വാഷിങ്ടൺ: ഹാർവഡിന് ആശ്വാസമായി കോടതി വിധി. വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം വിലക്കിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്ക് സ്റ്റേ അനുവദിച്ചു. ഫെഡറൽ കോടതി ജഡ്ജ് ആലിസൺ ബറോസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിലക്ക് സർവകലാശാലയുടെ പ്രവർത്തനങ്ങളെ ഹനിക്കുമെന്ന് കോടതി നിരീക്ഷിച്ചു. കേസ് വീണ്ടും അടുത്താഴ്‌ച്ച പരിഗണിക്കും.
ഇന്ന് രാവിലെയാണ് ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം വിലക്കി ട്രംപ് ഭരണകൂടം ഉത്തരവിറക്കിയത്. നിലവിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾ വേറെ സർവ്വകലാശാലകളിലേക്ക് മാറണമെന്നും നിർദേശം നൽകിയിരുന്നു. അല്ലെങ്കിൽ അവരുടെ സ്റ്റുഡന്റ് വിസ റദ്ദ് ചെയ്യുമെന്നടക്കം അറിയിച്ചു. ഹാർവഡിൽ മൊത്തം വിദ്യാർത്ഥികളിൽ 27 ശതമാനം 140ഓളം രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഹാർവഡിലെ 6800 വിദേശ വിദ്യാർത്ഥികളെ ഈ നടപടി ബാധിക്കുന്നത്. ഗവൺമെന്റ് ആവശ്യപ്പെട്ട ഹാർവഡിലെ വിദേശ വിദ്യാർത്ഥികളുടെ പൂർണ വിവരങ്ങൾ അടുത്ത 72 മണിക്കൂറിനുള്ളിൽ കൈമാറണമെന്നും ട്രംപ് ഭരണകൂടം അറിയിച്ചു.
എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ നടപടി നിയമാനുസൃതമല്ലെന്ന് കാട്ടി ഹാർവഡ് രംഗത്തെത്തി. വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം വിലക്കിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഹാർവഡ് ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. വിലക്ക് ഉടൻ പിൻവലിക്കണമെന്നും ഹർജി നൽകി. പ്രതികാര നടപടി സർവകലാശാലയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നും ഹാർവഡ് വാദിച്ചു.
Federal Court stays Trump administrations Decision to ban foreign students in Harvard University