ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തിനുപിന്നാലെ ബോയിങ് ഡ്രീംലൈനര്‍ 787-8, 787-9 ശ്രേണിയില്‍പെട്ട വിമാനങ്ങളുടെ സുരക്ഷാ പരിശോധന നടത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) എയര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം നല്കി. ഇന്ധനം, എഞ്ചിന്, ഹൈഡ്രോളിക് സംവിധാനം അടക്കമുള്ളവ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.കഴിഞ്ഞ 15 ദിവസത്തിനിടെ ബോയിങ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ ആവര്‍ത്തിച്ചുണ്ടായ തകരാറുകള്‍ എത്രയും വേഗം പുനഃപരിശോധിക്കണമെന്നും വേണ്ട അറ്റകുറ്റപണികള്‍ നടത്തി ഇവ പരിഹരിക്കണമെന്നും ഡി.ജി.സി.എ നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാ ബോയിങ് 787-8/9 വിമാനങ്ങളിലും അടിയന്തരമായി പരിശോധനകള്‍ പരിശോധനകള്‍ നടത്തണമെന്ന് എയര്‍ ഇന്ത്യയ്ക്ക് അയച്ച കത്തില്‍ ഡി.ജി.സി.എ വ്യക്തമാക്കുന്നു. നടത്തേണ്ട പരിശോധനകള്‍ അക്കമിട്ട് നിരത്തിയാണ് ഡി.ജി.സി.എ ഉത്തരവ്. ഫ്യുവല്‍ പാരാമീറ്റര്‍ മോണിറ്ററിങ്, അനുബന്ധ പരിശോധനകള്‍, ക്യാബിന് എയര്‍ കംപ്രസ്സര്‍ എന്നിവയുള്‍പ്പെടെ പരിശോധിക്കാന്‍ ഡി.ജി.സി.എ എയര്‍ ഇന്ത്യയോട് നിര്‍ദ്ദേശിച്ചു. ഇലക്ട്രോണിക് എഞ്ചിന് കണ്ട്രോള്-സിസ്റ്റം ടെസ്റ്റ്, എഞ്ചിന് ഫ്യുവല്‍ ഡ്രൈവണ്‍ ആക്യുവേറ്റര്‍-ഓപ്പറേഷണല്‍ ടെസ്റ്റ്, ഓയില്‍ സിസ്റ്റം പരിശോധന, ഹൈഡ്രോളിക് സിസ്റ്റത്തിന്റെ സര്‍വീസബിലിറ്റി, ടേക്ക്-ഓഫ് പാരാമീറ്ററുകളുടെ അവലോകനം എന്നിവ നടത്താനും ഡി.ജി.സി.എ നിര്‍ദേശിക്കുന്നു.
യുകെ, വടക്കേ അമേരിക്ക, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെടെ ദീര്‍ഘദൂര അന്താരാഷ്ട്ര റൂട്ടുകളില്‍ എയര്‍ ഇന്ത്യക്ക് വേണ്ടി രണ്ട് ഡസനിലധികം 787-8 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഡി.ജി.സി.എ നിര്‍ദേശങ്ങള്‍ക്ക് പിന്നില്‍.
DGCA orders enhanced safety inspection of Air India’s Boeing 787 fleet