അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കൊടുവില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ കണ്ടെത്തി. ഈ ഡിവിആറില്‍ വിമാനത്തിലെ എല്ലാ ക്യാമറകളിലേയും ദൃശ്യങ്ങളാണ് ശേഖരിക്കപ്പെടുക.
ചിന്നിച്ചിതറിയ വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഡിവിആര്‍ കണ്ടെത്തിയത്. ഇതിലെ ദൃശ്യങ്ങള്‍ പരിശോധിക്കും. അപകടകാരണങ്ങള്‍ സംബന്ധിച്ച് സുപ്രധാനമായ വിവരങ്ങള്‍ ഇതില്‍ നിന്നും ലഭിച്ചേക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അതിനിടെ വിമാനത്തിലെ ബ്ലാക്ക് ബോക്‌സിനായുള്ള തെരച്ചില്‍ തുടരുകയാണ്. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നു എയര്‍ ഇന്ത്യ അറിയിച്ചു. വിമാന ദുരന്ത സംബന്ധിച്ച് വ്യക്തമാ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ബ്ലാക്ക് ബോക്‌സ് ലഭിക്കണം.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ഇന്നലെ ഉച്ചയോടെയാണ് തകര്‍ന്നു വീണത്.
അപകടത്തില്‍ 265 പേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരുടെ ജീവനും നഷ്ടമായി. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളില്‍ 53 ബ്രിട്ടിഷ് പൗരന്മാരും ഏഴു പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമായിരുന്നു. യാത്രക്കാരില്‍ 11 കുട്ടികളും രണ്ട കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരില്‍ രണ്ടു പൈലറ്റുമാരും 10 കാബിന്‍ ക്രൂവുമായിരുന്നു. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു
. വിമാനം ഇടിച്ചിറങ്ങിയ സ്ഥലത്തെ കോളജ് ഹോസ്റ്റല്‍ വിദ്യാര്‍ഥികളും നാട്ടുകാരും മരണപ്പെട്ടിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളു.
Ahmedabad plane crash: Digital video recorder found