വാഷിംഗ്ടൺ: കംപ്യൂട്ടറുകളെ ജനങ്ങളോടടുപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആപ്പിൾ എൻജിനീയർ ബിൽ ആറ്റ്കിൻസൺ (74) അന്തരിച്ചു. പാൻക്രിയാസിലെ അർബുദബാധയാണ് മരണകാരണം. 1980-കളിൽ മക്കിന്റോഷിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സുമായി അടുത്തു പ്രവർത്തിച്ചു.

ലിസ, മാക്കിന്റോഷ് കംപ്യൂട്ടറുകളുടെ അടിസ്ഥാന സോഫ്റ്റ്‍വേറായ ‘ക്വിക്ക് ഡ്രോ’ വികസിപ്പിച്ചത് ആറ്റ്കിൻസണാണ്. ഇതാണ് സ്‌ക്രീനിൽ ചിത്രങ്ങൾ, ടെക്‌സ്റ്റുകൾ, ചെറുരൂപങ്ങൾ, ഐക്കണുകൾ തുടങ്ങിയവയുപയോഗിച്ച് ഉപയോക്താക്കളെ ഇലക്‌ട്രോണിക് ഉപകരണങ്ങളുമായി സംവദിക്കാൻ അനുവദിക്കുന്ന ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിന് (ജിയുഐ) ജന്മം നൽകിയത്.

മൗസ് രണ്ടുതവണ ക്ലിക്ക് ചെയ്ത് ഫയലുകളും ആപ്ലിക്കേഷനുകളും തുറക്കാൻ സഹായിക്കുന്ന ‘ഡബിൾ ക്ലിക്ക്’ സംവിധാവും അവതരിപ്പിച്ചത് ആറ്റ്കിൻസണാണ്. 1984-ൽ മക്കിന്റോഷ് പുറത്തിറങ്ങുംമുൻപ് കംപ്യൂട്ടറുകളെല്ലാം ടെക്സ്റ്റ് രൂപത്തിലുള്ള സങ്കീർണങ്ങളായ കമാൻഡുകൾ അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തിച്ചിരുന്നത്.
Apple engineer Bill Atkinson passes away