തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗം മേധാവിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. കോവിഡ് മരണനിരക്ക് കണക്ക് മറച്ചുവെച്ചുവെന്നത് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നിയമസഭയ്ക്ക് അകത്തും പുറത്തും ഉയര്‍ത്തിയ പ്രതിപക്ഷം മെഡിക്കല്‍ കോളജ് വകുപ്പ് മേധാവി തന്നെ പരസ്യ നിലപാട് സ്വീകരിച്ചതോടെ തങ്ങള്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും ശരിയെന്ന് ഇതില്‍ കൂടുതല്‍ ആധികാരികത എന്തുവേണമെന്ന ചോദ്യമാണ് മുന്നോട്ടു വെയ്ക്കുന്നത്.
ഡോക്ടര്‍ പറഞ്ഞത് കാലങ്ങളായി പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങള്‍ളാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന നറേറ്റീവല്ല യഥാര്‍ത്ഥ ആരോഗ്യ കേരളമെന്നും ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ യു.ഡി.എഫ് ഹെല്‍ത്ത് കമ്മിഷനെ നിയോഗിക്കുമെന്നും ഹെല്‍ത്ത് കോണ്‍ക്ലേവും സംഘടിപ്പിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ന്യൂറോളി വിഭാഗം മേധാവി ഡോ. ഹാരിസ് നടത്തിയത്. നിയമസഭയിലും നിയമസഭയ്ക്ക് പുറത്തും നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കാലത്തും പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളാണ് മെഡിക്കല്‍ കേളജിലെ വകുപ്പ് മേധാവിയില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. എല്ലാ മെഡിക്കല്‍ കേളജുകളിലും ഇതു തന്നെയാണ് അവസ്ഥ. സര്‍ജറി ചെയ്താല്‍ തുന്നിക്കൂട്ടാനുള്ള നൂല് പോലും ഇല്ലാത്ത മെഡിക്കല്‍ കേളജുകള്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളുമില്ല. ഇരന്നു മടുത്തെന്നാണ് ഡോക്ടര്‍ പറഞ്ഞത്. സാധാരണക്കാരായ രോഗികള്‍ കടം വാങ്ങിയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്. രോഗി തന്നെ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി എത്തേണ്ട അവസ്ഥയാണ്. നിരവധി ശസ്ത്രക്രിയകളാണ് മുടങ്ങിയത്. ഇത് കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും അവസ്ഥയാണ്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും ആരോഗ്യ കിരണവും ഹൃദ്യവും ജെ.എസ്.എസ്.കെയും നിലച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് കോടികള്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് മരുന്നുകള്‍ കിട്ടാതായത്. മരുന്നിന്റെയും സര്‍ജിക്കല്‍ ഉപകരണങ്ങളുടെയും ക്ഷാമം സംബന്ധിച്ച ് 2025 മാര്‍ച്ചില്‍ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ചിട്ടും നിരുത്തരവാദപരമായ മറുപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. റിപ്പോര്‍ട്ട് തേടുമെന്നാണ് മന്ത്രി പറയുന്നത്. ഇതേ ആരോഗ്യമന്ത്രി തേടിയ റിപ്പോര്‍ട്ടുകള്‍ കൂട്ടിവച്ചാല്‍ നിരവധി വോള്യങ്ങള്‍ വേണ്ടിവരും. ഇത് സ്ഥിരം പരിപാടിയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
പുറത്തു പറയാന്‍ എല്ലാവര്‍ക്കും പേടിയാണ്. ആദ്യം മന്ത്രി ഡോക്ടറെ വിരട്ടാന്‍ ശ്രമിച്ചു. എല്‍.ഡി.എഫ് സഹയാത്രികനാണ് ഡോക്ടര്‍. അതേ ആളാണ് ആരോപണം ഉന്നയിച്ചത്. അല്ലാതെ ഈ പോസ്റ്റ് രാഷ്ട്രീയ പ്രേരിതമല്ല. സമ്മര്‍ദ്ദത്തെ തുടര്‍ന്നാകും ഡോക്ടര്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്. എന്നാല്‍ ഇന്നലെ പറഞ്ഞതിനേക്കാള്‍ ശക്തിയിലാണ് അദ്ദേഹം ഇന്ന് പറഞ്ഞത്. മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും ഇല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. പ്രതിപക്ഷം ഈ വിഷയങ്ങള്‍ ഉന്നയിച്ചപ്പോഴും പരിഹാസത്തോടെയുള്ള മറുപടിയാണ് മന്ത്രി നല്‍കുന്നത്. മന്ത്രിയുടെ മറുപടി തൃപ്തികരമല്ല. ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Crisis in medical colleges: Opposition says Health Department is on ventilator