HomeWorldMiddle Eastഹജ്ജിനെ വരവേൽക്കാൻ മക്ക തയ്യാറായി: പുണ്യനഗരിയിൽ 22,000 പേരടങ്ങുന്ന സന്നദ്ധസംഘം: 24 മണിക്കൂർ പ്രവർത്തിക്കുന്ന എമര്‍ജന്‍സി...

ഹജ്ജിനെ വരവേൽക്കാൻ മക്ക തയ്യാറായി: പുണ്യനഗരിയിൽ 22,000 പേരടങ്ങുന്ന സന്നദ്ധസംഘം: 24 മണിക്കൂർ പ്രവർത്തിക്കുന്ന എമര്‍ജന്‍സി യൂണിറ്റ്

spot_img
spot_img

ജൂൺ 14 മുതൽ ആരംഭിക്കുന്ന ഹജ്ജ് സീസണിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ സൗദി അറേബ്യയിലെ മക്ക മുനിസിപ്പാലിറ്റി തുടങ്ങി.

ദശലക്ഷക്കണക്കിന് വരുന്ന തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പു വരുത്താൻ മികച്ച പദ്ധതികൾ രൂപകൽപന ചെയ്തിട്ടുണ്ടെന്നു സൗദി പ്രസ് ഏജൻസി (എസ്‌പിഎ) റിപ്പോർട്ട് ചെയ്തു.

അഡ്മിനിസ്ട്രേറ്റർമാർ, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ദ്ധർ , ശുചീകരണ തൊഴിലാളികൾ, വിവിധ മേഖലകളിൽ നിന്നുള്ള സപ്പോർട്ട് ടീമുകൾ എന്നിവരുൾപ്പെടെ 22,000 പേരോളം വരുന്ന വൻസംഘം തന്നെ സേവനസന്നദ്ധരായി രംഗത്തുണ്ട്.

നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും താൽക്കാലിക ആരോഗ്യ പ്രവർത്തകരും സഹായസന്നദ്ധരായി തീർത്ഥാടകർക്കൊപ്പം ഉണ്ടാകും. മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യുന്നതിന് ഹൈടെക് സാനിറ്റേഷൻ വാഹനങ്ങൾ കൂടാതെ നൂതന യന്ത്രങ്ങളും ഉപകരണങ്ങളും അടങ്ങുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

കൂടാതെ, പുണ്യസ്ഥലത്തുടനീളമുള്ള തീർത്ഥാടകർക്ക് ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി പതിമൂന്ന് ഉപ മുനിസിപ്പാലിറ്റികളും സേവന കേന്ദ്രങ്ങളും സജ്ജീകരിക്കും. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ 24 മണിക്കൂറും ശുചീകരണ സംവിധാനവും മുനിസിപ്പാലിറ്റി തയ്യാറാക്കിയിട്ടുണ്ട്.

മിനയിലെ മുനിസിപ്പാലിറ്റി ഹജ്ജ് സമയത്ത് മാലിന്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി 1,135 ഇലക്ട്രിക്കൽ വേസ്റ്റ് കംപ്രഷൻ ബോക്സുകളും 113 താൽക്കാലിക ഗ്രൌണ്ട് സ്റ്റോറേജ് വെയർഹൌസുകളും ഒരുക്കിയിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷയ്ക്ക് മുൻഗണന നൽകി കൊണ്ട് മാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സേവനങ്ങൾ എന്നിവ നിരീക്ഷിക്കുവാൻ പ്രത്യേക സംഘങ്ങൾ തന്നെയുണ്ട്. ഒരു പ്രധാന ലബോറട്ടറിയും മൂന്ന് മൊബൈൽ ലബോറട്ടറികളും തീർത്ഥാടകർക്കുള്ള ഭക്ഷണത്തിൻ്റെ സാമ്പിളുകൾ പരിശോധിച്ചു ഗുണനിലവാരവും സുരക്ഷയും ഉറപ്പു വരുത്തും.

തീർത്ഥാടകരുടെ താമസസ്ഥലങ്ങൾ, അവരുടെ സുരക്ഷ ക്രമീകരണങ്ങൾ , ഗ്രാൻഡ് മസ്ജിദിനു ചുറ്റുവട്ടത്തെ പെരുമാറ്റച്ചട്ടങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന കമ്മിറ്റികൾ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കും. സീസണൽ കമ്മിറ്റികൾ പ്രവർത്തനങ്ങൾ സുഗമമായി നടക്കുമെന്നത് ഉറപ്പാക്കും.

66, 000 റോഡുകൾ, തുരങ്കങ്ങൾ, പാലങ്ങൾ, വെള്ളപ്പൊക്കം നിയന്ത്രിക്കുവാനുള്ള സംവിധാനം , 114,000-ലധികം ലൈറ്റുകൾ ഉപയോഗിച്ചുള്ള ദീപക്കാഴ്ചകൾ എന്നിവയുൾപ്പെടെ മക്കയിലും പുണ്യസ്ഥലങ്ങളിലും വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ മുനിസിപ്പാലിറ്റി ഒരുക്കിയിയിട്ടുണ്ട്. ഹജ്ജ് കാലത്തുടനീളം മികച്ച സേവനസൗകര്യങ്ങൾക്കായി വിശ്രമമുറികൾ, പാർക്കുകൾ തുടങ്ങിയ സജ്ജമാക്കാനും പരിപാലിക്കുന്നതിനുമുള്ള ഉത്തരവാദിത്തം കരാറുകാരെ ഏൽപ്പിച്ചിട്ടുണ്ട്.

മുനിസിപ്പാലിറ്റി പ്രതിനിധികള്‍ക്കു പുറമെ തീപിടുത്തം, കെട്ടിട തകർന്നുള്ള അപകടം, മഴ പെയ്താൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇവയൊക്കെ കൈകാര്യം ചെയ്യുവാൻ സാങ്കേതികവിദഗ്‌ധരുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി യൂണിറ്റും സജ്ജമാണ്.

മാനവ വിഭവശേഷിയും നൂതന സാങ്കേതികവിദ്യയും ഒരുമിച്ചു ചേർത്ത് ദശലക്ഷക്കണക്കിന് വരുന്ന തീർത്ഥാടകർക്ക് സുരക്ഷിതവും സമ്പൂർണവുമായ ഒരു ഹജ്ജ് അനുഭവം നൽകുക എന്നതാണ് മക്ക മുനിസിപ്പാലിറ്റിയുടെ ലക്‌ഷ്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments