ലോസ് ആഞ്ജലിസ്: ട്രംപ് സർക്കാരിന്റെ കുടിയേറ്റവിരുദ്ധ നടപടികളെ അനുകൂലിച്ച് റിപ്പബ്ലിക്കൻമാരും, എതിർത്ത് ഡെമോക്രാറ്റുകളും ചേരിപ്പോര് തുടരവെയാണ് കാലിഫോർണിയയിലെ ലോസ് ആഞ്ജലിസിൽ അനധികൃത കുടിയേറ്റക്കാരെ പിടിക്കാനുള്ള ഭരണകൂട റെയ്ഡിനെതിരേ ജനം തെരുവിലിറങ്ങിയത്. പ്രതിഷേധമടക്കാനാകാഞ്ഞത് സംസ്ഥാനം ഭരിക്കുന്ന ഡെമോക്രാറ്റിക് സർക്കാരിന്റെ പിടിപ്പുകേടെന്ന് ട്രംപും, നാഷണൽ ഗാർഡിനെ ഇറക്കി ജനങ്ങളെ ഭീതിതരാക്കുകയാണ് ഫെഡറൽ സർക്കാരെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമും ആരോപിച്ചു.
ന്യൂസമിന്റെ എതിർപ്പ് മറികടന്നാണ് ട്രംപ്, യുഎസ് സൈന്യത്തിന്റെ ഭാഗമായ നാഷണൽ ഗാർഡിനെ ലോസ് ആഞ്ജലിസിൽ ഇറക്കിയത്. അശാന്തി തുടർന്നാൽ നാവികസേനാംഗങ്ങളെ ഇറക്കുമെന്ന് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സൂചിപ്പിച്ചു.
കാലിഫോർണിയയിലെ ഡെമോക്രാറ്റിക് സർക്കാർ പ്രതിഷേധത്തിനുനേരേ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇടപെടുമെന്ന് ട്രംപ് മുന്നറിയിപ്പുനൽകിയിരുന്നു. അനധികൃതകുടിയേറ്റക്കാരായ ‘ക്രിമിനലുകളു’ടെ അധിനിവേശം തടയാനാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും കാലിഫോർണിയയിലെ ഡെമോക്രാറ്റിക് നേതാക്കൾ ജനങ്ങളുടെ സുരക്ഷയുറപ്പാക്കാതെ അനാസ്ഥ കാണിക്കുകയാണെന്നും വൈറ്റ്ഹൗസ് മാധ്യമസെക്രട്ടറി കരോലിൻ ലീവിറ്റ് ആരോപിച്ചു. നാഷണൽ ഗാർഡിനെ ഇറക്കാനുള്ള ട്രംപിന്റെ തീരുമാനം സംഘർഷം മനഃപൂർവം ആളിക്കത്തിക്കുന്നതും ജനങ്ങളെ പരിഭ്രാന്തരാക്കുന്നതുമാണെന്ന് ന്യൂസം പറഞ്ഞു. ശാന്തത കൈവെടിയരുതെന്ന് അദ്ദേഹം ജനങ്ങളോട് നിർദേശിച്ചു.
പാരമൗണ്ടിലെ ഫാഷൻ ഡിസ്ട്രിക്ടിലും ഹോം ഡിപ്പോയിലും വ്യാഴാഴ്ച വ്യാപക റെയ്ഡ് നടന്നതോടെയാണ് വെള്ളിയാഴ്ച ആളുകൾ തെരുവിലിറങ്ങിയത്. ആഭ്യന്തരസുരക്ഷാ മന്ത്രാലയത്തിന്റെ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചവർക്കുനേരേ പോലീസ് കണ്ണീർവാതകവും പുകബോംബുകളും മുളകുസ്പ്രേയും പ്രയോഗിച്ചു. പിന്നാലെ പ്രതിഷേധക്കാർ അതിർത്തിസംരക്ഷണസേനയുടെ നിരീക്ഷണവാനുകൾക്കുനേരേ കല്ലും സിമന്റുകട്ടകളുമെറിഞ്ഞു. കോംപ്ടണിൽ കാർ അഗ്നിക്കിരയാക്കി. ജയിലുൾപ്പെടെയുള്ള സർക്കാർസ്ഥാപനങ്ങൾക്കുമുന്നിലും പ്രതിഷേധമുണ്ടായി.
നിയമപാലനം തടസ്സപ്പെടുത്തിയെന്നുപറഞ്ഞ് യൂണിയൻ നേതാവുൾപ്പെടെ ഡസൻകണക്കിന് ആളുകളെ അറസ്റ്റുചെയ്തു. നിയമവിരുദ്ധ സംഘംചേരൽ പോലീസ് നിരോധിച്ചു. ലാറ്റിനോകൾ കൂടുതൽ താമസിക്കുന്ന ഇടമാണ് പാരാമൗണ്ട്.
ജനുവരിയിൽ അധികാരത്തിലെത്തിയശേഷം നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരേ കടുത്ത നടപടിയാണ് ട്രംപ് സർക്കാർ സ്വീകരിക്കുന്നത്. പ്രതിദിനം 3000 കുടിയേറ്റക്കാരെ അറസ്റ്റുചെയ്യണമെന്നതാണ് ഐസിഇയുടെ പ്രഖ്യാപിതലക്ഷ്യം.ഒരാഴ്ചയ്ക്കിടെ ലോസ് ആഞ്ജലിസിൽനിന്ന് യുഎസ് കുടിയേറ്റകാര്യവിഭാഗം അറസ്റ്റുചെയ്തത് 118 അനധികൃത കുടിയേറ്റക്കാരെയാണ്.
California governor says federal government is terrorizing people by deploying National Guard