തൊടുപുഴ: അൻപതാം വാർഷികത്തിന്റെ നിറവിൽ നിൽക്കുന്ന ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന അംഗീകാരവും.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതൽ 2025 വരെ സംരക്ഷിത വനമേഖലകളിൽ നടത്തിയ മാനേജ്‌മെന്റ് എഫക്ടീവ് എവാല്യൂവേഷന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടത്തിന് മൂന്നാർ വന്യജീവി ഡിവിഷനു കീഴിലുള്ള ഇരവികുളം തിരഞ്ഞെടുക്കപ്പെട്ടത്. വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും പേരിൽ പ്രശസ്തമായ ഇരവികുളം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
രാജ്യത്തെ 438 സംരക്ഷിത വനമേഖലകളിൽ പലഘട്ടങ്ങളിലായി വിദഗ്ധസമിതി നടത്തിയ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് 92.97 ശതമാനം സ്‌കോർ നേടി ഇരവികുളം ദേശീയോദ്യാനത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, വേൾഡ് കമ്മീഷൻ ഓൺ പ്രൊട്ടക്ടഡ് ഏരിയ എന്നിവയുടെ മൂല്യ നിർണ്ണയ ചട്ടക്കൂട് അടിസ്ഥാനമാക്കിയാണ് സ്‌കോർ നിർണയിച്ചത്. ആറു പ്രധാനസംരക്ഷണ ഘടകങ്ങളെ വിലയിരുത്തുന്നതിനായി 32 മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സ്‌കോർ നൽകിയത്.
90.63 ശതമാനം സ്‌കോറോടെ മൂന്നാർ വന്യജീവി ഡിവിഷനിലെ മതികെട്ടാൻഷോല നാഷണൽ പാർക്കും 89.84 ശതമാനം സ്‌കോറോടെ ചിന്നാർ വന്യജീവി സങ്കേതവും മികച്ച സംരക്ഷിത വനമേഖലകളായി ഇരവികുളം ദേശീയോദ്യാനത്തിന്റെ തൊട്ടു പിന്നിലായി പട്ടികയിൽ ഇടം നേടി.
പശ്ചിമ ഘട്ട മലനിരകളിൽ 97 സ്‌ക്വയർ കീലോമീറ്ററാണ് ഇരവികുളം ദേശീയോദ്യാനത്തിന്റെ വിസ്തീർണം. പുൽമേടും, ഷോലവനങ്ങളും നിറഞ്ഞ ജൈവ സമ്പന്നമായ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണ് ഈ ദേശീയോദ്യാനം. ലോകത്ത് ഏറ്റവും അധികം വരയാടുകൾ കാണപ്പെടുന്ന പ്രദേശം കൂടിയാണ് ഇവിടം.
കൂടാതെ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന അപൂർവയിനത്തിൽപ്പെടുന്ന നീലക്കുറിഞ്ഞി ഉൾപ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങളും ഇവിടെയുണ്ട്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നാഷണൽ പാർക്കുകളിൽ ഒന്നായി അറിയപ്പെടുന്ന ഇരവികുളം പ്രാദേശിക ജന വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഇക്കോടൂറിസത്തിന്റെ ഏറ്റവും മികച്ച മാതൃകയാണെന്നും മാനേജ്‌മെന്റ് എഫക്ടീവ് എവാല്യൂവേഷൻ റിപ്പോർട്ടിൽ വിലയിരുത്തിയിട്ടുണ്ട്.
കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള നിരവധി സംരക്ഷിത മേഖലകളേയും റിസർവ് ഫോറസ്റ്റുകളേയും ബന്ധിപ്പിക്കുന്ന ജൈവവൈവിധ്യമേഖലയാണ് ഈ പ്രദേശം. ഉഷ്ണമേഖല പർവത ആവാസവ്യവസ്ഥക്ക് അനുയോജ്യമായ രീതിയിൽ സസ്യജന്തു ജാലങ്ങളുടെ വിപുലമായ പട്ടിക രൂപപ്പെടുത്തി, ദേശീയോദ്യാനത്തിൽ സംരക്ഷിച്ചു വരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സംരക്ഷിത വനമേഖലയ്ക്ക് കോട്ടം താട്ടാത്ത രീതിയിൽ നന്നായി വേർതിരിക്കപ്പെട്ടതും നിയന്ത്രിതവുമായ ടൂറിസം സോൺ, ഇന്റർപ്രട്ടേഷൻ സെന്റർ, ഓർക്കിഡേറിയം, ഫേണറി, ആവാസവ്യവസ്ഥയിൽ കടന്നുകയറാതെ ജൈവവൈവിധ്യം ആസ്വദിക്കുന്നതിനുള്ള വെർച്വൽ റിയാലിറ്റി എക്‌സ്പീരിയൻസ് സെന്റർ, നേച്ചർ എജ്യുക്കേഷൻ സെന്റർ എന്നിവ ഇരവികുളത്തിന്റെ പ്രത്യേകതകളാണ്.
ഡോ. എസ്. വി കുമാർ ചെയർമാനായിട്ടുള്ള ഡോ. ജ്യോതി കശ്യപ്, ഡോ. ജി അരീന്ദ്രൻ, ഡോ. ജെ എ ജോൺസൺ എന്നിവരടങ്ങുന്ന വിദഗ്ധസംഘമാണ് മാനേജ്‌മെന്റ് എഫക്ടീവ് എവാല്യൂവേഷനായി ഇരവികുളം ദേശീയോദ്യാനത്തിൽ പരിശോധനനടത്തിയത്.
Eravikulam achieves the distinction of being the best national park in India; marks its 50th anniversary