റിയാദ്: ഈ വര്‍ഷം ജൂണില്‍ ആരംഭിക്കുന്ന ഹജ്ജ് തീര്‍ത്ഥാടനത്തിനായി മേയ് 19 ഞായറാഴ്ച വരെ സൗദി അറേബ്യയില്‍ എത്തിച്ചേര്‍ന്നത് 2,67,657 തീര്‍ത്ഥാടകര്‍. കരമാര്‍ഗവും വിമാനമാര്‍ഗവും എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരുടെ എണ്ണമാണിത്.
‘‘തീര്‍ത്ഥാടകരുടെ പ്രവേശനം സുഗമമാക്കുന്നതിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും കര, തുറമുഖങ്ങളിലും ഈ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. വ്യത്യസ്ത ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള കേഡര്‍മാരായിരിക്കും ഇവ പ്രവര്‍ത്തിപ്പിക്കുക’’, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനായി ആറ് പ്രധാന വിമാനത്താവളങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഈ മാസമാദ്യം സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കിയിരുന്നു. 7,700 വിമാന സര്‍വീസുകളായിരിക്കും നടത്തപ്പെടുക. 34 ലക്ഷം തീര്‍ഥാടകര്‍ക്ക് ഇതിലൂടെ സൗദിയില്‍ എത്തിച്ചേരാന്‍ സൗകര്യമൊരുക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. ഈ വര്‍ഷം ജൂണ്‍ 14 ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹജ്ജ് ജൂണ്‍ 19ന് അവസാനിക്കും. ഈ തീയതിയില്‍ മാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്.